ന്യൂദൽഹി- പൗരത്വവിരുദ്ധ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഉടൻ എയിംസിലേക്ക് മാറ്റണമെന്ന് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. പ്രതിഷേധങ്ങൾക്കെതിരെ നാണംകെട്ട നടപടിയാണ് ഈ സർക്കാർ സ്വീകരിക്കുന്നതെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ചന്ദ്രശേഖർ ആസാദിനെ ഉടൻ ആശുപത്രിയിലേക്ക് നീക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു.
ചന്ദ്രശേഖർ ആസാദിന് അടിയന്തര ചികിത്സ വേണമെന്ന് ഡോക്ടർ ഹർജീത് സിംഗ് ഭാട്ടി ആവശ്യപ്പെട്ടിരുന്നു. ഡൽഹി ജുമ മസ്ദിൽ നടന്ന പ്രതിഷേധത്തിനിടെ പോലീസിന് പിടി കൊടുത്ത ചന്ദ്ര ശേഖർ ആസാദ് തിഹാർ ജയിലിലാണ് കഴിയുന്നത്.
ജയിൽ അധികൃതരും പോലീസും ചന്ദ്രശേഖറിന് ചികിത്സ നിഷേധിക്കുകയാണെന്നും അദ്ദേഹം അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടാവസ്ഥയിലാണെന്നുമാണ് അദ്ദേഹത്തെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞു. പെട്ടെന്നു കട്ടിയാകുന്ന രക്തമാണ് ചന്ദ്രശേഖറിന്റേത്. രണ്ടാഴ്ചയിൽ ഒരിക്കൽ രക്ത പരിശോധന നടത്തി മരുന്നുകൾ കഴിച്ചില്ലെങ്കിൽ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണെന്നും ഡോ. ഭാട്ടി പറഞ്ഞു.
ആസാദിനെ കഴിഞ്ഞ ദിവസം ജയിലിൽ സന്ദർശിച്ച ഭീം ആർമി വക്താവ് ഖുഷ് അംബേദ്കർവാദിയും അദ്ദേഹം അവശ നിലയിലാണെന്നു വ്യക്തമാക്കി. കഴിഞ്ഞ ഒന്നര വർഷമായി ചന്ദ്രശേഖർ ചികിത്സയിലാണ്. കഴിഞ്ഞ ആഴ്ച രക്ത പരിശോധന നടത്തേണ്ടതായിരുന്നു. ചന്ദ്രശേഖറിന് ഇപ്പോൾ കടുത്ത തലവേദനയും തളർച്ചയും അടിവയറിന് വേദനയും ഉണ്ടെന്നും ഖുഷ് പറഞ്ഞു. അടിയന്തരമായി അദ്ദേഹത്തിന് ചികിത്സ ലഭിച്ചില്ലെങ്കിൽ അദ്ദേഹത്തിന്റെ രക്തം കട്ട പിടിച്ച് ഹൃദയാഘാതം ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നും ഖുഷ് വ്യക്തമാക്കി.
കടുത്ത മനുഷ്യവാകാശ ലംഘനം അവസാനിപ്പിച്ചു ഡൽഹി പോലീസും അവരുടെ ചുമതലയുള്ള അമിത്ഷായും ആസാദിനെ എത്രയും വേഗം എയിംസിൽ പ്രവേശിപ്പിക്കണമെന്നും ഭീം ആർമി വക്താവ് വ്യക്തമാക്കി. എന്നാൽ, ചന്ദ്രശേഖർ ആസാദിന് നിലവിൽ കുഴപ്പങ്ങളൊന്നുമില്ലെന്നും പതിവായി ജയിലിൽ നടത്തുന്ന വൈദ്യപരിശോധന നടക്കുന്നുണ്ടെന്നുമാണ് ജയിൽ അധികൃതർ പറയുന്നത്. കഴിഞ്ഞ ഡിസംബർ 21നാണ് ചന്ദ്രശേഖർ ആസാദ് ഒരു പകൽ മുഴുവൻ തന്റെ പിന്നാലെ ഡൽഹി പോലീസിനെ വട്ടം കറക്കിയ ശേഷം പിടി കൊടുത്തത്.