ന്യൂയോര്‍ക്ക്- പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ എന്ന തസ്തികയില്‍ ജോലി ചെയ്യാന്‍ ആഗ്രഹമുള്ള യോഗ്യരില്‍ നിന്ന് ഈയിടെ അമേരിക്കന്‍ ബഹിരാകാശ ഗവേഷണഷ ഏജന്‍സിയായ നാസ അപേക്ഷ ക്ഷണിച്ചിരുന്നു. ഈ ജോലിക്കായി ലഭിച്ച അപേക്ഷരുടെ വിശദാംശങ്ങള്‍ പരിശോധിക്കുന്നതിനിടെയാണ് ഒമ്പതു വയസ്സുകാരന് ജാക്ക് ഡേവിസ് എന്ന കൊച്ചു പയ്യന്റെ ഒരു അപേക്ഷ നാസ അധികൃതരുടെ കണ്ണില്‍പ്പെട്ടത്.
ബഹിരാകാശ പേടകങ്ങള്‍ വഴി എത്തുന്ന സൂക്ഷ്മ ജീവികളില്‍ നിന്നും അണുക്കളില്‍ നിന്നു ഭൂമിയുള്‍പ്പെടെയുള്ള ഗ്രഹങ്ങളെ സംരക്ഷിക്കുകയാണ് ജോലി. ഗാര്ഡിയന് ഓഫ് ദി ഗ്യാലക്സി എന്നു സ്വയം വിശേഷിപ്പിച്ച് എഴുതിയിരിക്കുന്ന കത്ത് ഇങ്ങനെ:
'പ്രിയപ്പെട്ട നാസ,
ഞാന്‍ ജാക്ക് ഡേവിസ്. പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസറുടെ ജോലിക്കുള്ള എന്റെ അപേക്ഷ സ്വീകരിക്കണം. എനിക്ക് ഒമ്പതു വയസ്സേ ആയിട്ടുള്ളൂ എങ്കിലും ഈ ജോലിക്ക് ഞാന്‍ യോഗ്യനാണ്. കാരണം എന്റെ സഹോദരി ഞാനൊരു അന്യഗ്രഹ ജീവിയാണെന്ന് പറയാറുണ്ട്. മാത്രവുമല്ല, അന്യഗ്രഹ ജീവികള്‍ കഥാപാത്രങ്ങളായുള്ള സിനിമകളെല്ലാം ഞാന്‍ കണ്ടിട്ടുണ്ട്. വീഡിയോ ഗെയിംമിലും ഞാന്‍ നിപുണനാണ്. ഞാനൊരു കുട്ടിയായതു കൊണ്ട് ഒരു അന്യഗ്രഹ ജീവിയെ പോലെ ആകാന്‍ പഠിക്കാനും എനിക്കു കഴിയും.
വിശ്വസ്തതയോടെ,
ജാക്ക് ഡേവിസ്
ഗാര്ഡിയന് ഓഫ് ദി ഗ്യാലക്സി
നാലാം ക്ലാസ്'
ഒരു തമാശയായി തള്ളിക്കളയാമായിരുന്ന ഈ കുസൃതി കത്ത് പക്ഷെ നാസ കാര്യമായെടുത്തു. നാസയുടെ പ്ലാനറ്ററി സയന്‍സ് വിഭാഗം മേധാവി ജിം ഗ്രീം ഉടന്‍ തന്നെ ഒരു മറുപടി കത്തെഴുതി ഒപ്പു വച്ച് ജാക്കിന് അയച്ചു.
'പ്രിയപ്പെട്ട ജാക്ക്,
നീ ഗാര്ഡിയന് ഓഫ് ഗ്യാലക്സിയാണെന്നും നാസയില്‍ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസറാകാന്‍ ആഗ്രഹിക്കുന്നുവെന്നും ഞാനറിഞ്ഞു. മഹത്തരം തന്നെ.
ഞങ്ങളുടെ പ്ലാനറ്ററി പ്രൊട്ടക്ഷന്‍ ഓഫീസര്‍ ജോലി വളരെ ലളിതവും എന്നാല്‍ പ്രധാനപ്പെട്ടതുമായ ഒന്നു ജോലിയാണ്. ചന്ദ്രനില്‍ നിന്നും ചൊവ്വയില്‍ നിന്നും മറ്റു ഗ്രഹങ്ങളില്‍ നിന്നും സാമ്പിളുകള്‍ ഭൂമിയിലേക്ക് കൊണ്ടു വരുമ്പോള്‍ അവയില്‍ നിന്നുള്ള സൂക്ഷ്മജീവികളില്‍ നിന്നും അണുക്കളില്‍ നിന്നും ഭൂമിയെ സംരക്ഷിക്കുക എന്നതാണ് ജോലി. ഭൂമിയില്‍ നിന്നുള്ള സൂക്ഷ്മജീവികളില്‍ നിന്നും മറ്റു ഗ്രഹങ്ങളെ സംരക്ഷിക്കുക എന്നതും ഈ ജോലിയുടെ ഭാഗമാണ്.ബുദ്ധിമാന്മാരായ ഭാവി ശാസ്ത്രജ്ഞരേയും എന്‍ജിനീയര്‍മാരേയും സഹായത്തിനായി ഞങ്ങള്‍ക്ക് എപ്പോഴും ആവശ്യമുണ്ട്. അതുകൊണ്ട് നന്നായി പഠിച്ച് നീ സ്കൂളില്‍ മികച്ച വിജയം നേടുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു. അങ്ങനെ ജയിച്ച ശേഷം നിന്നെ നാസയില്‍ വച്ചു കാണാമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.
വിശ്വസ്തതയോടെ.
ഡോ. ജെയിംസ് എല്‍ ഗ്രീന്‍
ഡയറക്ടര്‍, പ്ലാനറ്ററി സയന്‍സ് വിഭാഗം
നാസ:'
ജാക്കിന്റെ കത്തിനു മറുപടി അയച്ചതിനു പുറമെ നാസ അവനെ നേരിട്ട് വിളിക്കുകയും ചെയ്തു. ഈ ജോലിക്ക് അപേക്ഷിക്കാനുള്ള താല്പര്യം കാണിച്ചതിന് അഭിനന്ദിച്ചു കൊണ്ട് നാസയുടെ പ്ലാനറ്ററി റിസര്‍ച് ഡയറക്ടര്‍ ജോനാഥന് റാള് ആണ് ജാക്കിനെ ഫോണില്‍ വിളിച്ചത്.
ചെറിയൊരു അപേക്ഷയിലൂടെ നാസയില്‍ നിന്ന് വലിയ പ്രോത്സാഹനവും പിന്തുണയും ലഭിച്ചതിന്റെ ത്രില്ലിലാണിപ്പോള്‍ ജാക്ക്.