ന്യൂഡല്‍ഹി- സുഹൃത്തിനെ യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായി നിയമിക്കാന്‍വേണ്ടി ഗവര്‍ണര്‍ക്ക് അമിത് ഷാ എന്ന് തെറ്റിദ്ധരിപ്പിച്ച് ഫോണ്‍ ചെയ്ത ഇന്ത്യന്‍ എയര്‍ ഫോഴ്സിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനും സുഹൃത്തും അറസ്റ്റില്‍.
എയര്‍ ഫോഴ്സ് വിംഗ് കമാന്‍ഡര്‍ കുല്‍ദീപ് ബാഗേലയെയും, സുഹൃത്ത് ചന്ദ്രശേഖര കുമാര്‍ ശുക്ലയെയുമാണ് മധ്യപ്രദേശിലെ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അറസ്റ്റ് ചെയ്തത്.
സുഹൃത്തും ഭോപ്പാലിലെ ദന്തരോഗ വിദഗ്ധനുമായ ചന്ദ്രശേഖര്‍ കുമാര്‍ ശുക്ലയെ, മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ്ചാന്‍സിലറായി നിയമിക്കാന്‍ വേണ്ടി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, അദ്ദേഹത്തിന്റെ പേഴ്സണല്‍ അസിസ്റ്റന്റായും ചമഞ്ഞാണ് ബാഗേലയും, ശുക്ലയും വ്യാജഫോണ്‍ വിളിച്ചതെന്ന് സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.
നിയമന നടപടികള്‍ ആരംഭിച്ചപ്പോള്‍ മധ്യപ്രദേശ് മെഡിക്കല്‍ സയന്‍സ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ തസ്തികയിലേക്ക് ചന്ദ്രശേഖര കുമാര്‍ അപേക്ഷ നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കള്‍ തന്റെ പേര് ശുപാര്‍ശ ചെയ്താല്‍ ഇവിടെ നിയമനം ഉറപ്പിക്കാമെന്ന് ശുക്ല പറഞ്ഞിരുന്നെന്നും ഇതനുസരിച്ചാണ് ഇരുവരും ആള്‍മാറാട്ടം നടത്തി ഗവര്‍ണര്‍ക്ക് ഫോണ്‍വിളിച്ചതെന്നും സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ വ്യക്തമാക്കി.