ന്യൂദൽഹി- ഇന്ത്യയിലെ 70 ശതമാനം ജനങ്ങളുടെ ആകെ സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം വരുന്ന ശത കോടീശ്വരുടെ സ്വത്തെന്ന് റിപ്പോർട്ട്. 95.3 കോടി ജനങ്ങളുടെ സമ്പത്തിന്റെ നാലിരട്ടിയാണ് ഒരു ശതമാനം ആളുകൾ കൈയടക്കി വെച്ചിരിക്കുന്നതെന്ന് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യയിലെ 63 ശതകോടീശ്വരന്മാരുടെ ആകെ സമ്പത്ത് കേന്ദ്ര സർക്കാരിന്റെ വാർഷിക ബജറ്റിനെക്കാൾ കൂടുതലാണ് എന്നാണ് റിപ്പോർട്ട് വിശദമാക്കുന്നത്. 24,42,200 കോടി രൂപയുടെതായിരുന്നു 201819 ലെ വാർഷിക ബജറ്റ്.ദാവോസിൽ ലോക ഇക്കണോമിക് ഫോറത്തിന്റെ 50ാം വാർഷിക സമ്മേളനം നടക്കുന്നതിന് മുന്നോടിയായാണ് റിപ്പോർട്ട് പുറത്തുവിട്ടത്. 'ടൈം ടു ടേക്ക് കെയർ' എന്ന് പേരിട്ടിരിക്കുന്ന പഠന റിപ്പോർട്ട് പ്രകാരം ലോകത്തെ 2153 ശതകോടീശ്വരന്മാരുടെ സമ്പത്ത് 4.6 ബില്ല്യൺ ജനങ്ങളുടെ ആകെ സമ്പത്തിനെക്കാൾ കുടുതലാണ്. അതായത് ലോകത്തെ 60 ശതമാനം ജനങ്ങളുടെ സമ്പത്തിനെക്കാൾ കൂടുതലാണ് 2153 ശതകോടിശ്വരന്മാരുടെ സമ്പത്ത് എന്നാണ് റിപ്പോർട്ടിലുള്ളത്.
സ്ത്രീകൾ സാമ്പത്തികാവസ്ഥയിൽ ഏറെ പിന്നിലാണെന്നും ഈ റിപ്പോർട്ട് സൂചിപ്പിക്കുന്നു. ഒരു വർഷം ഒരു സാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനി സി.ഇ.ഒയുടെ വരുമാനം ഉണ്ടാക്കണമെങ്കിൽ വീട്ടുജോലി ചെയ്യുന്ന ഒരു സ്ത്രീക്ക് 22,277 വർഷം പണിയെടുക്കേണ്ടി വരും. വീട്ടുജോലിക്കാരിയായ ഒരു സ്ത്രീ ഒരു വർഷം ഉണ്ടാക്കുന്ന പണം സമ്പാദിക്കാൻ ഒരു സിഇഒയ്ക്ക് 106 സെക്കന്റ് മതി. ഇന്ത്യയിൽ സ്ത്രീകളും പെൺകുട്ടികളും 326 ലക്ഷം മണിക്കൂർ വേതനമില്ലാതെ ജോലി ചെയ്യുന്നുണ്ടെന്നും ഇത് 19 ലക്ഷം കോടി രൂപയ്ക്ക് തുല്യമാണെന്നും റിപ്പോർട്ട് കണ്ടെത്തുന്നു. വിദ്യാഭ്യാസത്തിന് നീക്കി വെയ്ക്കുന്ന തുകയുടെ 20 ഇരട്ടിയാണിത്.
ഇന്ത്യയിൽ പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള അസമത്വം കുറയ്ക്കുന്നതിന് ബോധപൂർവമായി ഇടപെടലുകൾ നയപരമായി വേണമെന്ന് ഓക്സ്ഫാം ഇന്ത്യ സിഇഒ അമിതാബ് ബെഹർ വ്യക്തമാക്കി. ഇന്നത്തെ സാമ്പത്തിക ക്രമത്തിൽ ഏറ്റവും കൂടുതൽ ഇരകളാക്കപ്പെടുന്നത് കുട്ടികളും സ്ത്രീകളുമാണെന്നും അദ്ദേഹം പറഞ്ഞു. കൂലി നൽകാതെ ചെയ്യുന്ന സ്ത്രീകളുടെ പ്രവർത്തിയാണ് സമ്പദ് വ്യവസ്ഥയുടെ പ്രധാന ചാലക ശക്തി. ശതകോടീശ്വരെ നികുതി കാര്യമായി ചുമത്താതെ സംരക്ഷിക്കുകയാണ് ഇപ്പോഴത്തെ സാമ്പത്തിക ക്രമം ചെയ്യുന്നതെന്ന് ഓക്സ്ഫാം റിപ്പോർട്ട് വിമർശിക്കുന്നു.