പട്ന-ദുര്‍ഗന്ധം കാരണം ഭര്‍ത്താവില്‍ നിന്ന് വിവാഹമോചനം തേടി 20കാരി വനിതാ കമ്മീഷനില്‍. ഭര്‍ത്താവ് സ്ഥിരമായി കുളിക്കുകയോ ഷേവ് ചെയ്യുകയോ പല്ലുതേക്കുകയോ ചെയ്യുന്നില്ലെന്ന് ആരോപിച്ച് വിവാഹ മോചനമാവശ്യപ്പെട്ട് യുവതി വനിതാ കമ്മീഷനെ സമീപിച്ചു. ഭര്‍ത്താവ് സാമാന്യമര്യാദകള്‍ പോലും പാലിക്കുന്നില്ലെന്നും തന്റെ ജീവിതം 23കാരന് തകര്‍ന്നതായും യുവതിയുടെ പരാതിയില്‍ പറയുന്നു. ബിഹാറിലെ വൈശാലിയിലാണ് സംഭവം. 20കാരിയായ സോണി ദേവിയാണ് ഭര്‍ത്താവായ മനീഷ് റാമിനെതിരെ വനിതാ കമ്മീഷനെ സമീപിച്ചത്. രണ്ടുമാസനത്തിനകം ജീവിതരീതിയില്‍ മാറ്റം വരുത്താന്‍ വനിതാ കമ്മീഷന് മനീഷിനോട് ആവശ്യപ്പെട്ടു. അല്ലാത്തപക്ഷം ഭാര്യയുടെ പരാതിയില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്നും വനിതാ കമ്മീഷന് മുന്നറിയിപ്പ് നല്കി.
2017ലാണ് ഇരുവരുടെയും വിവാഹം നടന്നത്. പ്ലംബിംഗ് ജോലിയാണ് മനീഷ് ചെയ്യുന്നത്. തുടര്‍ച്ചയായി 10 ദിവസം വരെ ഭര്‍ത്താവ് കുളിക്കുകയോ ഷേവ് ചെയ്യുകയോ ചെയ്യാത്ത സന്ദര്‍ഭങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ അപമാനം സഹിച്ച് മുന്നോട്ട് പോകാനാവില്ലെന്നും അതിനാല്‍ വിവാഹമോചനം വേണമെന്നുമാണ് യുവതി ആവശ്യപ്പെട്ടിരിക്കുന്നത്. രണ്ട് വര്‍ഷമായിട്ട് കുട്ടികളില്ല. ഭാര്യ ഭര്‍തൃ ബന്ധം സ്നേഹത്തോടെയല്ലെന്നും അപമാനം സഹിച്ച് ഇയാളുടെ കൂടെ ജീവിക്കാനാകില്ലെന്നും യുവതി വ്യക്തമാക്കി. വിവാഹ സമയത്ത് സ്ത്രീധനമായി നല്കിയ സ്വര്‍ണ്ണവും പണവും യുവതി തിരികെ ആവശ്യപ്പെട്ടിട്ടുണ്ട്.