Sorry, you need to enable JavaScript to visit this website.

കുരുമുളക്  വില ഇടിഞ്ഞു;  റബർ വില കൂടി

വിദേശ കുരുമുളക് ഉത്തരേന്ത്യയിൽ ലഭ്യമായതോടെ അന്തർ സംസ്ഥാന ഇടപാടുകാർ ദക്ഷിണേന്ത്യയിൽ നിന്ന് അകന്നു. ഇത് വിലയിടിവിനിടയാക്കി. വിളവെടുപ്പ് ആരംഭിച്ചിരിക്കേ  വില ഇടിയുന്നത് കർഷകരെ പ്രതിസന്ധിയിലാക്കും. വിദേശത്ത് നിന്നുള്ള വില കുറഞ്ഞ കുരുമുളക് അയൽ രാജ്യങ്ങളിൽ നിന്ന് വടക്കെ ഇന്ത്യയിൽ കളളക്കടത്തായി എത്തുന്നുണ്ട്. സീസൺ ആരംഭത്തിൽ  കാർഷിക മേഖലയെ പ്രതിസന്ധിലാക്കുകയെന്ന  ലക്ഷ്യത്തോടെയാണ് വിദേശ മുളക് ഇറക്കുമതി. നേപ്പാളിലെ ആവശ്യത്തിനുള്ള ഇറക്കുമതിയെന്ന പേരിൽ എത്തുന്ന കുരുമുളകാണ് ആഭ്യന്തര മാർക്കറ്റിൽ വിറ്റഴിക്കുന്നത്.   


വർഷാരംഭമായതിനാൽ പ്രതിമാസം 6000-7000 ടൺ കുരുമുളകിന് ഡിമാന്റ് ഉളളതിനാൽ നാടൻ മുളക് വില ഉയരേണ്ടതാണ്. എന്നാൽ കള്ളക്കടത്ത് ചരക്ക് കുറഞ്ഞ വിലയ്ക്ക് ഉത്തരേന്ത്യയിൽ ലഭ്യമായതിനാൽ കേരളത്തിൽ നിന്നും കർണാടയത്തിൽ നിന്നും ചരക്ക് എടുക്കാൻ അവർ താൽപര്യം കാണിച്ചില്ല. ശ്രീലങ്കയിൽ നിന്നുള്ള മുളക് വരവ് ഡിസംബറിൽ 79 ടണ്ണിൽ ഒതുങ്ങി. നവംബറിൽ എത്തിയത് 250 ടണ്ണായിരുന്നു. കൊച്ചിയിൽ അൺ ഗാർബിൾഡ് 32,800 രൂപയിൽ നിന്ന് 32,100 ലേയ്ക്ക് ഇടിഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ വില ടണ്ണിന് 5000 ഡോളർ. തമിഴ്‌നാട് പൊങ്കൽ ആഘോഷങ്ങളിൽ ശ്രദ്ധ തിരിച്ചതിനാൽ ഏലക്ക ലേലത്തിൽ നിന്ന് വലിയൊരു വിഭാഗം ഇടപാടുകാർ വിട്ടുനിന്നു. വിൽപനക്കാരും വാങ്ങലുകാരും ഒരുപോലെ അകന്നത് ഉൽപന്നത്തിന്റെ വിലക്കയറ്റത്തെ ബാധിച്ചു. കയറ്റുമതിക്കാർ ഏലക്ക ശേഖരിക്കാൻ ഉത്സാഹിച്ചെങ്കിലും വില കിലോ 4000-4400 രൂപ റേഞ്ചിൽ നീങ്ങി. 


അറബ് രാജ്യങ്ങളിലേയ്ക്കുള്ള ഷിപ്പ്‌മെന്റ് മുന്നിൽ കണ്ട് ജാതിക്ക ശേഖരിക്കാൻ കയറ്റുമതിക്കാർ ഉത്സാഹിച്ചു. ഔഷധ വ്യവസായികളും കറിമസാല നിർമാതാക്കളും വാങ്ങലുകാരായി വിപണിയിലുണ്ട്. ലഭ്യത ചുരുങ്ങിയതിനാൽ നിരക്ക് ഉയർത്തിയാണ് അവർ ജാതിക്ക ശേഖരിച്ചത്. മധ്യകേരളത്തിലെ വിപണികളിൽ കുറഞ്ഞ അളവിലാണ് ചരക്ക് എത്തുന്നത്. കാലാവസ്ഥാ വ്യതിയാനങ്ങൾ മൂലം ഇക്കുറി ഉൽപാദനം ചുരുങ്ങി. ജാതിക്ക തൊണ്ടൻ കിലോ 200-240,  ജാതിപരിപ്പ് 400-440, ജാതിപത്രി 1000-1100 രൂപ.           


റബർ വില കുതിച്ചു കയറി. ടാപ്പിങ് സീസൺ അവസാനിക്കും മുമ്പേ പരമാവധി റബർ ഷീറ്റ് ശേഖരിക്കാനുള്ള ശ്രമത്തിലാണ് വ്യവസായികൾ. ടയർ ലോബി വാരാരംഭം മുതൽ മുഖ്യ വിപണികൾ കേന്ദ്രീകരിച്ച് ചരക്കിനായി പരക്കം പറഞ്ഞങ്കിലും വിൽപനക്കാരുടെ അഭാവം വ്യവസായികളെ അസ്വസ്ഥരാക്കി. നാലാം ഗ്രേഡ് റബർ വില 13,300 ൽ നിന്ന് 13,900 വരെ ഉയർന്നങ്കിലും വാരാന്ത്യം 13,700 ലാണ്. വിദേശത്ത് നിന്ന് വേണ്ടത്ര പിൻതുണ ലഭിക്കാഞ്ഞതും വാരാന്ത്യം തളർച്ചയ്ക്ക് ഇടയാക്കി. ടോക്കോമിൽ റബർ മെയ് അവധി 200 യെന്നിലെ തടസ്സം മറികടന്ന് 204 യെൻ വരെ ഉയർന്നങ്കിലും വ്യാപാരാന്ത്യം ഇതിന് മുകളിൽ ഇടം കണ്ടത്താനായില്ല.  ആഭരണ വിപണികളിൽ സ്വർണം ചരിത്ര നേട്ടങ്ങൾക്ക് ശേഷം അൽപം ചാഞ്ചാടി. 29,720 രൂപയിൽ വിൽപനയ്ക്ക് തുടക്കം കുറിച്ച പവൻ 29,640 ലേയ്ക്ക് താഴ്ന്ന ശേഷം ശനിയാഴ്ച 29,760 രൂപയിലാണ്, ഗ്രാമിന് വില 3720 രൂപ. മാസാരംഭത്തിൽ പവൻ 30,400 രൂപ വരെ ഉയർന്നിരുന്നു. ന്യൂയോർക്കിൽ ട്രോയ് ഔൺസിന് 1556 ഡോളർ. 


 

Latest News