മുംബൈ-പത്മശ്രീ ജേതാവും പ്രമുഖ ബോളിവുഡ് ഗായികയുമായ അനുരാധ പഡ്‌വാള്‍ തന്റെ അമ്മയാണെന്ന അവകാശവാദവുമായി വര്‍ക്കല സ്വദേശിനിയായ യുവതി രംഗത്തെത്തിയിരുന്നു. മാതൃത്വം അംഗീകരിക്കണമെന്നും 50 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് ഇവരുടെ ആവശ്യം. ഇതിനായി ഇവര്‍ ജില്ലാകോടതിയെ സമീപിച്ചു. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് അനുരാധ. തനിക്ക് അങ്ങനെ ഒരു മകളില്ലെന്നും ഈ വിഡ്ഢിത്തരത്തോട് പ്രതികരിക്കാനില്ലെന്നും അനുരാധ പറഞ്ഞു. തനിക്ക് ഒരു നിലവാരമുണ്ടെന്നും അതുകൊണ്ട് ഇത്തരം വിഷയങ്ങളില്‍ വലിച്ചിഴക്കപ്പെടാന്‍ ആഗ്രഹിക്കുന്നില്ലെന്നും അനുരാധ കൂട്ടിച്ചേര്‍ത്തു.
1974 ലാണ് കര്‍മ്മലയുടെ ജനനം. ജനനത്തെ കുറിച്ചും വളര്‍ച്ചയെ കുറിച്ചും കര്‍മ്മല പറയുന്നതിങ്ങനെ,'അനുരാധ പഡ്‌വാള്‍ അരുണ്‍ പഡ്‌വാള്‍ ദമ്പതികളുടെ മൂത്തമകളായിരുന്നു ഞാന്‍. സംഗീതരംഗത്തെ തിരക്കുകള്‍ കാരണം ജനിച്ച നാലാം ദിവസം മാതാവ് മകളായ എന്നെ, തൊട്ടടുത്ത് താമസിച്ചിരുന്ന കുടുംബ സുഹൃത്തും സൈനികനും വര്‍ക്കല സ്വദേശിയുമായ പൊന്നച്ചനും ഭാര്യ ആഗ്‌നസിനെയും ഏല്‍പ്പിച്ചു. പൊന്നച്ചന് തിരുവനന്തപുരത്തേക്ക് സ്ഥലംമാറ്റം കിട്ടിയപ്പോള്‍ കര്‍മ്മലയെ കൂട്ടിക്കൊണ്ടു പോകാന്‍ അനുരാധയും അരുണ്‍ പഡ്‌വാളും എത്തിയതാണ്. എന്നാല്‍ കുട്ടിയായിരുന്ന അവര്‍ക്കൊപ്പം അന്ന് പോകാന്‍ കൂട്ടാക്കിയില്ല. ഇതോടെ അനുരാധ മകളെ മറന്നു. പൊന്നച്ചനും ഭാര്യ ആഗ്‌നസും അവരുടെ മൂന്ന് മക്കള്‍ക്കൊപ്പം വളര്‍ത്തുകയൂം പഠിപ്പിക്കുകയും വിവാഹം കഴിച്ച് അയയ്ക്കുകയും ചെയ്തു' എന്നാണ് കര്‍മ്മല പറയുന്നത്.
പൊന്നച്ചന്‍ മരിക്കുന്നതിന് തൊട്ടു മുമ്പാണ് താന്‍ ഗായികയുടെ മകളാണെന്ന വിവരം കര്‍മ്മലയെ അറിയിച്ചത്. തുടര്‍ന്ന് അനുരാധയെ കണ്ട് കര്‍മ്മല വിവരം പറഞ്ഞെങ്കിലും അവര്‍ മകളായി അംഗീകരിക്കാന്‍ കൂട്ടാക്കിയില്ല. മറ്റു രണ്ടു പെണ്‍മക്കള്‍ ഇക്കാര്യം അംഗീകരിക്കില്ലെന്ന് ആയിരുന്നു മറുപടി. ഇതോടെയാണ് മകളായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് യുവതി കുടുംബ കോടതിയില്‍ എത്തിയത്. തനിക്ക് ലഭിക്കേണ്ട മാതൃത്വം അനുരാധ നല്‍കാന്‍ കൂട്ടാക്കിയില്ലെന്നും ബാല്യ, കൗമാര യൗവന കാലത്തെ പരിചരണം നിഷേധിക്കപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ 50 കോടി നഷ്ടപരിഹാരമായി നല്‍കണമെന്നുമാണ് ഹര്‍ജിയില്‍ പറഞ്ഞിരിക്കുന്നത്. ഇക്കാര്യത്തില്‍ താന്‍ അയച്ച വക്കീല്‍ നോട്ടീസ് അനുരാധ കൈപ്പറ്റാതെ മടക്കി അയച്ചെന്നും കര്‍മ്മല കുറ്റപ്പെടുത്തുന്നു.
കേസ് ജനുവരി 27ന് പരിഗണിക്കും. അനുരാധ പഡ്‌വാളിനെയും രണ്ട് കുട്ടികളെയും നേരിട്ട് ഹാജരാക്കാന്‍ തിരുവനന്തപുരം ജില്ലാ കുടുംബ കോടതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കര്‍മ്മലയുടെ അഭിഭാഷകന്‍ അനില്‍ പ്രസാദ് പറഞ്ഞു. കേസ് ഫയല്‍ ചെയ്യുന്നതിന് മുമ്പ് ഗായകനെയും രണ്ട് മക്കളെയും ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടുണ്ടെന്നും എന്നാല്‍ അവരില്‍ നിന്ന് ഒരിക്കലും നല്ല പ്രതികരണം ലഭിച്ചില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അനുരാധ പഡ്‌വാളും അരുണ്‍ പഡ്‌വാളും കര്‍മ്മലയുടെ അവകാശവാദം നിരസിക്കുകയാണെങ്കില്‍, അവര്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെടുമെന്നും പ്രസാദ് പറഞ്ഞു.