Sorry, you need to enable JavaScript to visit this website.

വിദേശ നിക്ഷേപ സമാഹരണത്തിന് റിലയന്‍സ്; ലക്ഷ്യമിടുന്നത് രണ്ട് ബില്യണ്‍ ഡോളര്‍

മുംബൈ- റിലയന്‍സ് ഇന്റസ്ട്രീസ് രണ്ട് ബില്യണ്‍ ഡോളറിന്റെ വിദേശ നിക്ഷേപം നേടാന്‍ ശ്രമം തുടങ്ങി. കമ്പനിയുടെ ജിയോ,പെട്രോളിയം ബിസിനസുകളില്‍ പദ്ധതി ചെലവിനായാണ് വിദേശ സിന്‍ഡിക്കേറ്റഡ് വായ്പ മുഖേന നിക്ഷേപ സമാഹരണത്തിന് തയ്യാറെടുക്കുന്നത്.2020 സാമ്പത്തിക വര്‍ഷത്തില്‍ ഒരു ഇന്ത്യന്‍ കന്നപി പദ്ധതിയിടുന്ന ഏറ്റവും വലിയ നിക്ഷേപ സമാഹരണമായിരിക്കും ഇത്. 12 ബാങ്കുകളുമായി നിലവില്‍ ചര്‍ച്ചകള്‍ തുടരുകയാണ്. ജെപി മോര്‍ഗന്‍ സ്റ്റാന്‍ലി,മിത്സുബിഷി യുഎഫ്ജി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ്,ബാര്‍ക്ലെയിസ് ,സിറ്റിഗ്രൂപ്പ് അടക്കമുള്ളവയാണ് പട്ടികയിലുള്ളത്. ഫെബ്രുവരി പകുതിയോടെ നിക്ഷേപം നേടാനാണ് റിലയന്‍സിന്റെ നീക്കമെന്ന് കമ്പനി വക്താവ് അറിയിച്ചിട്ടുണ്ട്. രണ്ട് ബില്യണ്‍ ഡോളര്‍ വായ്പ നേടുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ പ്രാരംഭഘട്ടത്തിലാണ്. ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന് മുന്നോടിയായി നിക്ഷേപം നേടാനാണ് റിലയന്‍സിന്റെ ശ്രമമെന്നും നിരീക്ഷകര്‍ പറയുന്നു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ജൂണ്‍ പാദത്തില്‍ റിലയന്‍സ് 1.85 ബില്യണ്‍ ഡോളര്‍ വിദേശ വായ്പ നേടിയിരുന്നു. പദ്ധതി ചെലവുകള്‍ക്ക് വേണ്ടിയാണ് ഈ നിക്ഷേപം സ്വീകരിച്ചത്. കമ്പനിയുടെ എണ്ണ,പെട്രോളിയം ബിസിനസുകളിലെ ഓഹരികള്‍ സൗദി ആരാംകോയ്ക്ക് വില്‍ക്കുന്നത് സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിവരുന്നതായി മുമ്പ് റിലയന്‍സ് തന്നെ പ്രഖ്യാപിച്ചിരുന്നു. കനേഡിയന്‍ കമ്പനി ബ്രൂക്ക്ഫീല്‍ഡ് റിലയന്‍സിന്റെ ടെലികോം ടവര്‍ ബിസിനസില്‍ 3.7 ബില്യണ്‍ ഡോളറും വാതക ബിസിനസില്‍ രണ്ട് ബില്യണ്‍ ഡോളറും നിക്ഷേപിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം മാര്‍ച്ച് 31 വരെയുള്ള കണക്കുകള്‍ പ്രകാരം 1.5 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ മൊത്തം കടം.

Latest News