Sorry, you need to enable JavaScript to visit this website.

പൗരത്വ നിയമ ഭേദഗതി: മംഗളൂരുവില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ ആക്രമണം

മംഗളൂരു- പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ ഉപയോഗിച്ച വാഹനങ്ങളും കസേരകളും കത്തിച്ച സംഭവത്തിനു പിറകെ കടയും തീ വെച്ച് നശിപ്പിച്ചതോടെ മംഗളൂരുവിലും പരിസരങ്ങളിലും സംഘര്‍ഷാവസ്ഥ ഉടലെടുത്തു. മംഗളൂരു ദേര്‍ളക്കട്ടയില്‍ മഞ്ചേശ്വരം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള സ്‌പെയര്‍ പാര്‍ട്‌സ് കട തീ വെച്ച് നശിപ്പിച്ചു. മഞ്ചേശ്വരത്തെ സുരേഷിന്റെ ഉടമസ്ഥതയില്‍ ദേര്‍ളക്കട്ട ജംഗ്ക്ഷനില്‍ പ്രവര്‍ത്തിക്കുന്ന ഭാരത് ഓട്ടോ മൊബൈല്‍സ് എന്ന കടയാണ് അഗ്‌നിക്കിരയാക്കിയത്. വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സംഭവം. കടയുടെ വാതില്‍ തകര്‍ത്ത ശേഷം പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. സ്‌പെയര്‍ പാര്‍ട്‌സുകളും ഫര്‍ണിച്ചറുകളും പൂര്‍ണമായി കത്തിനശിച്ചു. മുകളിലെ താമസക്കാര്‍ തീ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് വിവരം ഫയര്‍ഫോഴ്‌സിനെ അറിയിച്ചിരുന്നു. അഗ്‌നി രക്ഷാസേനയെത്തിയാണ് തീയണച്ചത്. ഏഴ് ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു. ബൈക്കിലെത്തിയ രണ്ട് പേര്‍ കടക്ക് സമീപത്തുനിന്ന് കടന്നു കളയുന്നത് സി.സി.ടി.വിയില്‍ പതിഞ്ഞിട്ടുണ്ട്. സുരേഷിന്റെ പരാതിയില്‍ കേസെടുത്ത കൊണാജെ പോലീസ് രണ്ടംഗ സംഘത്തെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. ഏതാനും ദിവസം മുമ്പ് സുരേഷിന്റെ സ്‌പെയര്‍ പാര്‍ട്‌സ് കടക്ക് സമീപത്ത് പൗരത്വ നിയമത്തിനെതിരായ പ്രതിഷേധ സമരത്തില്‍ ഉപയോഗിച്ച കസേരകളും ലോറിയും അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചിരുന്നു. കട കത്തിച്ച സംഭവത്തിന് ഇതുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്. നഗരത്തില്‍ പോലീസ് സുരക്ഷ കര്‍ശനമാക്കിയിട്ടുണ്ട്.

 

 

Latest News