ശ്രീനഗര്‍- കശ്മീരില്‍ ഹിസ്ബുള്‍ തീവ്രവാദിക്കൊപ്പം അറസ്റ്റിലായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്‍ പാര്‍ലമെന്റ് ആക്രമണ കേസില്‍ അഫ്‌സല്‍ ഗുരുവിനെ കുടുക്കിയ ദാവീന്ദര്‍ സിങ്. തീവ്രവാദിയായ നവീദ് ബാബുവും മുന്‍ പ്രത്യേക പോലീസ് ഓഫീസറും എന്നാല്‍ ഇപ്പോള്‍ തീവ്രവാദി ഗ്രൂപ്പുകളില്‍ സജീവമെന്ന് പോലീസ് ആരോപിക്കുകയും ചെയ്യുന്ന അല്‍താഫിനും ഒപ്പം കുല്‍ഗാമില്‍ നിന്ന്് വാഹനത്തില്‍ യാത്ര ചെയ്യവെയാണ് ഇയാള്‍ പിടിയിലാകുന്നത്. ഇവരെ ദല്‍ഹിയില്‍ എത്തിക്കാനുള്ള ശ്രമങ്ങള്‍ക്കിടെയാണ് ദാവീന്ദര്‍ സിങ് കുടുങ്ങിയതെന്നാണ് പുതിയ റിപ്പോര്‍ട്ട്. മുമ്പ് അഫ്‌സല്‍ഗുരു പാര്‍ലമെന്റ് ആക്രമണകേസില്‍ പങ്കാളിയാകാന്‍ കാരണമെന്ന് അദേഹം കത്തില്‍ ആരോപിക്കുന്ന ഉദ്യോഗസ്ഥനാണ് ഇപ്പോള്‍ അറസ്റ്റിലായ ദാവീന്ദര്‍സിങ്.കൂടാതെ അന്ന് അഫ്‌സല്‍ ഗുരു ദാവീന്ദര്‍ സിങ്ങിന്റെ നിര്‍ബന്ധപ്രകാരം ദല്‍ഹിയിലെത്തിക്കുകയും താമസസൗകര്യങ്ങള്‍ ഒരുക്കി നല്‍കുകയും ചെയ്തിരുന്ന അല്‍ത്താഫ് എന്ന അന്നത്തെ യുവാവാണ് ഇന്ന് ദവീന്ദറിനൊപ്പം അറസ്റ്റിലായതെന്നും സംശയം ഉയരുന്നു.
പാര്‍ലമെന്റ് കേസില്‍ പ്രതികളിലൊരാള്‍ക്ക് ദല്‍ഹിയില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കി നല്‍കണമെന്ന് തന്നെ നിര്‍ബന്ധിച്ചത് ദവീന്ദര്‍ സിങ്ങാണെന്ന് അഫ്‌സല്‍ഗുരു 2013ല്‍ എഴുതിയ കത്തില്‍ ആരോപിച്ചിരുന്നു.ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി തന്റെ അഭിഭാഷകനായിരുന്നു അഫ്‌സല്‍ ഗുരു അന്ന് കത്തയച്ചത്. എന്നാല്‍ ഈ വിവരങ്ങള്‍ പുറത്തുവന്നിരുന്നുവെങ്കിലും പോലിസ് അന്വേഷിച്ചില്ല. പാര്‍ലമെന്റ് അക്രമണം നടത്തിയ വ്യക്തിയെ തനിക്ക് പരിചയപ്പെടുത്തിയതും ഇതേ ഉദ്യോഗസ്ഥനാണെന്നും അഫ്‌സല്‍ ഗുരു അവകാശപ്പെട്ടിരുന്നു. 2001 ഡിസംബര്‍ 31നാണ് പാര്‍ലമെന്റ് അക്രമണം നടന്നത്. എന്നാല്‍ ഈ കേസിലെ ആരോപണങ്ങളൊന്നും പിന്നീട്‌പോലീസ് അന്വേഷിച്ചിരുന്നില്ല.
ശ്രീനഗര്‍ എയര്‍പോര്‍ട്ടില്‍ ഹൈജാക്കിങ് വിരുദ്ധ സ്‌ക്വാഡിലായിരുന്നു അദേഹം അന്ന് ജോലിചെയ്തിരുന്നത്. 1990 ല്‍ കശ്മീരിലെ ഭീകരവിരുദ്ധ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിലും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. നിലവില്‍ ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനതാവളത്തിന്റെ ചുമതലയുള്ള സൂപ്രണ്ട് ഓഫ് പോലീസ് ആണ് അദേഹം.
അതേ ഉദ്യോഗസ്ഥനാണ് തീവ്രവാദികളുമായി ഇന്നും ദല്‍ഹിയിലേക്ക് പുറപ്പെട്ടതെന്ന കാര്യം ഗൗരവമര്‍ഹിക്കുന്നു. ജനുവരി 26ന് റിപ്പബ്ലിക്ക്ദിന ആഘോഷങ്ങള്‍ വരാനിരിക്കെയാണ് ഈ അറസ്റ്റ്. ഇവര്‍ സഞ്ചരിച്ച വാഹനത്തില്‍ അഞ്ച് ഗ്രനേഡുകള്‍ കണ്ടെടുത്തിരുന്നുവെന്നും പോലീസ് അറിയിച്ചിട്ടുണ്ട്. പതിനഞ്ച് വര്‍ഷം മുമ്പ് വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ മെഡല്‍ നേടി യ ഉദ്യോഗസ്ഥനാണ് ഇദേഹം. അത്തരമൊരു ഉദ്യോഗസ്ഥന് നേരെ സംശയം ഉയരുന്ന സാഹചര്യം പോലീസ് സേനയുടെ വിശ്വാസ്യതയ്ക്കും മങ്ങലേല്‍പ്പിക്കുമെന്ന ആശങ്കയും ഉയരുന്നു.ദാവീന്ദര്‍ സിങ്ങിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ അഞ്ച് ഗ്രനേഡുകള്‍ എകെ 47 റൈഫിള്‍ അടക്കമുള്ള ആയുധങ്ങള്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്. കശ്മീരിലെ ഷോപ്പിയാനില്‍ നിന്ന് നവീദ് ബാബുവിനെയും അല്‍ത്താഫിനെയും പുറത്തെത്തിക്കാന്‍ ഡിഎസ്പി സഹായിക്കുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തിലാണ് ഡിഐജി അതുല്‍ ഗോയലിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചത്. അദേഹത്തിന്റെ നേതൃത്വത്തില്‍ നവീദിനെ നിരീക്ഷിച്ചുവരികയായിരുന്നുവെന്നും അയാളുടെ സഹോദരന്റെ ഫോണിലേക്ക് വന്ന കോള്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞതാണ് ഇവരുടെ അറസ്റ്റിലേക്ക് നയിച്ചത്.