ഇന്‍ഡോര്‍- കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ഭരണഘടനയുടെ അനുഛേദം 370 റദ്ദാക്കിയതിനെ പിന്തണച്ചാല്‍ സുരക്ഷിതമായി ഇന്ത്യയിലേക്ക് മടങ്ങാന്‍ അനുവദിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ വാഗ്ദാനം ചെയ്തിരുന്നുവെന്ന പ്രബോധകന്‍ സാക്കിര്‍ നായിക്കിന്റെ വെളിപ്പെടുത്തലിനെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ആഭ്യന്തര മന്ത്രി അമിത് ഷായും വിശദീകരണം നല്‍കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ദിഗ്‌വിജയ് സിംഗ് ആവശ്യപ്പെട്ടു.
2016 ല്‍ ഇന്ത്യ വിട്ട 53 കാരനായ സാക്കിര്‍ നായിക്ക് ഇപ്പോള്‍ മലേഷ്യയിലാണ്. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ മോഡി സര്‍ക്കാരിന്റെ പ്രതിനിധി തന്നെ സന്ദര്‍ശിച്ചിരുന്നുവെന്നും ഇന്ത്യയിലേക്ക് സുരക്ഷിതമായി മടങ്ങാന്‍ അവസരമൊരുക്കാമെന്ന് പറഞ്ഞിരുന്നതായും സാക്കിര്‍ നായിക്ക് ഈയിടെ വെളിപ്പെടുത്തിയിരുന്നു.
മോഡിയും അമിത്ഷായും ഇതേക്കുറിച്ച് വിശദീകരിക്കുന്നില്ലെങ്കില്‍ ദേശവിരുദ്ധനെന്ന് ആരോപിക്കപ്പെടുന്ന സാക്കിര്‍ നായിക്കിന്റെ അവകാശവാദം ശരിയാണെന്ന് വിശ്വസിക്കേണ്ടിവരുമെന്ന് സാക്കിര്‍ നായിക്കിന്റെ വിഡിയോ ട്വീറ്റ് ചെയ്ത് കൊണ്ട് ദിഗ് വിജയ് സിംഗ് പറഞ്ഞു.
സാക്കിര്‍ നായിക്കിന്റെ അവാകശവാദം എന്തുകൊണ്ട് മോഡിയും ഷായും ഇതുവരെ തള്ളിപ്പറഞ്ഞില്ലെന്ന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രി കൂടിയായ സിംഗ് ചോദിച്ചു.