Sorry, you need to enable JavaScript to visit this website.

മംഗളൂരു വിമാനത്താവളത്തിലെ ബോംബ്:  അന്വേഷണം പുരോഗമിക്കുന്നു

മംഗളൂരു- മംഗളൂരു വിമാനത്താവളത്തിൽ ഉപേക്ഷിക്കപ്പെട്ട ബാഗിനുള്ളിൽ സ്ഫോടക വസ്തുക്കൾ വെച്ചയാൾ തുളു ഭാഷയിലാണ് സംസാരിച്ചതെന്ന് യാത്ര ചെയ്ത ഓട്ടോറിക്ഷ ഡ്രൈവറുടെ മൊഴി. സി സി ടി വി ദൃശ്യങ്ങളിൽ നിന്നും ഓട്ടോയിൽ കയറി പോകുന്നത് കണ്ടെത്തിയതിനെ തുടർന്ന് ഡ്രൈവറോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. അതുപ്രകാരം ബജ്പെ പൊലീസ് സ്റ്റേഷനിൽ ഹാജരായാണ് ഓട്ടോഡ്രൈവർ ബോംബ് വെച്ചയാളെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇന്നലെ കൈമാറിയത്. 


കെഞ്ചാർ എന്ന സ്ഥലത്തുനിന്നാണ് മധ്യവയസ്‌കനായ ആൾ ഓട്ടോയിൽ കയറിയത്. സ്വകാര്യ ബസിലാണ് ബാഗുമായി ഇയാൾ വന്നിറങ്ങിയത്. കൈയിൽ രണ്ട് ബാഗുകൾ ഉണ്ടായിരുന്നു. സ്ഥലത്തെ സലൂണിന് സമീപം ബാഗ് വെച്ചാണ് ഓട്ടോ വിളിച്ചത്. രാവിലെ 8.50 ന് ബജ്പെ വിമാനത്താവളത്തിൽ എത്തി അൽപം കഴിഞ്ഞപ്പോൾ ഇയാൾ മടങ്ങിവന്നുവെന്നും ഓട്ടോ ഡ്രൈവർ പറഞ്ഞു. സൗമ്യമായാണ് ഇയാൾ സംസാരിച്ചത്. തുളു ഭാഷയിലാണ് സംസാരം മുഴുവൻ. പിന്നീട് ഇയാളെ മംഗളുരു പമ്പ് വെല്ലിൽ ഇറക്കുകയും വാടകയായി 400 രൂപ നൽകിയതായും ഓട്ടോ ഡ്രൈവർ പോലീസിനോട് വെളിപ്പെടുത്തി. അതേസമയം ഇയാളുടെ കൈയിൽ ഉണ്ടായിരുന്നുവെന്ന് ഓട്ടോഡ്രൈവർ പറഞ്ഞ രണ്ടു ബാഗുകളിൽ ഒന്ന് ആണ് വിമാനത്താവളത്തിൽ നിന്നും ബോംബുമായി കണ്ടെത്തിയത്. മറ്റേ ബാഗ് എവിടെ പോയി എന്നത് സംബന്ധിച്ച് ദുരൂഹത നിലനിൽക്കുകയാണ്. ഡ്രൈവറുടെ മൊഴി പ്രകാരം രണ്ടാമത്തെ ബാഗ് കണ്ടെത്താൻ പൊലീസ് അന്വേഷണം നടത്തുകയാണ്. 


സി സി ടി വി ദൃശ്യങ്ങളിൽ ഇയാൾ നടന്നുപോകുന്നത് കാണുന്നുണ്ട്. എന്നാൽ ഇയാളുടെ കൈയിൽ ബാഗ് കാണാനുണ്ടായിരുന്നില്ല.  അതിനിടെ ബോംബ് കണ്ടെത്തിയ സംഭവത്തിൽ പോലീസ് മൂന്ന് സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്. സി ഐ എസ് എഫിന്റെ പരാതിയിലാണ് ബജ്പെ പൊലീസ് കേസെടുത്തത്. വിമാനത്താവളത്തിൽ ലാപ്‌ടോപ്പ് ബാഗിൽ സ്ഫോടക വസ്തു ഉപേക്ഷിച്ചു കടന്നുകളഞ്ഞ ആളുടെ സി സി ടി വി ദൃശ്യങ്ങൾ പൊലീസ് പുറത്തുവിട്ടിരുന്നു. 


കറുത്ത പാന്റും വെള്ള സ്ട്രിപ്പ് ഷർട്ടും ധരിച്ചു തൊപ്പി വെച്ചയാളുടെ ചിത്രമാണ് പുറത്തുവിട്ടത്. ഇന്നലെ രാവിലെ 8.45 മണിക്ക് ഓട്ടോറിക്ഷയിൽ എത്തി ബാഗ് വെച്ച ശേഷം അതെ ഓട്ടോറിക്ഷയിൽ കയറി പോകുന്നത് ദൃശ്യത്തിലുണ്ട്. സ്വയം പൊട്ടിത്തെറിക്കാത്ത എന്നാൽ, പരിശീലനം ലഭിച്ചയാൾക്ക് പൊട്ടിക്കാൻ കഴിയുന്ന തരത്തിലുള്ള സ്ഫോടക വസ്തുവാണ് ഇന്നലെ ബാഗിനുള്ളിൽ നിന്ന് കണ്ടെത്തിയത്. ഇത് ഇന്നലെ വൈകീട്ട് അഞ്ചരയോടെ അധികൃതർ നിർവ്വീര്യമാക്കി. കെഞ്ചാറിലെ  ആളൊഴിഞ്ഞ മൈതാനിയിൽ എത്തിച്ചാണ് വിദഗ്ധ സംഘം നിർവ്വീര്യമാക്കിയത്. 
ഗ്രൗണ്ടിന്റെ നടുവിൽ മണൽ നിറച്ച ചാക്കുകൾ അട്ടിയിട്ട ശേഷം പ്രത്യേക ഉപകരണം ഉപയോഗിച്ച് ബോംബ് അതിൽ നിക്ഷേപിച്ചു റിമോട്ട് കൺട്രോൾ കൊണ്ട് പൊട്ടിച്ചു കളയുകയായിരുന്നു.

ഉഗ്രശബ്ദമുള്ള സ്‌ഫോടനത്തോടെയാണ് ബോംബ് പൊട്ടിത്തെറിച്ചത്. വിമാനത്താവളത്തിന്റെ കെഞ്ചാറിലെ ടെർമിനലിൽ യാത്രക്കാരെ സഹായിക്കാനായി പ്രവർത്തിക്കുന്ന എയർപോർട്ട് ടെർമിനൽ മാനേജർ (എടിഎം) കൗണ്ടറിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ബാഗിൽ നിന്നാണ് ബോംബ് കണ്ടെത്തിയത്. അതേദിവസം വൈകുന്നേരം മംഗളുരു -ഹൈദരാബാദ് ഇൻഡിഗോ എയർലൈൻസ് വിമാനം പുറപ്പെടുന്നതിന് തൊട്ടുമുമ്പും ബോംബ് ഭീഷണിയുണ്ടായി. വിമാനത്തിൽ ബോംബ് വെച്ചതായാണ് ഫോൺ സന്ദേശം ലഭിച്ചത്. എയർ ട്രാഫിക് കൺട്രോൾ ഓഫീസിൽ ആണ് അജ്ഞാത ഫോൺ സന്ദേശം കിട്ടിയത്. ഉടൻ തന്നെ വിമാനത്താവളം മുഴുവൻ അരിച്ചു പെറുക്കി. 


വിമാനത്തിലെ യാത്രക്കാരെ മുഴുവൻ പുറത്ത് ഇറക്കി വിമാനത്തിനുള്ളിലും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. സംഭവത്തിന് ശേഷം സ്ഥിതി ഗതികൾ നിയന്ത്രണ വിധേയമാണെന്നും പരിശോധന കൂടുതൽ  ശക്തമാക്കാൻ പൊലീസിനു നിർദ്ദേശം നൽകിയതായും മംഗളുരു പൊലീസ് കമ്മീഷണർ പി എസ് ഹർഷ പറഞ്ഞു.

Latest News