ന്യൂദൽഹി- പൗരത്വഭേദഗതി നിയമം സംബന്ധിച്ച് മുസ്ലിം ലീഗ് അടക്കമുള്ള കക്ഷികൾ നൽകിയ ഹരജിയിൽ സുപ്രീം കോടതി സ്വീകരിച്ച നിലപാട് പ്രതീക്ഷ നൽകുന്നതാണെന്ന് പാർട്ടി ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. കേസിന്റെ നടപടി ക്രമങ്ങൾക്കായി സുപ്രീം കോടതിയിൽ എത്തിയ കുഞ്ഞാലിക്കുട്ടി മാധ്യമപ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു. സ്റ്റേ എന്ന ആവശ്യം ലീഗിന് വേണ്ടി ഹാജരായ കപിൽ സിബൽ ഉന്നയിച്ചിട്ടില്ലെന്നും ഭരണഘടന ബെഞ്ചിന് വിടണമെന്ന ആവശ്യം സുപ്രീം കോടതി അനുഭാവപൂർവ്വം പരിഗണിക്കുന്നുണ്ടെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ആറാഴ്ചത്തെ സമയം കേന്ദ്രം ആവശ്യപ്പെട്ടെങ്കിലും നാല് ആഴ്ച മാത്രമാണ് സുപ്രീം കോടതി നൽകിയത്. കേന്ദ്രത്തിന്റെ മറുപടി കൂടി ലഭിച്ച ശേഷം ഇക്കാര്യം വിശാലമായ ബെഞ്ചിന് വിടുമെന്നാണ് കരുതുന്നത്. എൻ.ആർ.സി വിഷയത്തിൽ മന്ത്രിമാർ അടക്കമുള്ളവർ നടത്തുന്ന പരസ്പര വിരുദ്ധ പ്രസ്താവനകൾ നിയന്ത്രിക്കണമെന്ന ലീഗിന്റെ ആവശ്യത്തിൽ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസ് അയച്ചതും പ്രതീക്ഷ ജനിപ്പിക്കുന്നതാണെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
സുപ്രീം കോടതിയുടെ നിലപാടിനെ സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും വ്യക്തമാക്കി. സാധാരണ പാർലമെന്റ് പാസാക്കിയ നിയമത്തെ അതുപോലെ അംഗീകരിച്ച നിരവധി വിധികളുണ്ടായിട്ടുണ്ട്. ഇക്കാര്യത്തിൽ എല്ലാ വശവും പരിശോധിക്കാനുള്ള സുപ്രീം കോടതി തീരുമാനം ഏറെ പ്രതീക്ഷ നൽകുന്നതാണെന്നും രമേശ് ചെന്നിത്തലയും പറഞ്ഞു.