തൂത്തുക്കുടി- ബാങ്ക് അക്കൗണ്ട് തുടങ്ങാനും പുതുക്കാനുമുള്ള നോ യുവര്‍ കസ്റ്റമര്‍ (കെ.വൈ.സി) രേഖകളുടെ പട്ടികയില്‍ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) കത്ത് ഉള്‍പ്പെടുത്തിയത് തമിഴ്‌നാട്ടില്‍ തൂത്തുക്കുടിക്ക് സമീപമുള്ള ഗ്രാമാത്തിലെ ബാങ്ക് ഇടപാടുകാരെ ഭീതിയിലാക്കി. കഴിഞ്ഞ രണ്ടുമൂന്ന് ദിവസങ്ങളിലായി ബാങ്കില്‍നിന്ന് എല്ലാവരും തങ്ങളുടെ നിക്ഷേപം പിന്‍വലിച്ചു. ബാങ്ക് അധികൃതരുടെയോ സമുദായ നേതാക്കളുടെയോ ശ്രമങ്ങള്‍ക്ക് ഇടപാടുകാരെ പിടിച്ചുനിര്‍ത്താനായില്ല.
റിസര്‍വ് ബാങ്കാണ് കെ.വൈ.സി രേഖകളുടെ കൂട്ടത്തില്‍ എന്‍.പി.ആര്‍ കത്ത് കൂടി ഉള്‍പ്പെടുത്തിയത്. ഇതിനു പിന്നാലെ കായല്‍പട്ടണം ഗ്രാമത്തിലെ സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ ശാഖ ഇതു സംബന്ധിച്ച് അറിയിപ്പ് പ്രസിദ്ധീകരിക്കുകയായിരുന്നു. കെ.വൈ.സി വെരിഫിക്കേഷന് എന്‍.പി.ആര്‍ ലെറ്റര്‍ സ്വീകാര്യമായ രേഖയായിരിക്കുമെന്ന ബാങ്ക് പരസ്യത്തെ തുടര്‍ന്ന് നൂറു കണക്കിനു വരുന്ന നിക്ഷേപകര്‍ ബാങ്കിലേക്ക് കുതിച്ചെത്തി. നിക്ഷേപം പിന്‍വലിക്കാന്‍ എത്തിയവരില്‍ ഭൂരിഭാവും മുസ്ലിംകളാണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
ദിവസങ്ങളോളം ബാങ്കിനു മുന്നില്‍ ക്യൂ നില്‍ക്കേണ്ടിവന്ന നോട്ട് നിരോധം ഓര്‍മയുണ്ടെന്നാണ് തന്റെ അക്കൗണ്ടില്‍നിന്ന് 50,000 രൂപ പിന്‍വലിച്ച ഒരു സര്‍ക്കാര്‍ ജീവനക്കാരി പറഞ്ഞത്. മിക്ക സംസ്ഥാനങ്ങളിലും ഇനിയും അപ്‌ഡേറ്റ് ചെയ്തിട്ടില്ലാത്ത എന്‍.പി.ആര്‍ എന്തുകൊണ്ട് റിസര്‍വ് ബാങ്ക് കെ.വൈ.സി രേഖകളില്‍ ഉള്‍പ്പെടുത്തിയെന്ന് വിശദീകരിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് സാധിക്കുന്നില്ലെന്നും അവര്‍ പറഞ്ഞു.
മറ്റു ബ്രാഞ്ചുകളില്‍നിന്നും ഇതുപോലെ പണം പിന്‍വലിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളുണ്ടെന്ന് ഒരു ബാങ്ക് ഉദ്യോഗസ്ഥന്‍ പറഞ്ഞു. മൂന്ന് ദിവസത്തിനിടെ വന്‍തുക പിന്‍വലിക്കപ്പെട്ടതോടെ ബാങ്ക് ഉദ്യോഗസ്ഥര്‍ ഇടപാടുകാരെ ബോധ്യപ്പടുത്താന്‍ സമുദായ നേതാക്കളുടേയും ജമാഅത്ത് കമ്മിറ്റിയുടേയും സഹായം തേടി. നിക്ഷേപം പിന്‍വലിച്ച് പോയ ഉപഭോക്താക്കള്‍ ഇനി ബാങ്ക് ബ്രാഞ്ചിലേക്ക് മടങ്ങി എത്തുമോ എന്ന കാര്യത്തില്‍ ബാങ്ക് ഉദ്യോഗസ്ഥര്‍ക്ക് സംശയമാണ്.
തിങ്കളാഴ്ച വൈകിട്ട് വരെ ഒരു കോടി രൂപയാണ് പിന്‍വലിച്ചത്. ആശങ്കപ്പെടാനില്ലെന്ന് സമുദായ നേതാക്കള്‍ ഇറങ്ങി ബോധവല്‍ക്കരിച്ചതിനെ തുടര്‍ന്ന് ചൊവ്വാഴ്ച മുതല്‍ തുക പിന്‍വലിക്കുന്നത് കുറഞ്ഞിട്ടുണ്ടെന്ന് ബാങ്ക് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പല ബാങ്കുകളും എന്‍.പി.ആര്‍ ലെറ്റര്‍ കെ.വൈ.സി രേഖകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. നിലവിലില്ലാത്ത ഒരു രേഖ എന്തിനു ചേര്‍ക്കണമെന്നാണ് ബാങ്ക് ഉദ്യോഗസ്ഥരുടെ തന്നെ ചോദ്യം.