ന്യൂദൽഹി- ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഉടൻ ചികിത്സ നൽകണമെന്ന് തീസ് ഹസാരെ കോടതിയുടെ നിർദ്ദേശം. ആരോഗ്യനില മോശമാണെന്ന റിപ്പോർട്ടിനെ തുടർന്നാണിത്. ഡൽഹി എയിംസിൽ ചികിത്സ ലഭ്യമാക്കണമെന്ന ചന്ദ്രശേഖർ ആസാദിന്റെ ഹരജി പരിഗണിച്ച ചീഫ് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് അഥുൽ വർമ പ്രാഥമിക നടപടിയുടെ ഭാഗമായാണ് ഉടൻ ചികിത്സ നൽകാൻ ആവശ്യപ്പെട്ടത്. ആരോഗ്യനില സംബന്ധിച്ച വിശദാംശങ്ങൾ നൽകാൻ കോടതി ആവശ്യപ്പെട്ടെങ്കിലും ജയിൽ അധികൃതർക്ക് സാധിച്ചില്ല. തുടർന്ന് ഹരജിയിൽ വാദം കേൾക്കുന്നത് നാളത്തേക്ക് മാറ്റി. ഡിസംബർ 21നാണ് ചന്ദ്രശേഖർ ആസാദിനെ കോടതി റിമാന്റ് ചെയ്തത്. പൗരത്വനിയമ ഭേദഗതിക്കെതിരെ ദൽഹി ജുമ മസ്ജിദിൽ നടന്ന സമരത്തിൽ പങ്കെടുത്തതിനായിരുന്നു അറസ്റ്റ്. ആസാദിന്റെ ആരോഗ്യനില മോശമാണെന്ന് അദ്ദേഹത്തിന്റെ ഡോക്ടർ ഹർജിത് സിംഗ് ഭാട്ടി നേരത്തെ പറഞ്ഞിരുന്നു. ആസാദിനെ ഉടൻ ആശുപത്രിയിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും ആവശ്യപ്പെട്ടിരുന്നു.