പട്ന- ബിഹാര്‍ മുഖ്യമന്ത്രിയും ജെഡിയു നേതാവുമായ നിതീഷ് കുമാറിന്റെ ആസ്തിയില്‍ കഴിഞ്ഞ വര്‍ഷം വര്‍ധന രേഖപ്പെടുത്തിയില്ല. ബിഹാറിലെ മന്ത്രിമാരുടെ വാര്‍ഷിക ആസ്തി കണക്ക് റിപോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. മന്ത്രിസഭയിലെ മറ്റ് അംഗങ്ങളുടെ സാമ്പത്തിക സ്ഥിതിയും വളര്‍ച്ചയും മുഖ്യമന്ത്രിയേക്കാള്‍ ഭേദപ്പെട്ടതാണ്. ഒരു വര്‍ഷത്തിനിടെ നിതീഷ് കുമാറിന്റെ ആസ്തിയിലുണ്ടായ വര്‍ധന അദ്ദേഹത്തിന്റെ തൊഴുത്തില്‍ മാത്രമാണെന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ വര്‍ഷം എട്ടു പശുക്കളും ആറ് കിടാങ്ങളുമാണ് നിതീഷിന്റെ തൊഴുത്തിലുണ്ടായിരുന്നത്. ഇപ്പോള്‍ അത് പത്ത് പശുക്കളും ഏഴ് കിടാങ്ങളുമായി വര്‍ധിച്ചിട്ടുണ്ട്. കയ്യിലുണ്ടായിരുന്ന 42,000 രൂപ ഈ വര്‍ഷം 38,039 രൂപയായി കുറഞ്ഞു. 16 ലക്ഷം രൂപയുടെ ജംഗമ വസ്തുക്കളും ദല്‍ഹിയിലെ ദ്വാരകയിലെ ഒരു ഫ്ളാറ്റ് ഉള്‍പ്പെടെ 40 ലക്ഷം രൂപ മൂല്യമുള്ള സ്ഥാവര വസ്തുക്കുക്കളും നിതീഷിനുണ്ട്.
ബിഹാറിലെ മന്ത്രിമാരുടെ ആസ്തി വിവരങ്ങള്‍ എല്ലാ വര്‍ഷവും വെളിപ്പെടുത്തുന്ന രീതി നിതീഷ് കൊണ്ടു വന്നതാണ്. നേരത്തെ സര്‍ക്കാരിന്റെ വാര്‍ഷിക പ്രകടന റിപോര്‍ട്ടും പുറത്തിറക്കിയിരുന്നു. ഇതിപ്പോള്‍ ഇല്ല. 2010 മുതല്‍ ഇവ സര്‍ക്കാരിന്റെ വെബ്സൈറ്റില്‍ പൊതുജനങ്ങള്‍ക്ക് പരിശോധിക്കാനായി പ്രസിദ്ധപ്പെടത്തി വരുന്നു. കഴിഞ്ഞ ദിവസമാണ് പുതിയ ആസ്തി വിവരം പ്രസിദ്ധപ്പെടുത്തിയത്.