മിര്‍സാപൂര്‍- ഉത്തര്‍ പ്രദേശിലെ മിര്‍സാപൂരില്‍ സര്‍ക്കാര്‍ പ്രൈമറി സ്കൂളിലെ ക്ലാസ്മുറി ഡാന്‍സ് ബാറാക്കി ആഘോഷം. രക്ഷാബന്ധന് ദിനത്തിന്റെ ഭാഗാമായാണ് ഗ്രാമമുഖ്യന്റെ നേതൃത്വത്തില്‍ തിങ്കളാഴ്ച രാത്രി ഈ സര്‍ക്കാര്‍ വിദ്യാലത്തിലെ ക്ലാസ്മുറിയില്‍ സുന്ദരികളെ കൊണ്ടു വന്ന് നൃത്തം ചെയ്യിപ്പും മദ്യം വിളമ്പിയും ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ ദൃശ്യം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചിട്ടുണ്ട്.
രക്ഷാബന്ധന് ദിവസം സ്കൂള്‍ അവധിയായിരുന്നു. ഇതേ ദിവസം തന്നെയയിരുന്നു ഗ്രാമമുഖ്യന്റെ മകന്റെ പിറന്നാളും. സ്കൂള്‍ തുറന്ന് ക്ലാസ്മുറിയിലെ ബെഞ്ചുകള്‍ അടുക്കി വച്ച് താല്‍ക്കാലിക സ്റ്റേജ് കെട്ടിയായിരുന്നു പരിപാടി. ഭോജ്പുരി സംഗീതത്തിന്റെ അകമ്പടിയില്‍ സുന്ദരികളുടെ ഡാന്‍സും ആസ്വാദകരുടെ പണം വാരിയേറുമൊക്കെ ഒപ്പിയെടുത്ത വീഡിയോ വൈറലായതോടെയാണ് അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ കുട്ടികള്‍ ക്ലാസിലെത്തിയപ്പോള്‍ കാലിയായ മദ്യക്കുപ്പികളും മറ്റു അവശിഷ്ടങ്ങളും കണ്ട് അന്തം വിടുകയായിരുന്നു. അധ്യാപകരും കുട്ടികളും ഇതൊക്കെ വൃത്തിയാക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്തു. ശനിയാഴ്ച ക്ലാസിനു ശേഷം ഗ്രാമ മുഖ്യന് സ്കൂളിലെ താക്കോല്‍ തന്റെ പക്കല്‍ നിന്നും വാങ്ങുകയായിരുന്നെന്ന് പ്രധാനധ്യാപകന് പറഞ്ഞു. എന്തിനാണെന്ന് അദ്ദേഹം പറഞ്ഞിരുന്നില്ലെന്നും പ്രധാനധ്യാപകന് പറയുന്നു. സംഭവത്തില്‍ പ്രധാനധ്യാപകനും മറ്റു അധ്യാപകര്‍ക്കും പങ്കില്ലെന്നും വിശദമായ അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു.