Sorry, you need to enable JavaScript to visit this website.

ദാവീന്ദര്‍ സിംഗ് പിടിയിലായ സംഭവം എന്‍.ഐ.എ അന്വേഷിക്കും; നടപടികള്‍ ആരംഭിച്ചു

ന്യൂദല്‍ഹി- രണ്ടു ഭീകരരെ ജമ്മുവില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ ജമ്മു കശ്മീര്‍ ഡിവൈ.എസ്.പി ദാവീന്ദര്‍ സിംഗ് പിടിയിലായ സംഭവം അന്വേഷിക്കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് നിര്‍ദേശം നല്‍കി. ഭീകരെ ദക്ഷിണ കശ്മീരില്‍നിന്ന് ജമ്മുവില്‍ എത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ ഇയാളെ സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

കേസ് എന്‍.ഐ.എക്ക് കൈമാറുന്ന ഔദ്യോഗിക വിജ്ഞാപനം ഉടന്‍ പുറപ്പെടുവിക്കും. അന്വേഷണം എന്‍.ഐ.എ ഏറ്റെടുക്കുന്നതിനുള്ള പ്രാഥമിക നടപടികള്‍ ജമ്മുവിലും ദല്‍ഹിയിലും പൂര്‍ത്തിയാക്കി വരികയാണ്.

ദാവീന്ദര്‍ സിംഗിനേയും ഹിസ്ബുല്‍ മുജാഹിദീന്‍ ജില്ലാ കമാന്‍ഡറെന്ന് അവകാശപ്പെടുന്ന നവീദ് ബാബു, സഹായി ആതിഫ് അഹ് മദ്, അഭിഭാഷകന്‍ ഇര്‍ഫാന്‍ അഹ് മദ് മിര്‍ എന്നിവരെ ചോദ്യം ചെയ്യുമ്പോള്‍ എതാനും എന്‍.ഐ.എ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. എന്‍.ഐ.എ കേസ് രജിസ്റ്റര്‍ ചെയ്യുന്നതോടെ എല്ലാ രേഖകളും കൈമാറും.

ദാവീന്ദര്‍ സിംഗ് 12 ലക്ഷം രൂപ വാങ്ങി രണ്ട് ഭീകരരെ ചണ്ഡീഗഢിലെത്തിച്ചുവെന്നും തുടര്‍ന്ന് ഏതാനും മാസങ്ങള്‍ സുരക്ഷിത താമസ സൗകര്യം നല്‍കിയെന്നുമാണ്  പോലീസ് പറയുന്നത്.

പാക്കിസ്ഥാനില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കിയിരുന്നത് അഭിഭാഷകന്‍ ഇര്‍ഫാന്‍ അഹ് മദ് മീര്‍ ആണെന്ന് എന്‍.ഐ.എ ആരോപിച്ചിരുന്നു. ഇയാള്‍ ഇന്ത്യന്‍ പാസ്‌പോര്‍ട്ടില്‍ അഞ്ച് തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്.

 

Latest News