തൃശൂര്‍- അമ്പത്തിനാലുകാരി ഇരട്ടക്കുഞ്ഞുങ്ങളെ പ്രസവിച്ചു. തലോര്‍ ചേന്ദേക്കാട്ടില്‍ മണിയുടെ ഭാര്യ ലളിതയാണ് ഈ ഭാഗ്യവതി. വെറും ഭാഗ്യമല്ലെന്ന് ഇവരുടെ കഥ കേട്ടാല്‍ മനസിലാകും. കാരണം ഈ ദമ്പതികള്‍ക്ക് ഗോപിക്കുട്ടന്‍ എന്ന ഏക മകനായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ 2017 മെയ് 17ന് ബൈക്കില്‍ ലോറിയിടിച്ച് ഗോപി മരണപ്പെട്ടു. ഇതോടെ തികച്ചും നിരാശയിലായിരുന്നു കുടുംബം. മകന്റെ മകന്‍ എന്നും കണ്ണീരായിരുന്നു ഇരുവര്‍ക്കും സമ്മാനിച്ചത്. ഇതേതുടര്‍ന്ന് 35ാം വയസില്‍ പ്രസവം നിര്‍ത്തിയ ലളിതയ്ക്ക് ് വീണ്ടും മക്കള്‍ വേണമെന്ന ആഗ്രഹമുണ്ടായി.സാധാരണ ആര്‍ത്തവം അവസാനിക്കാന്‍ തുടങ്ങുന്ന ഈ പ്രായത്തില്‍ ഈ ആഗ്രഹം സാധ്യമാകുമോ എന്ന ആശങ്കയും ഉണ്ടായിരുന്നു.
എന്നാല്‍ ഭര്‍ത്താവ് മണി ലളിതയെ ഗൈനക്കോളജി വിദഗ്ധന്‍ ഡോ. കൃഷ്ണന്‍ കുട്ടിയുടെ അടുത്ത് ചികിത്സക്കായി വീണ്ടും പോയി. അദേഹം ഇതൊരു വെല്ലുവിളിയായി തന്നെ സ്വീകരിച്ചതാണ് ഇരുവര്‍ക്കും അനുഗ്രഹമായത്. കൃത്രിമഗര്‍ഭധാരത്തിലൂടെ മൂന്ന് കുഞ്ഞുങ്ങളായിരുന്നു ഗര്‍ഭം ധരിച്ചത്. പ്രായാധിക്യവും സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ വെല്ലുവിളിയായി. ഇതിനൊപ്പം ലളിതയുടെ ആരോഗ്യനിലയും വഷളായപ്പോള്‍ ഇരുവര്‍ക്കും ആധിയായിരുന്നു. എന്നിട്ടും ലളിതയുടെ മനക്കരുത്താണ് തുണയായതെന്ന് ഇവര്‍ പറയുന്നു.ആശുപത്രിയില്‍ നേരത്തെ പ്രവേശിപ്പിക്കപ്പെട്ടു.
ഡിസംബര്‍ 17ന് രണ്ട് ആണ്‍കുട്ടികള്‍ക്ക് ജന്മം നല്‍കി ലളിത. എന്നാല്‍ 33 ആഴ്ച മാത്രം വളര്‍ച്ച ഉണ്ടായിരുന്നുള്ളൂ. ഇതേതുടര്‍ന്ന് തൂക്കക്കുറവും നേരിട്ടു. തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിക്കപ്പെട്ട കുട്ടികള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷം ആരോഗ്യം വീണ്ടെടുത്ത് ഇന്ന് ആശുപത്രിയില്‍ നിന്ന് വിടുതലാകുകയാണ്. ഗോപിക്കുട്ടന്റെ ഓര്‍മകള്‍ക്ക് മുമ്പില്‍ രണ്ട് അനിയന്‍കുട്ടികളെ സമര്‍പ്പിക്കുകയാണ് ഈ മാതാപിതാക്കള്‍.