വാഷിംഗ്ടണ്‍-ഇംപീച്ച്‌മെന്റ് നടപടി തുടങ്ങിയതിനു പിന്നാലെ ഇറാനെതിരായ സൈനിക നടപടിയില്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു പൂട്ടിട്ടു കോണ്‍ഗ്രസില്‍ പ്രമേയം. ഇറാനെതിരായ സൈനിക ആക്രമണത്തില്‍ ഏകപക്ഷീയമായി തീരുമാനമെടുക്കാനുള്ള ട്രംപിന്റെ അധികാരം പരിമിതപ്പെടുത്തുന്നതാണ് ജനപ്രതിനിധിസഭ പാസാക്കിയ പ്രമേയം.
ഇറാഖിലെ യു.എസ് സൈനിക താവളത്തിന് നേരെയുണ്ടായ റോക്കറ്റ് ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിന്റെ സൈനികാധികാരം പരിമിതപ്പെടുത്തുന്ന പ്രമേയം ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള സഭയില്‍ അവതരിപ്പിക്കപ്പെട്ടത്. യു.എസ് കോണ്‍ഗ്രസിനോട് ആലോചിക്കാതെയുള്ള ട്രംപിന്റെ ഏകപക്ഷീയ നടപടി പക്വതയില്ലാത്തതാണെന്ന വിമര്‍ശനം നേരത്തെ ഉയര്‍ന്നിരുന്നു.
അതിനിടെ, നൂറുകണക്കിന് ആളുകള്‍ന്യൂയോര്‍ക്ക് തെരുവുകളില്‍ പ്രതിഷേധം നടത്തി. യുദ്ധമില്ലെന്ന് പ്രഖ്യാപിക്കുക, യുദ്ധത്തിനുള്ള അനുമതി നല്‍കരുത്, ഞങ്ങള്‍ സമാധാനം തെരഞ്ഞെടുക്കുന്നു,യുദ്ധത്തിനെതിരെ പ്രതിഷേധിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഉയര്‍ത്തിയാണ് പ്രതിഷേധക്കാര്‍ ഒത്തുകൂടിയത്.