ഫിജി ദ്വീപിലെ വിദ്യാഭ്യാസ മന്ത്രി റോസി സോഫിയാ അക്ബറുമായി നടത്തിയ കൂടിക്കാഴ്ച
ഒരു നേരമെങ്കിലും വയറ് നിറയെ ഭക്ഷണം. അതായിരുന്നു ആ കുട്ടിയുടെ സ്വപ്നം. ബാല്യകൗമാരങ്ങൾ അത്രയും ക്ലേശപൂർണം. അയൽപക്കങ്ങളിൽ നിന്ന് ശേഖരിച്ച പഴങ്ങളും പച്ചക്കറികളും തലച്ചുമടായി കൊണ്ടുനടന്ന് വിറ്റ് പാഠപുസ്തകങ്ങൾ വാങ്ങി പഠനം പൂർത്തിയാക്കി. ഇഛാശക്തി കൊണ്ട് ഇല്ലായ്മകളുടെ മുൾപാതകൾ മുറിച്ച് കടന്നു. ദാരിദ്ര്യത്തിനെതിരായ പോരാട്ടം -അതായിരുന്നു അവരുടെ രാഷ്ട്രീയം. ഏറെ വൈകാതെ, 'ഫസ്റ്റ് ഫിജി പാർട്ടി'യുടെ സാരഥ്യത്തിലെത്തി ആ കൊച്ചുരാജ്യത്തിന്റെ ഭരണകർത്താക്കളിലൊരായി ഉയർന്നു. ഇന്ത്യയിൽ കുടുംബ വേരുകളുള്ള റോസി സോഫിയാ അക്ബറുടെ ജീവിതം ആവേശകരമാണ്. ഫിജിയിലെ വിദ്യാഭ്യാസ മന്ത്രിയാണ് അവരിപ്പോൾ. ഇക്കഴിഞ്ഞ ഡിസംബറിൽ അബുദാബി ഫെയർമോണ്ട് ഹോട്ടലിൽ നടത്തിയ കൂടിക്കാഴ്ചയിൽ റോസി സോഫിയ തന്റെ ജീവിതം പറഞ്ഞു.
വയനാട് ജില്ലയിലെ അത്രയും ജനസംഖ്യ മാത്രമുള്ള ഏതാണ്ട് ഒമ്പത് ലക്ഷം- ഫിജി ദ്വീപിലെ വിദ്യാഭ്യാസ മന്ത്രി റോസി സോഫിയാ അക്ബറുടെ കുടുംബം വർഷങ്ങൾക്ക് മുമ്പ് വടക്കെ ഇന്ത്യയിൽ നിന്ന് കുടിയേറി ദക്ഷിണ പസിഫിക്കിലെ ന്യൂസിലാന്റിനടുത്ത മനോഹരമായ ദ്വീപിൽ സ്ഥിരവാസമാക്കിയവരാണ്. വേൾഡ് മുസ്‌ലിം കമ്യൂണിറ്റീസ് കൗൺസിലിന്റെ അബുദാബിയിൽ നടന്ന പ്രഥമ അന്താരാഷ്ട്ര യൂത്ത് ഫോറത്തിൽ അതിഥിയായി സംസാരിക്കാനെത്തിയതായിരുന്നു അവർ. റോസി സോഫിയയുടെ ഉജ്വല പ്രഭാഷണം സമ്മേളന പ്രതിനിധികളിലൊരാളായ എന്റെയും മനസ്സിലേക്ക് ഇടിമുഴക്കം പോലെ വന്ന് വീണു. മുസ്‌ലിംകൾ ന്യൂനപക്ഷമായ 147 രാജ്യങ്ങളിൽ നിന്നുള്ളവരുടെ പ്രാതിനിധ്യമുണ്ടായിരുന്ന സമ്മേളന സദസ്സിനെ മുഴുവൻ അവർ കൈയിലെടുത്തത്, ഏഷ്യാ പസിഫിക്ക് രാജ്യങ്ങളിലെ മുസ്‌ലിംകൾ നേരിടുന്ന ഭീതിദമായ പ്രശ്‌നങ്ങളുടെ അവസ്ഥാന്തരങ്ങൾ അവതരിപ്പിച്ചു കൊണ്ടായിരുന്നു. രണ്ടാം ദിവസം ഹോട്ടൽ ലോബിയിലിരുന്ന് അവരുമായി സംസാരിക്കേ, തീർത്തും അനൗപചാരികമായ അഭിമുഖമായി മാറി അത്. ഹിന്ദിയിലായിരുന്നു സംഭാഷണം.
ഇരുപത്തൊന്ന് മണിക്കൂർ വിമാനത്തിലിരിക്കണം ഫിജിയിൽ നിന്ന് അബുദാബിയിലെത്താൻ. തലസ്ഥാനമായ സുവയിൽ നിന്ന് സിഡ്‌നി വഴിയോ, സിംഗപ്പൂർ വഴിയോ വേണം അന്താരാഷ്ട്ര ഡെസ്റ്റിനേഷനുകളിലേക്ക് പറക്കാൻ. അങ്ങനെ സുവ- സിഡ്‌നി വഴി നീണ്ട യാത്രക്ക് ശേഷമാണ് റോസി സോഫിയ യു.എ.ഇ തലസ്ഥാനത്തെത്തിയത്. 330 ദ്വീപുകളിലായി ചിതറിക്കിടക്കുന്ന ഫിജിയിലെ സാധാരണ ജനങ്ങൾ അഭിമുഖീകരിക്കുന്ന വിദ്യാഭ്യാസ - സാമൂഹിക പ്രശ്‌നങ്ങളും സമൂഹത്തിന്റെ പൊതുധാരയിലേക്ക് പൊടുന്നനവെ അവരെ കൊണ്ടുവരാൻ കഴിഞ്ഞതിന്റെ നേട്ടങ്ങളുമാണ് ഫിജി മന്ത്രി വിവരിച്ചത്. 64 ശതമാനം ക്രൈസ്തവരും 28 ശതമാനം ഹൈന്ദവരും ഏഴു ശതമാനം മുസ്‌ലിംകളും സൗഹാർദത്തോടെ ജീവിക്കുന്ന ഫിജിയിൽ തന്റെ അറിവിൽ ഇന്നോളം സാമുദായിക പ്രശ്‌നങ്ങളൊന്നുമുണ്ടായിട്ടില്ലെന്നും പൗരത്വം സംബന്ധിച്ച വിവാദങ്ങളോ സ്വത്വ പ്രതിസന്ധികളോ തങ്ങളുടെ നാട്ടിൽ ഇല്ലെന്നും അവർ പറഞ്ഞു. പണ്ട് ബ്രിട്ടീഷുകാർ എസ്റ്റേറ്റ് ജോലികൾക്കും മറ്റുമായി മലേഷ്യ, സിംഗപ്പുർ വഴി മലയാളികളുൾപ്പെടെയുള്ള നിരവധി ഇന്ത്യക്കാരെ പസിഫിക്കിലെ ഫിജി ദ്വീപിലേക്ക് കൊണ്ടുപോയി. അവരിൽ പലരും അടിമപ്പണി ചെയ്ത് ജീവിച്ചതിന്റെ വേദനാനിർഭരമായ ഓർമച്ചിത്രങ്ങളും ഇന്ന് ഫിജി ദ്വീപുകളിൽ ചിതറിക്കിടക്കുന്നുണ്ടെന്ന് അവർ വ്യക്തമാക്കി. ഫിജി മ്യൂസിയത്തിൽ ആംഗ്ലോ-ഇന്ത്യൻ വാസ്തുകലയുടെ ആയിരക്കണക്കിന് ശേഷിപ്പുകളുണ്ടത്രേ.
ഫിജിയിലെ ഔദ്യോഗിക ഭാഷ 'ബയോൺ' ആണ്. പക്ഷേ അധികമാളുകൾക്കും ഹിന്ദി അറിയാം. തദ്ദേശീയ ഭാഷ ബയോൺ ആണെങ്കിലും അവരിൽ ഭൂരിപക്ഷം പേർക്കും ഹിന്ദി മനസ്സിലാകും. സൽമാൻ ഖാനും ഷാറൂഖ് ഖാനുമൊക്കെ ഫിജിക്കാരുടെ ഇഷ്ട നടന്മാരാണ്.
പല ഹിന്ദി സിനിമകളുടെയും ഔട്ട്‌ഡോർ ലൊക്കേഷൻ കൂടിയാണ് ഫിജി ദ്വീപുകൾ. നടന്മാരുൾപ്പെടെ അതിസമ്പന്നരായ പല ഇന്ത്യക്കാർക്കും ഫിജിയിൽ സ്വകാര്യ ദ്വീപുകൾ സ്വന്തമായുണ്ട്. (ആഫ്രിക്കൻ ഭൂഖണ്ഡത്തിന്റെ തെക്കു കിഴക്കൻ ഭാഗത്ത് ഇന്ത്യൻ സമുദ്രത്തിലെ മനോഹരമായ മൗറീഷ്യസ് ദ്വീപ് പോലെ ഇന്ത്യൻ വംശജരുടെ മറ്റൊരു പറുദീസയാണ് ഫിജി ദ്വീപ്‌സമൂഹത്തിലെ പല പവിഴത്തുരുത്തുകളും). മധുരക്കരിമ്പിന്റെ നാട് കൂടിയാണ് ഫിജിയെന്ന് റോസി സോഫിയ പറഞ്ഞു.
കരിമ്പുപാടങ്ങളിൽ ഫുട്‌ബോൾ കളിച്ചു വളർന്ന ഗോത്രവർഗ കുട്ടികളുടെ പ്രദേശമായതിനാൽ പിന്നീട് സോക്കർ ടൗണായി അറിയപ്പെട്ട 'ബാ' എന്ന ഗ്രാമത്തിലാണ് സോഫിയ ജനിച്ചത്. കുട്ടിക്കാലം ദാരിദ്ര്യത്തിന്റേതായിരുന്നു. പട്ടിണിയെന്തെന്നറിഞ്ഞ നാളുകൾ. ഒരു നേരം വയറ് നിറയെ ഭക്ഷണമെന്നത് സ്വപ്നം. കൂലിപ്പണിയെടുത്തും പച്ചക്കറിയും പഴങ്ങളും തലച്ചുമടായി കൊണ്ടുനടന്ന് വിറ്റും കിട്ടിയ പണം കൊണ്ട് വലിയൊരു കുടുംബം പോറ്റേണ്ട അവസ്ഥ. ബാപ്പ നേരത്തെ മരിച്ചു. ഉമ്മയെയും സഹോദരിമാരെയും സംരക്ഷിക്കുന്നതോടൊപ്പം പഠിക്കാനുള്ള ആഗ്രഹം. പച്ചക്കറി വിറ്റ പണം കൊണ്ട് പാഠപുസ്തകങ്ങൾ വാങ്ങി. സാമൂഹിക അസമത്വത്തിനെതിരെ ചെറുപ്പത്തിലേ പോരാടി. പഠന ശേഷം 1990 ൽ റോസി സോഫിയക്ക് സുവയിലെ സ്‌കൂളിൽ ഇംഗ്ലീഷ് അധ്യാപികയുടെ ജോലി കിട്ടിയത് ആശ്വാസമായി. നാലു വർഷം കഴിഞ്ഞ് ഡിപ്ലോമയും 2009 ൽ സൗത്ത് പസിഫിക് സർവകലാശാലയിൽ നിന്ന് ഹ്യുമൻ റിസോഴ്‌സ് മാനേജ്‌മെന്റിൽ പോസ്റ്റ് ഗ്രാജ്വേഷനും കരസ്ഥമാക്കി. പട്ടിണി ബാധിത പ്രദേശങ്ങളിൽ രക്ഷാദൗത്യവുമായാണ് റോസി സോഫിയ പൊതുരംഗത്തേക്ക് വരുന്നത്.
ഫിജി ഫസ്റ്റ് പാർട്ടിയിലൂടെ രാഷ്ട്രീയ രംഗത്ത് വന്ന റോസി സോഫിയ പ്രതിപക്ഷമായ ഫെഡറേഷൻ പാർട്ടിയിലെ പ്രവർത്തകർക്കും പ്രിയങ്കരിയാണ്. 2006 ലെ പട്ടാള അട്ടിമറിക്ക് ശേഷമാണ് ജനാധിപത്യ രീതിയിൽ ആദ്യ തെരഞ്ഞെടുപ്പ് നടന്നത്. 2014-2016 ൽ വനിതാ ശിശുക്ഷേമ മന്ത്രിയായി. ദാരിദ്ര്യത്തിന്റെ കടൽ നീന്തിയെത്തിയത് കൊണ്ട് ഒരു വേള, ചരിത്ര നിയോഗമാകാം, ദാരിദ്ര്യ നിർമാർജന വകുപ്പിന്റെ ചുമതല കൂടിയുള്ള മന്ത്രിയായിത്തീർന്നു അവർ. പിന്നീട് ഒരു വർഷം ആരോഗ്യമന്ത്രിയായി. 2018 മുതൽ വിദ്യാഭ്യാസ മന്ത്രി. എല്ലാ വകുപ്പുകളിലും അടിമുടി പരിഷ്‌കരണങ്ങൾ വരുത്തി. ഫിജിയിലെ എല്ലാ ജനങ്ങൾക്കും വിദ്യാഭ്യാസവും ചികിൽസയും സൗജന്യമാക്കിയത് ഫിജി ഫസ്റ്റ് പാർട്ടിയുടെയും റോസി സോഫിയയുടെയും ചരിത്രത്തിലെ പൊൻതൂവലായി.
ടൂറിസമാണ് പ്രധാന വരുമാന മാർഗം. വിദ്യാഭ്യാസവും ആരോഗ്യ ചികിൽസയും ഫിജിയിൽ സമ്പൂർണമായും സൗജന്യമാണ്. പസിഫിക്കിലെ ഓഷ്യാനയുടെ ഭാഗമായ ഫിജി പൗരന്മാർ മെലാനേഷ്യക്കാർ എന്നും അറിയപ്പെടുന്നു. ഇന്തോ-ഫിജിയൻ ഗോത്ര വർഗത്തിന്റെ നൃത്തവും സാംസ്‌കാരിക വിരുന്നുകളും ഫിജിയുടെ ദേശീയോൽസവങ്ങളുടെ ഭാഗമായി നടത്തപ്പെടാറുണ്ട്. ഇന്ത്യൻ-ചൈനീസ്, ദക്ഷിണേഷ്യൻ സമുദ്ര വിഭവങ്ങളുടെ കലവറകളാണത്രേ ഫിജിയിലെ റസ്റ്റോറന്റുകളും വിരുന്നു മേശകളും.
- കേരളത്തെയും മലയാളികളെയും ഞാനേറെ ഇഷ്ടപ്പെടുന്നു. ആദ്യകാല മലയാളികളുടെ തലമുറ ഇപ്പോഴും ഫിജിയിലുണ്ട്. ഫിജി മലബാരികൾ എന്നാണ് അവർ അറിയപ്പെടുന്നത്. ചെന്നൈ നഗരവും തമിഴ്‌നാട്ടിലെ ചില ഗ്രാമങ്ങളും ഞാൻ കണ്ടിട്ടുണ്ട്. തീർച്ചയായും ഒരു നാൾ കേരളം കാണാൻ വരും -റോസി സോഫിയ പറഞ്ഞു.
ഫിജിയിലൊരു താമരശ്ശേരിക്കാരൻ
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഫിജിയിലെ 'ബാ' എന്ന സ്ഥലത്ത് ജീവിക്കുന്നയാളാണ് താമരശ്ശേരി വാടിക്കലെ സുഹൈലിന്റെ കുടുംബം. ('ബാ'യിൽ തന്നെയാണ് റോസി സോഫിയയും ജനിച്ചത്). ഇരുപത്തിമൂന്നുകാരനായ സുഹൈലും അബുദാബി വേൾഡ് മുസ്‌ലിം കമ്യൂണിറ്റീസ് കൗൺസിലിന്റെ യൂത്ത് ഫോറത്തിൽ സംബന്ധിക്കാനെത്തിയിരുന്നു. ഫിജിയിൽ എൻജിനീയറായി (ആർകിടെക്റ്റ്) ജോലി നോക്കുന്ന സുഹൈലിന്റെ പിതാവ് അവിടത്തെ പള്ളി ഇമാമായ മുഹ്‌യുദ്ദീൻ ഷാ ഫൈസിയാണ്. ഉമ്മയും മൂന്ന് സഹോദരന്മാരും ഫിജിയിലുണ്ട്. എല്ലാവരും ഫിജി പൗരന്മാർ.
- ഫിജിയിലെ ആദ്യകാല കുടിയേറ്റക്കാരിൽ മലബാറിൽ നിന്നെത്തിയവരുമുണ്ടായിരുന്നു. അവരുടെ പിൻതലമുറയിൽപെട്ട മലബാരി ഫിജികളുടെ എണ്ണം ഇപ്പോൾ താരതമ്യേന കുറവാണെന്ന് സുഹൈൽ മലയാളം ന്യൂസിനോട് പറഞ്ഞു.
1879 ലാണ് പസിഫിക്കിലേക്ക് നിർബന്ധിത കുടിയേറ്റമാരംഭിക്കുന്നത്. അഞ്ചു വർഷത്തേക്ക് ബോണ്ട് എഴുതി തോട്ടം തൊഴിലാളികളെ ഇന്ത്യയിൽ നിന്ന് കൊണ്ടു പോവുകയായിരുന്നുവത്രേ. 1833 ൽ അടിമ വ്യവസ്ഥിതി ബ്രിട്ടൻ നിർത്തലാക്കിയതോടെയാണ് ഇൻഡെൻജർ എന്ന നിർബന്ധിത തൊഴിൽ സംവിധാനത്തിലേക്ക് ഫിജി മാറുന്നത്. അന്നത്തെ നിർദയമായ മനുഷ്യക്കടത്തിനിടെ മലയാളികളുൾപ്പെടെ നിരവധി ഇന്ത്യക്കാർ പസിഫിക് സമുദ്രത്തിൽ വീണ് മരിച്ചതായും ചരിത്രമുണ്ടെന്ന് സുഹൈൽ കൂട്ടിച്ചേർത്തു.