ന്യൂദല്‍ഹി-ശബരിമല യുവതി പ്രവേശന വിധിക്കെതിരായ പുന:പരിശോധനാ ഹര്‍ജികളിലും റിട്ട് ഹര്‍ജികളിലും വാദം കേള്‍ക്കില്ലെന്ന് സുപ്രിംകോടതി.വിധി സംബന്ധിച്ച് അഞ്ചംഗ ബെഞ്ച് ഉന്നയിച്ച ഏഴ് ചോദ്യങ്ങള്‍ മാത്രമാണ് പരിഗണിക്കുകയെന്നും ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ വ്യക്തമാക്കി.
കേസില്‍ ഇന്നത്തെ വാദം പൂര്‍ത്തിയായി. വിഷയങ്ങങ്ങള്‍ തീരുമാനിക്കാന്‍ മൂന്ന് ആഴ്ച സമയം അനുവദിച്ചിട്ടുണ്ട്. ഈ കേസില്‍ വാദങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനും എങ്ങിനെ വാദങ്ങള്‍ ഏകോപിപ്പിക്കാമെന്നും പെട്ടെന്ന് വാദം പൂര്‍ത്തിയാക്കാമെന്ന് തീരുമാനിക്കാനും പ്രത്യേക പദ്ധതിയുണ്ടാകണമെന്ന് ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു. മൂന്നാഴ്ച സമയം അനുവദിച്ചതായി എല്ലാ കക്ഷികളെയും നോട്ടീസിലൂടെ അറിയിച്ചു. രണ്ടാഴ്ച്ചക്കകം കേസിലെ വാദങ്ങളുടെ ഒരുക്കങ്ങള്‍ നടത്തണമെന്നും കോടതി നിര്‍ദേശിച്ചു. അതേസമയം വാദം കേള്‍ക്കേണ്ട വിഷയം തീരുമാനിക്കാന്‍ സുപ്രിംകോടതി സെക്രട്ടറി ജനറല്‍ യോഗം വിളിച്ചുചേര്‍ക്കും. ജനുവരി 17നാണ് യോഗം നടക്കുക. ആരൊക്കെ വാദിക്കണമെന്ന കാര്യവും തീരുമാനമെടുക്കുക ഈ യോഗത്തിലാണ്. അഭിഷേക് മനു സിങ്‌വി,സിഎസ് വൈദ്യനാഥന്‍,രാജീവ് ധവാന്‍,ഇന്ദിരാ ജെയ്‌സിങ് എന്നീ അഭിഭാഷകരാണ് യോഗത്തില്‍ ആരൊക്കെ പങ്കെടുക്കണമെന്ന കാര്യം ചര്‍ച്ച ചെയ്യുക.
ഭരണഘടന വിഭാവനം ചെയ്യുന്ന മതസ്വാതന്ത്ര്യവും സമത്വവും തമ്മിലുള്ള പരസ്പര പ്രവര്‍ത്തനം, അനിവാര്യമായ മതാചാരങ്ങളുടെ ധാര്‍മികത, ഭരണഘടനയില്‍ ഊന്നിയ ധാര്‍മികതയ്ക്ക് കൃത്യമായ വിശദീകരണം ഭരണഘടനയില്‍ ഇല്ല. അതിന്റെ അതിര് നിശ്ചയിക്കുക, ഒരു പ്രത്യേക ആചാരം മതത്തിന്റെ അവിഭാജ്യ ഘടകമാണോ, മതപരമായ ആചാരങ്ങള്‍ ആ വിഭാഗത്തിന്റെ മേധാവിയാണോ തീരുമാനിക്കേണ്ടത്, ഹിന്ദു വിഭാഗങ്ങള്‍ സംബന്ധിച്ച നിര്‍വചനം, ഒരു മതത്തിലെ പ്രത്യേകവിഭാഗത്തിന് ഭരണഘടനാ സംരക്ഷണത്തിന് അര്‍ഹതയുണ്ടോ, ഒരു പ്രത്യേക മതവിഭാഗത്തിന് പുറത്തുള്ളവര്‍ മറ്റ് മത ആചാരങ്ങള്‍ക്കെതിരെ നല്‍കുന്ന പൊതുതാത്പര്യ ഹര്‍ജികള്‍ സ്വീകരിക്കേണ്ടതുണ്ടോ? എന്നീ കാര്യങ്ങളാണ് പരിഗണിക്കുക.
കൂടാതെ ശബരിമല യുവതി പ്രവേശനത്തിനൊപ്പം ശബരിമല ക്ഷേത്രത്തിന് ഹിന്ദു ആരാധനാലയ പ്രവേശനച്ചട്ടം ബാധകമാണോ എന്ന് കോടതി പരിശോധിക്കും. മുസ്ലിം സ്ത്രീകളുടെ പള്ളിപ്രവേശനം, ഇതരമതസ്ഥരെ വിവാഹം ചെയ്ത പാഴ്‌സി സ്ത്രീകള്‍ക്ക് ആരാധനാലയങ്ങളില്‍ പ്രവേശിക്കുന്നതിനുള്ള വിലക്ക്, ദാവൂതി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാകര്‍മം,മുസ്ലിം സ്ത്രീകളുടെ പള്ളി പ്രവേശനം
വിശാല ബെഞ്ച് പരിഗണിക്കും. എന്നാല്‍ അതെല്ലാം ഒരോ വിഷയത്തിന്റെ അടിസ്ഥാനത്തിലായിരിക്കില്ല ബെഞ്ച് പരിഗണിക്കുകയെന്ന് ചീഫ് ജസ്റ്റിഡ് ബോബ്‌ഡെ വ്യക്തമാക്കി.