ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചവർക്കുനേരേ ഉത്തർപ്രദേശിലും കർണ്ണാടകത്തിലുമുണ്ടായ പോലീസ് അതിക്രമത്തിനെതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുസ്ലിം ലീഗ് പരാതി നൽകി. പോലീസ് അതിക്രമത്തിന് ഉത്തരവാദിയായവർക്കെതിരെ കമ്മീഷൻ നടപടിയെടുക്കണമെന്നും കമ്മീഷൻ ഇരകളെ സന്ദർശിച്ച് മൊഴിയെടുക്കണമെന്നും ലീഗ് ആവശ്യപ്പെട്ടു. ജനാധിപത്യപരമായി പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം ലംഘിക്കപ്പെട്ടുവെന്നും യുപിയിൽ ഭരണഘടനാപരമായ അവകാശങ്ങൾ നിഷേധിക്കപ്പെട്ടുവെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.
മുസ്്ലിം ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ നേതൃത്വത്തിലുള്ള സംഘം മനുഷ്യാവകാശ കമ്മീഷൻ ആസ്ഥാനത്ത് നേരിട്ടെത്തിയാണ് പരാതി സമർപ്പിച്ചത്. മുസ്ലിംലീഗ് ദേശീയ ജനറൽ സിക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി, ദേശീയ ഓർഗനൈസിംഗ് സിക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ, ദേശീയ ട്രഷറർ പിവി അബ്ദുൾ വഹാബ്, സുപ്രീംകോടതി അഭിഭാഷകൻ അഡ്വ.ഹാരിസ് ബീരാൻ, യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ് സാബിർ ഗഫാർ, സെക്രട്ടറി സി.കെ സുബൈർ എന്നിവരാണ് നേതൃതല സംഘത്തിലുണ്ടായിരുന്നത്. സമരക്കാർക്കെതിരെയുണ്ടായ പോലീസ് വെടിവെപ്പിൽ ഇരുപതിലധികം പേർ കൊല്ലപ്പെട്ടത് പോലീസ് അതിക്രമത്തിന്റെ വ്യാപ്തി കാണിക്കുന്നുണ്ടന്ന് പരാതിയിൽ പറയുന്നു. സ്വകാര്യവസ്തുവകകൾ പോലീസ് തകർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നതടക്കം സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. ഉത്തരവാദിത്തപ്പെട്ട പോലീസ് ഉദ്യോഗസ്ഥൻ സമരക്കാരോട് പാക്കിസ്ഥാനിലേക്ക് പോകാൻ ആക്രോശിക്കുന്ന സംഭവം പോലീസ് ഭരണകക്ഷിയുടെ ചട്ടുകമായി മാറിയെന്നതിന്റെ തെളിവാണ്. പ്രശസ്ത സാമൂഹ്യ പ്രവർത്തകരായ സദഫ് ജാഫറിനെയും മുൻ ഐ.പി.എസ് ഉദ്യോഗസ്ഥനായ എസ്.ആർ ദാറാപുരിയെ കസ്റ്റഡിയിൽ വെച്ച് പീഡിപ്പിച്ച കാര്യവും പരാതിയിൽ ചൂണ്ടിക്കാട്ടി. മുസാഫർനഗറിലെ മദ്രസയിൽ നിന്ന് പ്രായപൂർത്തിയെത്താത്ത ആൺകുട്ടികളെ പിടിച്ചുകൊണ്ടുപോയി പോലീസ് ഉദ്യോഗസ്ഥർ ലൈംഗികമായി പീഡിപ്പിച്ചുവെന്ന റിപ്പോർട്ട് ഞെട്ടിപ്പിക്കുന്നതാണ്. പൗരത്വ നിയമത്തിനെതിരെ പോലീസ് അതിക്രമമുണ്ടായ പശ്ചിമ ഉത്തർപ്രദേശിലെ സ്ഥലങ്ങൾ സന്ദർശിച്ചതിന് ശേഷമാണ് മുസ്്ലിം ലീഗ് നേതാക്കൾ ദേശീയ മനുഷ്യാവകാശ കമ്മീഷന് മുൻപാകെ പരാതി സമർപ്പിച്ചത്. യാതൊരു തത്വദീക്ഷയുമില്ലാതെയാണ് ഉത്തർപ്രദേശ് സർക്കാർ സമരത്തെ നേരിട്ടത്. പൗരൻമാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകേണ്ട സർക്കാർ ജനങ്ങളെ അകാരണമായി വെടിവെച്ചുകൊല്ലുന്ന രീതിയിലേക്ക് അധഃപതിച്ചിരിക്കുകയാണ്. ഉത്തർപ്രദേശിൽ ഇരകൾക്ക് നിയമസഹായമടക്കമുള്ള കാര്യങ്ങൾ ഉറപ്പാക്കാൻ മുസ്്ലിം ലീഗ് മുന്നിലുണ്ടാവുക തന്നെ ചെയ്യും.