- ഐ.എസ്.ആർ.ഒ നിർമിച്ച പുതിയ നാവിഗേഷൻ സാങ്കേതിക വിദ്യ അടുത്തു തന്നെ സ്മാർട്ട് ഫോണുകളിൽ പ്രതീക്ഷിക്കാം
സ്മാർട്ട് ഫോണുകളിൽ വ്യാപകമായി ഉപയോഗിക്കുന്ന ജി.പി.എസിനു പകരം ഇന്ത്യയുടെ സ്വന്തം നാവിഗേഷൻ വിദ്യ വരുന്നു. സമീപ ഭാവിയിൽ തന്നെ നിങ്ങൾ വാങ്ങുന്ന പുതിയ സ്മാർട്ട് ഫോണിൽ ഇന്ത്യയുടെ ഉപഗ്രഹ നാവിഗേഷൻ സംവിധാനമായ നാവിക് അഥവാ നാവിഗേഷൻ വിത്ത് ഇന്ത്യൻ കോൺസ്റ്റല്ലേഷൻ (navIC) ലഭിക്കും.
ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന (ഐ.എസ്.ആർ.ഒ) യാണ് നാവിക് വികസിപ്പിച്ചത്. അമേരിക്കയുടെ സ്വന്തമാണ് നിലവിലുള്ള ജി.പി.എസ്. ചൈനക്ക് ബെയ്ദദാ നാവിഗേഷനും റഷ്യക്ക് ഗ്ലോനാസും യൂറോപ്യൻ യൂനിയന് ഗലിലിയോയും സ്വന്തം നാവിഗേഷൻ സംവിധാനങ്ങളാണ്.
ക്വാൽകോമിൽ നിന്നുള്ള മൂന്ന് 4ജി ശേഷിയുള്ള പ്രോസസുകളിലൂടെയാണ് ഇന്ത്യയുടെ നാവിക് മൊബൈൽ ഫോണുകളിലെത്തുന്നത്.
രാജ്യത്തെ ആൻഡ്രോയിഡ് ഫോണുകളിൽ സമീപ ഭാവിയിൽ തന്നെ നാവിക് ഉപയോഗിക്കാൻ അവസരമൊരുങ്ങും.
ക്വാൽകോമിന്റെ പുതിയ സ്‌നാപ്ഡ്രാഗൺ 720ജി, 662,460 മൊബൈൽ ചിപ്പുകൾ 4ജി ശേഷിയുള്ളതും നാവിക് നാവിഗേഷൻ ഉൾക്കൊള്ളാവുന്നതുമാണ്.
ചൈനീസ് സ്മാർട്ട് ഫോണുകളായ റിയൽമിയും സിയോമിയുമാണ് ഐ.എസ്.ആർ.ഒയുടെ നാവിക് അടങ്ങുന്ന സ്‌നാപ് ഡ്രാഗൺ പ്രോസസ്‌റായ 720ജി ചിപ്പ് സെറ്റ് ഉപയോഗിക്കുന്ന ഫോണുകൾ ഉടൻ തന്നെ ഇന്ത്യയിൽ ഇറക്കുന്നത്.
ഇന്ത്യക്കു വേണ്ടി നിർമിച്ച നാവിക് ജി.പി.എസിനേക്കാൾ കൃത്യത നൽകുന്നതാണെന്ന് ഐ.എസ്.ആർ.ഒ അവകാശപ്പെടുന്നു. ജി.പി.എസിൽ എൽ ഫ്രീക്വൻസി മാത്രമാണ് ആശ്രയിക്കുന്നതെന്നും അതേസമയം നാവിക് എൽ, എസ് ഫ്രീക്വൻസികൾ ഉപയോഗിക്കുന്നതുകൊണ്ടാണ് കൂടുതൽ കൃത്യത സാധ്യമാകുന്നതെന്നും ഐ.എസ്.ആർ.ഒ പറയുന്നു.
ക്വൽകോം ചിപ്പുകളിലെ നാവിക് പോകേണ്ട ലൊക്കേഷൻ മുൻകൂട്ടി കണ്ടെത്തുമെന്നതും ഇടത്തോട്ടാണോ വലത്തോട്ടാണോ തിരിയേണ്ടതെന്ന് കൃത്യമായി പറയുമെന്നതും സവിശേഷതയാണ്.
തിരക്കേറിയ പ്രദേശങ്ങളും കെട്ടിടങ്ങളും മതിലുകളുമൊക്കെ പരിഗണിച്ചും കണക്ടിവിറ്റിയിലെ വിടവുകൾ അടക്കമുള്ള ഇന്ത്യൻ സാഹചര്യങ്ങൾ കണക്കിലെടുത്തുമാണ് നാവിക് വിദ്യക്ക് രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഐ.എസ്.ആർ.ഒ അവകാശപ്പെടുന്നു. നാവിഗേഷൻ മെച്ചപ്പെടുത്തുന്നതിന് ഇന്ത്യൻ വ്യോമസന പോർവിമാനങ്ങളിൽ നാവിക് ഉൾപ്പെടുത്തുന്നുണ്ട്. ചുരുങ്ങിയത് 30 ഇന്ത്യൻ കമ്പനികൾ കാറുകൾക്കായുള്ള നാവിക് ട്രാക്കേഴ്‌സ് നിർമിക്കുന്നുണ്ട്.