ഫെഡറൽ ബാങ്ക് എക്‌സിക്യൂട്ടീവ് ഡയറക്ടറായി ശാലിനി വാര്യരെ നിയമിച്ചു. റിസർവ് ബാങ്കിന്റെ അനുമതിയോടെയാണ് നിയമനം. 2015 നവംബർ 2 മുതൽ ബാങ്കിന്റെ ചീഫ് ഓപറേറ്റിംഗ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരുന്ന ശാലിനി വാര്യർ 2019 മെയ് 1 മുതൽ ബാങ്കിന്റെ റീട്ടെയിൽ ബാങ്കിംഗ് ബിസിനസ് മേധാവി സ്ഥാനവും വഹിക്കുന്നുണ്ട്.
ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടൻറ്‌സ് ഓഫ് ഇന്ത്യയിലെ അംഗമായ ശാലിനി വാരിയർ 1989 ലെ ഒന്നാം റാങ്ക് ജേതാവ് കൂടിയാണ്. ഇന്ത്യൻ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് ബാങ്കേഴ്‌സിന്റെ സർട്ടിഫൈഡ് അസോസിയേറ്റുമാണ്. 25 വർഷത്തിലധികം ബാങ്കിംഗ് മേഖലയിൽ പരിചയ സമ്പത്തുള്ള ശാലിനി വാര്യർ ഇന്ത്യ, ബ്രൂണൈ, ഇന്തോനേഷ്യ, സിംഗപ്പൂർ, യുനൈറ്റഡ് അറബ് എമിറേറ്റ്‌സ് എന്നിവിടങ്ങളിൽ സ്റ്റാൻഡേർഡ് ചാർട്ടേഡ് ബാങ്കിന് വേണ്ടി വിവിധ വിഭാഗങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.
ബ്രാഞ്ച് ബാങ്കിംഗ്, പ്രോസസ് മാനേജ്‌മെൻറ്, സർവീസ് ക്വാളിറ്റി, ക്ലിയൻറ് എക്‌സ്പീരിയൻസ്, പ്രോജക്ട് മാനേജ്‌മെൻറ്, ഓപറേഷൻസ്, ടെക്‌നോളജി, ക്ലയൻറ് ഡ്യൂ ഡിലിജനസ്, ആന്റി മണി ലോണ്ടറിംഗ് എന്നീ മേഖലകളിൽ പ്രത്യേക പരിചയവും ഉണ്ട്. ഓട്ടോമേഷനിലൂടെയും ഡിജിറ്റലൈസേഷനിലൂടെയും ഫെഡറൽ ബാങ്കിന്റെ പ്രവർത്തന മികവും ഉപഭോക്തൃ സേവനവും വർധിപ്പിക്കുന്നതിൽ സുപ്രധാന പങ്ക് വഹിച്ചു വരികയാണ് ശാലിനി വാര്യർ.