പൂനെ-പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് നടത്തിയ റാലിയില്‍ കോണ്‍ഗ്രസിനെയും, ശിവസേനയെയും കടന്നാക്രമിച്ച് കേന്ദ്രമന്ത്രി രാംദാസ് ആത്വാലെ. ബിജെപി സഖ്യകക്ഷിയായ ആത്വാലെ ദേശീയ പൗരത്വ രജിസ്റ്റര്‍ അസമില്‍ ഒതുങ്ങുമെന്നും, മറ്റ് സംസ്ഥാനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്നും പ്രഖ്യാപിച്ചു. കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പൗരത്വ നിയമവും, പൗരത്വ രജിസ്റ്ററും തമ്മില്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. പ്രതിപക്ഷത്തിന്റെ തെറ്റായ പ്രചരണങ്ങളുടെ ഭാഗമായാണ് തെരുവുകളില്‍ പ്രതിഷേധങ്ങള്‍ അരങ്ങേറുന്നതെന്ന ബിജെപി നിലപാടിനെ ആത്വാലെ അനുകൂലിച്ചു. പൗരത്വ നിയമത്തിന് അനുകൂലമായി റിപബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ സംഘടിപ്പിച്ച റാലിയിലാണ് പ്രചരണങ്ങള്‍ തുടക്കം കുറിച്ചത്.
ഇന്ത്യയിലെ മുസ്ലീങ്ങള്‍ ഇതുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ടെന്നും, അവര്‍ പൂര്‍ണ്ണമായും സുരക്ഷിതരാണെന്നും ആത്വാലെ വ്യക്തമാക്കി. 'കോണ്‍ഗ്രസ് ഉള്‍പ്പെടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ മുസ്ലീങ്ങളെയും, ആദിവാസികളെയും, കൃത്യമായ രേഖകളില്ലെന്ന് പറയുന്ന സമൂഹങ്ങളെയും വഴിതെറ്റിക്കുകയാണ്, ഇവരുടെ പൗരത്വം നഷ്ടമാകുമെന്ന് ബോധിപ്പിക്കുകയാണ്. എന്‍ആര്‍സി അസമില്‍ മാത്രം ഒതുങ്ങുന്ന കാര്യമാണ്. മറ്റ് സംസ്ഥാനങ്ങള്‍ എന്‍ആര്‍സിയെക്കുറിച്ച് ആശങ്കപ്പെടേണ്ട', ആത്വാലെ പ്രസ്താവിച്ചു.
പൗരത്വ നിയമവും, എന്‍ആര്‍സിയും തമ്മില്‍ ബന്ധമില്ലെന്നാണ് ബിജെപി നേതാക്കളും, കേന്ദ്രമന്ത്രിമാരും തുടര്‍ച്ചയായി നിലപാട് സ്വീകരിക്കുന്നത്. അതേസമയം എന്‍ആര്‍സി പൂര്‍ണ്ണമായും ഒഴിവാക്കുമെന്ന് കേന്ദ്രം വ്യക്തമായിട്ടില്ല.