ന്യൂദല്‍ഹി- ശ്രീനഗര്‍-ജമ്മു കശ്മീര്‍ ഹൈവേയില്‍ തീവ്രവാദിക്കൊപ്പം സഞ്ചരിച്ച പോലീസ് ഉദ്യോഗസ്ഥനെ പിടികൂടി. ദല്‍ഹിയിലേക്കുള്ള യാത്രയ്ക്കിടെയാണ് മൂന്ന് പേരെയും അറസ്റ്റ് ചെയ്തതെന്ന് പോലീസ് അറിയിച്ചു.ശ്രീനഗര്‍ അന്താരാഷ്ട്ര വിമാനതാവളത്തിലെ ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ദാവീന്ദര്‍സിങ്, കുല്‍ഗാം ജില്ലയിലെ വാന്‍പോയില്‍ സ്വദേശിയും ഹിസ്ബുള്‍ മുജാഹിദ്ദീന്‍ തീവ്രവാദിയുമായ നവീദ് ബാബു,മുന്‍ സ്‌പെഷ്യല്‍ പോലീസ് ഓഫീസറും തീവ്രവാദിയുമായ ആസിഫ് എന്നിവരാണ് പിടിയിലായത്. മൂവരും വാന്‍പോയില്‍ നിന്ന് ദല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് പോലീസ് അവകാശപ്പെടുന്നത്. നവീദ് ബാബുവിന്റെ സഹോദരന്റെ ഫോണിലേക്ക് വന്ന കോള്‍ നിരീക്ഷിച്ചാണ് പോലീസ് ഇവരെ കണ്ടെത്തിയത്.
കഴിഞ്ഞ ഒക്ടബോര്‍,നവംബര്‍ മാസങ്ങളില്‍ തെക്കന്‍ കശ്മീരില്‍ ട്രക്ക് ഡ്രൈവര്‍മാരും തൊഴിലാളികളും ഉള്‍പ്പെടെ 11 പേര്‍ കൊല്ലപ്പെട്ട കേസിലെ പ്രതിയാണ് നവീദ് ബാബുവെന്നാണ് പോലീസിന്റെ ആരോപണം. ഓഗസ്റ്റില്‍ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ ശേഷം, ആപ്പിള്‍ വ്യവസായ മേഖലയില്‍ ജോലിക്ക് എത്തുന്ന പ്രദേശവാസികളല്ലാത്ത തൊഴിലാളികളെ പുറത്താക്കാനായി നടന്നുവരുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഇത്തരം കൊലപാതക പരമ്പരകളെന്നും പോലീസ് സംശയിക്കുന്നു. നവീദ് ബാബുവിന്റെ നീക്കങ്ങള്‍ പോലീസ് നിരീക്ഷിച്ചുവരികയായിരുന്നുവെന്നും നവീദിന്റെ സഹോദരന്‍ ഫോണ്‍ വിളിച്ചതിനെ തുടര്‍ന്നാണ് ഇയാളുടെ ലൊക്കേഷന്‍ കണ്ടെത്താന്‍ പോലീസിന് സാധിച്ചതെന്നും ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. മുന്‍ പ്രത്യേക പോലീസ് ഓഫീസറും ഹിസ്ബുള്‍ തീവ്രവാദിയുടെ സുഹൃത്തുമായ ആസിഫും ദവീന്ദര്‍ സിങ്ങിനൊപ്പം വാന്‍പോയിലേക്കുള്ള ഇവരുടെ യാത്രയില്‍ ഒപ്പമുണ്ടായിരുന്നു. 15 വര്‍ഷം മുമ്പ് രാഷ്ട്രപതിയുടെ ഗ്യാലന്റ്രി അവാര്‍ഡ് നേടിയ ഉദ്യോഗസ്ഥനാണ് ദവീന്ദര്‍സിങ്.
പ്രതികളെ ചോദ്യം ചെയ്തുവരികയാണെന്നും ഇവര്‍ ശ്രീനഗറിലും ദക്ഷിണകശ്മീരിലും ഒളിച്ചുവെച്ചിരുന്ന ആയുധങ്ങള്‍ കണ്ടെടുത്തുവെന്നും പോലീസ് അറിയിച്ചു.
ദവീന്ദര്‍സിങ്ങിന്റെ ബദമി ബാഗ് കന്റോണ്‍മെന്റിലെ വസതിയില്‍ നിന്ന് എകെ 47 റൈഫിള്‍,രണ്ട് പിസ്റ്റള്‍ എന്നിവയും കണ്ടെടുത്തു.പോലീസ് ഉദ്യോഗസ്ഥന്റെ സഹായത്തോടെ ഏതെങ്കിലും തീവ്രവാദികള്‍ ജല്‍ഹിയിലേക്ക് പുറപ്പെട്ടിട്ടുണ്ടോ എന്ന കാര്യം അന്വേഷിച്ചുവരികയാണെന്നും പോലീസ് വ്യക്തമാക്കി. പാര്‍ലമെന്റ് ആക്രമണകേസിലെ പ്രതിയ്ക്ക് അഫ്‌സല്‍ഗുരു 2013ല്‍ എഴുതിയ കത്തില്‍ ദാവീന്ദര്‍സിങ്ങിനെ കുറിച്ചും പരാമര്‍ശമുണ്ടായിരുന്നു. പാര്‍ലമെന്റ് ആക്രമണ കേസിലെ പ്രതിയ്‌ക്കൊപ്പം ദല്‍ഹിയിലേക്ക് പോകാനും അവിടെ താമസസൗകര്യം ഒരുക്കി നല്‍കാനും തന്നോട് നിര്‍ദേശിച്ചത് ദാവീന്ദര്‍ സിങ്ങാണ് എന്നായിരുന്നു അഫ്‌സല്‍ ഗുരു കത്തില്‍ പരാമര്‍ശിച്ചിരുന്നത്. പാര്‍ലമെന്റ് കേസിലെ പ്രതിയെ സഹായിച്ച കുറ്റത്തിനാണ് അഫ്ഗസല്‍ ഗുരുവിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.