Sorry, you need to enable JavaScript to visit this website.

റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹി ആക്രമണത്തിന് പദ്ധതി;ദവീന്ദര്‍ സിങ്ങ് 12 ലക്ഷം കൈക്കൂലി വാങ്ങി


ശ്രീനഗര്‍- ഡിഎസ്പി ദവീന്ദര്‍ സിങ്ങിനൊപ്പം അറസ്റ്റിലായ ഹിസ്ബുള്‍ തീവ്രവാദികള്‍ റിപ്പബ്ലിക് ദിനത്തില്‍ ദല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജന്‍സ് വൃത്തങ്ങള്‍. ശനിയാഴ്ചയാണ് ഈ ഉന്നത പോലീസ് ഉദ്യോഗസ്ഥനൊപ്പം ദല്‍ഹിയിലേക്കുള്ള യാത്രക്കിടെ രണ്ട് തീവ്രവാദികളെയും പോലീസ് അറസ്റ്റ് ചെയ്യുന്നത്.

ഇവരെ ദല്‍ഹിയിലേക്ക് കടത്താന്‍ സഹായിക്കാന്‍ ദവീന്ദര്‍ സിങ് പന്ത്രണ്ട് ലക്ഷം രൂപയാണ് തീവ്രവാദികളില്‍ നിന്ന് കൈക്കൂലി വാങ്ങിയത്. ജമ്മുവിലേക്കും തുടര്‍ന്ന് ഛാണ്ഡിഗഡ് വഴി ന്യൂദല്‍ഹിയിലേക്കുമായിരുന്നു യാത്ര ആസൂത്രണം ചെയ്തിരുന്നതെന്ന് ഇവരെ ചോദ്യം ചെയ്ത കശ്മീര്‍ ഐജി വിജയ് കുമാര്‍ അറിയിച്ചു. ഡിഎസ്പിയുടെ രാഷ്ട്രപതിയുടെ മെഡലുകള്‍ അടക്കമുള്ള പുരസ്‌കാരങ്ങള്‍ റദ്ദ് ചെയ്യുന്നതായി പോലീസ് അറിയിച്ചു.വിവിധ ഇന്റലിജന്‍സ് ഏജന്‍സികളാണ് ദവീന്ദറിനെ ചോദ്യം ചെയ്തുവരുന്നത്. ഐബി മിലിട്ടറി ഇന്റലിജന്‍സ്, റോ ,പോലീസ് വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരാണ് ചോദ്യം ചെയ്യുന്നത്.

ശ്രീനഗറിലെ ഇന്ദിരാനഗറില്‍ ഇയാളുടെ വസതിയില്‍ തീവ്രവാദികളെ ഒളിവില്‍ പാര്‍പ്പിച്ചതായും തുടര്‍ന്നുള്ള ദിവസങ്ങളില്‍ ആര്‍മിയുടെ 15 കോര്‍പ്പ് ഹെഡ്ക്വാട്ടേഴ്‌സില്‍ താമസിപ്പിക്കാന്‍ തീരുമാനിച്ചിരുന്നതായും ഇതിന് ശേഷം ജമ്മുവിലേക്ക് ഹിസ്ബുള്‍ തീവ്രവാദി ഓടിച്ച കാറില്‍ സഞ്ചരിച്ചിരുന്നതായും ഇന്റലിജന്‍സ് വ്യക്തമാക്കി. ഈ കേസ് എന്‍ഐഎയ്ക്ക് കൈമാറാനാണ് കേന്ദ്രആഭ്യന്തരമന്ത്രാലയത്തിന്റെ തീരുമാനം. കഴിഞ്ഞ കാലങ്ങളില്‍ ദവീന്ദര്‍ ഏതൊക്കെ തീവ്രവാദികളുമായി ബന്ധപ്പെട്ടിരുന്നുവെന്നതും പരിശോധിക്കുമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
 

Latest News