കാന്‍ബറെ- ജനജീവിതം ദുസഹമാക്കി ഓസ്‌ട്രേലിയയില്‍ കാട്ടുതീ പടരുകയാണ്. ജനം വീടും സ്ഥലവും ഉപേക്ഷിച്ചു പലായനം ചെയ്യുകയാണ്. എന്നാല്‍ സംഭവത്തില്‍ തണുപ്പന്‍ സമീപനം കാണിക്കുന്നുവെന്ന് ആരോപിച്ചു പ്രധാനമന്ത്രി സ്‌കോട്ട് മോറിസനെതിരെ ജനരോഷം ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയെ നാട്ടുകാര്‍ ചീത്ത വിളിച്ചോടിക്കുകയും ചെയ്തു. ന്യൂ സൗത്ത് വെയില്‍സിലെ കാട്ടുതീയില്‍ ഏറ്റവുമധികം കത്തിനശിച്ച കൊബാര്‍ഗോ പട്ടണത്തിലാണ് സ്‌കോട്ട് മോറിസന് ജനരോഷം നേരിടേണ്ടി വന്നത്.
സംസ്ഥാനത്തിന്റെ തെക്കുകിഴക്കന്‍ തീരത്താണ് കൊബാര്‍ഗോ പട്ടണം. കാട്ടുതീയില്‍ ഈ പ്രദേശത്ത് ഒരു അച്ഛനും മകനുംവീട് രക്ഷിക്കാനുള്ള ശ്രമത്തിനിടെ മരിച്ചിരുന്നു. കാട്ടുതീ ബാധിച്ച പ്രദേശങ്ങളില്‍ വ്യാഴാഴ്ചയാണ് പ്രധാനമന്ത്രി സന്ദര്‍ശനം നടത്തിയത്. പ്രദേശത്തെ കുറച്ചുപേര്‍ക്കൊപ്പം പ്രധാനമന്ത്രി ഫോട്ടോയെടുക്കുകയും ചെയ്തു.
അതിനു പിന്നാലെ, കാട്ടുതീ സാഹചര്യത്തോട് പ്രധാനമന്ത്രി സ്വീകരിക്കുന്ന സമീപനത്തെ ചോദ്യം ചെയ്ത് പലരും രംഗത്തെത്തുകയായിരുന്നു. മുഖത്തു നോക്കി അസഭ്യം പറഞ്ഞുകൊണ്ടാണ് പലരും പ്രധാനമന്ത്രിയെ എതിരേറ്റത്. ഒരാള്‍ പ്രധാനമന്ത്രിയുടെ അടുത്തെത്തി അദ്ദേഹത്തെ വിഡ്ഢിയെന്ന് വിളിച്ചപ്പോള്‍, ഈ പ്രദേശത്ത് നിന്ന് ഒരു വോട്ടുപോലും ലിബറല്‍ പാര്‍ട്ടിക്ക് കിട്ടില്ല എന്നാണ് മറ്റൊരാള്‍ പറഞ്ഞത്. കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ പ്രധാനമന്ത്രിക്ക് നേരേ കൂവി വിളിക്കുകയായിരുന്നു. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയായ കിരിബിലി ഹൗസിലേക്ക് തിരിച്ചുപോകാന്‍ പറഞ്ഞുകൊണ്ടാണ് പലരും ആക്രോശിച്ചത്.തുടര്‍ന്ന് പ്രധാനമന്ത്രിയുടെ കൂടെയുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ കാറിലേക്ക് കൂട്ടിക്കൊണ്ടുപോകുകയും, പ്രദേശത്തു നിന്ന് പോകുകയും ചെയ്തു. നേരത്തേ, ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനൊപ്പം കിരിബിലി ഹൗസില്‍ നിന്ന് ഫോട്ടോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത സ്‌കോട്ട് മോറിസന് എതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിഡ്‌നി ടെസ്റ്റിന് മുന്നോടിയായാണ് ഓസ്‌ട്രേലിയയുടെയും ന്യൂസിലന്റിന്റെയും ടീമുകള്‍ക്കൊപ്പം അദ്ദേഹം ഫോട്ടോയെടുത്തത്.രാജ്യം കത്തിയെരിയുമ്പോള്‍ കുടുംബവുമൊത്ത് വിദേശത്ത് അവധിയാഘോഷിക്കാന്‍ പോയത് കടുത്ത വിമര്‍ശനം വിളിച്ചുവരുത്തിയിരുന്നു.