ന്യൂദൽഹി- രാജ്യത്തെ ഞെട്ടിച്ച ദൽഹി നിർഭയ കൂട്ടബലാൽസംഗക്കേസിലെ പ്രതികളെ ഈ മാസം 22ന് തൂക്കിലേറ്റും. നാലു പേർക്കും ദൽഹി കോടതി മരണ വാറണ്ട് നല്കി. 22ന് രാവിലെ ഏഴു മണിക്കാണ് പ്രതികളെ തൂക്കിലേറ്റുക. മുകേഷ് കുമാർ, വിനയ് ശർമ്മ, പവൻകുമാർ ഗുപ്ത, അക്ഷയ് കുമാർ സിംഗ് എന്നിവരെയാണ് തൂക്കിലേറ്റുക. ഇവർ നൽകിയ റിവ്യൂ ഹരജികളെല്ലാം സുപ്രീം കോടതി തളളിയിരുന്നു. 2013 ഡിസംബർ 16 നായിരുന്നു പാരാമെഡിക്കൽ വിദ്യാർത്ഥിനിയായ പെൺകുട്ടിയെ പ്രതികൾ ഓടുന്ന ബസിൽ വെച്ച് ക്രൂരമായി കൂട്ടബലാൽസംഗത്തിന് വിധേയയാക്കിയത്. ശരീരത്തിൽ മാരക മുറിവുകളേൽപ്പിച്ച പെൺകുട്ടി, സിംഗപ്പൂരിൽ ചികിൽസയ്ക്കിടെയാണ് മരിച്ചത്. സംഭവത്തിൽ രാജ്യത്ത് പ്രതിഷേധം ശക്തമായതോടെയാണ് സർക്കാർ വിദഗ്ധ ചികിൽസയ്ക്കായി സിംഗപ്പൂരിലേക്ക് കൊണ്ടുപോയത്.
2017 മെയ് അഞ്ചിനാണ് വിചാരണ കോടതി വിധിക്കെതിരായ നാലുപ്രതികളുടെ അപ്പീൽ സുപ്രീംകോടതി തളളിയത്. കേസ് അപൂർവ്വങ്ങളിൽ അപൂർവ്വമാണെന്നും സമൂഹമനസാക്ഷിക്ക് മുറിവേറ്റ സംഭവമാണെന്നും ചൂണ്ടിക്കാണിച്ചായിരുന്നു സുപ്രീംകോടതിയുടെ ഉത്തരവ്. രണ്ട് ആരാച്ചാർമാരുടെ സേവനം വിട്ടുതരണമെന്ന് ആവശ്യപ്പെട്ട് ഉത്തർപ്രദേശ് ജയിൽ അധികാരികൾക്ക് തീഹാർ ജയിൽ അധികൃതർ നടപ്പാക്കുന്നതിനായി കത്തയച്ചു.
ആരാച്ചാർമാരെ നൽകണമെന്ന് ആവശ്യപ്പെട്ട് തീഹാർ ജയിൽ സൂപ്രണ്ടിന്റെ കത്തു ലഭിച്ചതായി യുപി ജയിൽ അഡ്മിനിസ്‌ട്രേഷൻ ഡയറക്ടർ ജനറൽ അനന്ത് കുമാർ സ്ഥിരീകരിച്ചു. ഡിസംബർ ഒമ്പതിനാണ് കത്തു ലഭിച്ചത്. എന്നാൽ, ഏതുകേസിലെ പ്രതികളുടെ ശിക്ഷ നടപ്പാക്കാനാണ് ആരാച്ചാർമാരെ ആവശ്യപ്പെട്ടതെന്നും, എന്നാണ് ശിക്ഷ നടപ്പാക്കുന്നതെന്നും കത്തിലില്ലെന്ന് അനന്ത് കുമാർ പറഞ്ഞു. ആരാച്ചാർമാർ ഏതു നിമിഷവും പൂർണസജരായിരിക്കാനും തീഹാർ ജയിൽ അധികൃതർ നിർദേശിച്ചിട്ടുണ്ട്. യുപി ജയിൽ വകുപ്പിന് കീഴിൽ രണ്ട് ആരാച്ചാർമാരാണുള്ളത്. ഒരാൾ ലക്‌നൗവിലും മറ്റേയാൾ മീററ്റിലുമാണെന്നും ജയിൽ അധികൃതർ പറഞ്ഞു. വധശിക്ഷയ്ക്ക് മുന്നോടിയായി ജയിൽ അധികൃതർ ഡമ്മി പരീക്ഷണം നടത്തിയതായും വിവരമുണ്ട്.