ചണ്ഡീഗഡ്- വിവാദമായ പൗരത്വ ഭേദഗതി നിയമം കേന്ദ്രസര്‍ക്കാര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബിലെ ഭരണകക്ഷിയായ കോണ്‍ഗ്രസ് സംസ്ഥാന നിയമസഭയില്‍ പ്രമേയം അവതരിപ്പിച്ചു.
രണ്ട് ദിവസത്തെ പ്രത്യേക സെഷന്റെ രണ്ടാം ദിവസമാണ് സംസ്ഥാന മന്ത്രി ബ്രഹ്മ മോഹിന്ദ്ര സിഎഎക്കെതിരായ പ്രമേയം അവതരിപ്പിച്ചത്.
പാര്‍ലമെന്റ് പാസാക്കിയ സിഎഎ രാജ്യമെമ്പാടും വ്യാപകമായ പ്രതിഷേധത്തിനും സാമൂഹിക അസ്വസ്ഥതയ്ക്കും പ്രക്ഷോഭങ്ങള്‍ക്കും കാരണമായി. പഞ്ചാബും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലുള്ളവരും പങ്കെടുത്ത സമാധാനപരമായ പ്രതിഷേധത്തിന് സാക്ഷ്യം വഹിച്ചതായി പ്രമേയം വായിച്ചുകൊണ്ട് മോഹിന്ദ്ര പറഞ്ഞു.
കേരളത്തിനുശേഷം സിഎഎക്കെതിരെ പ്രമേയം പാസാക്കുന്ന രണ്ടാമത്തെ സംസ്ഥാനമാണ് പഞ്ചാബ്. പൗരത്വം സംബന്ധിച്ച ഭേദഗതി ചെയ്ത നിയമം ഇന്ത്യന്‍ ഭരണഘടനയുടെ അടിസ്ഥാനമായ മതേതരത്വത്തെ നിരാകരിക്കുന്നതാണ് ഭേദഗതി ചെയ്ത നിയമമെന്ന് പ്രമേയത്തില്‍ കുറ്റപ്പെടുത്തി.
പൗരത്വം നല്‍കുന്നതിന് മതത്തെ അടിസ്ഥാനമാക്കുന്നത് വിവേചനമാണ്. ചില ജനവിഭാഗങ്ങളുടെ ഭാഷാപരവും സാംസ്‌കാരികവുമായ സ്വത്വത്തെ അപകടപ്പെടുത്താന്‍ സാധ്യതയുള്ള നിയമഭേദഗതിയാണിത്. ഏതെങ്കിലും നിയമം ലംഘിക്കുകയാണെങ്കില്‍ ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡ് ഉടമകളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കാനും സിഎഎ വിഭാവനം ചെയ്യുന്നുവെന്ന് പ്രമേയം വ്യക്തമാക്കി.