കൊച്ചി- മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് പ്രിയ മേനോന്‍. ഏഷ്യാനെറ്റിലെ വാനമ്പാടി സീരിയലിലെ രുക്കു എന്ന രുഗ്മിണി മലയാളി വീട്ടമ്മമാരുടെ ഇഷ്ടതാരമായി മാറിയത് വളരെപ്പെട്ടെന്നായിരുന്നു. വാനമ്പാടിയില്‍ നായികയുടെ അമ്മയായി അഭിനയിക്കുന്ന പ്രിയ മേനോന്റെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. വളരെയേറെ സങ്കടപ്പെട്ടാണ് പ്രിയ ഈ വീഡിയോയില്‍ കാണപ്പെട്ടത്. തനിക്ക് വധ ഭീഷണിയുണ്ടെന്നും താന്‍ ആത്മഹത്യാ ചെയ്യുകയോ തനിക്ക് എന്തെങ്കിലും ജീവഹാനി ഉണ്ടാവുകയോ ചെയ്താല്‍ അവരാണ് കാരണമെന്നും പ്രിയ പറയുന്നു. സഹപ്രവര്‍ത്തകര്‍ക്കെതിരെയാണ് പ്രിയ മേനോന്‍ ആരോപണം ഉന്നയിക്കുന്നത്. കുറച്ചുമാസങ്ങളായി വധിക്കുമെന്നും മുഖത്ത് ആസിഡ് ഒഴിക്കുമെന്നും ഭീഷണി നിലനില്‍ക്കുന്നതായും എന്നാല്‍ ആരാണ് വധഭീഷണി ഉന്നയിച്ചതെന്നു ഇവര്‍ വ്യക്തമാക്കുന്നില്ല. തന്റെ ബന്ധുക്കള്‍ ആരും കേരളത്തിലില്ലെന്നും അവരൊക്കെ പുറത്താണെന്നും അറിയിക്കേണ്ടവരെ ഒക്കെ താന്‍ ഈ വിവരം അറിയിച്ചു വരുന്നെന്നും ഇവര്‍ പറയുന്നുണ്ട്. വീഡിയോ വിവാദമായതോടെ പ്രിയ പിന്നീട് ഇത് ഡിലീറ്റ് ചെയ്തിട്ടുണ്ട്. സുഹൃത്തുക്കളുടെയും അഭ്യുദയകാംക്ഷിളുടെയും സ്‌നേഹത്തെയും ആശങ്കയെയും ബഹുമാനിക്കുന്നതായും കാര്യങ്ങള്‍ പരിഹരിക്കപ്പെടുന്നതിനാല്‍ ഞാന്‍ ഇപ്പോള്‍ ആ പോസ്റ്റ് പിന്‍വലിക്കുകയാണ് പ്രിയ പറയുന്നത്.