Sorry, you need to enable JavaScript to visit this website.

ഏകജാലക നിക്ഷേപ സജ്ജീകരണങ്ങളുമായി ഇൻവെസ്റ്റ്  കേരള പോർട്ടൽ

സംസ്ഥാന സർക്കാർ തുടക്കമിട്ട ഇൻവെസ്റ്റ് കേരള പോർട്ടൽ   https://invest.kerala.gov.in  ജനുവരി 9, 10 തീയതികളിൽ കൊച്ചിയിൽ നടക്കുന്ന അസെൻഡ് 2020 ആഗോള നിക്ഷേപക സംഗമ ഭാഗമായി എല്ലാവിധ സജ്ജീകരണങ്ങളോടും കൂടി നിക്ഷേപകർക്കു വേണ്ട ഏകജാലക സംവിധാനമായി മാറ്റും. 
കേരളത്തിൽ ഇപ്പോൾ നിക്ഷേപിക്കാൻ താൽപര്യമുള്ളവർക്കും ഭാവിയിൽ ഇതിനു വേണ്ടി തയാറെടക്കുന്നവർക്കുമായി  ലാൻഡ് ബാങ്ക്, നിക്ഷേപത്തിനുള്ള നടപടിക്രമങ്ങൾ, വിവിധ സേവനങ്ങളും പദ്ധതികളും, വായ്പകൾ തുടങ്ങി എല്ലാ വിവരങ്ങളും ഈ പോർട്ടലിൽ ലഭ്യമായിരിക്കുമെന്ന് സംസ്ഥാന വ്യവസായ മന്ത്രി ഇ.പി. ജയരാജൻ അറിയിച്ചു. 


സംസ്ഥാന സർക്കാർ സ്ഥാപിക്കാനുദ്ദേശിക്കുന്ന വ്യവസായ പാർക്കുകൾക്കു പുറമെ  വ്യവസായാവശ്യങ്ങൾക്കായി 2000 ഏക്കർ മാറ്റിവെച്ചിട്ടുണ്ടെന്ന് മന്ത്രി വെളിപ്പെടുത്തി. വ്യവസായങ്ങൾക്കായുള്ള സബ്‌സിഡി, ഗ്രാന്റ് എന്നിവക്കുള്ള പദ്ധതികൾക്കും രൂപം നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാർ രൂപീകരിച്ച കേരള സ്റ്റേറ്റ് സിംഗിൾ വിൻഡോ ബോർഡിന്റെ ഭാഗമായുള്ള ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ ആൻഡ് ഫസിലിറ്റേഷൻ സെല്ലുകൾ നിക്ഷേപകരുമായും സംരംഭങ്ങൾക്ക് അപേക്ഷ നൽകിയിരിക്കുന്നവരുമായും ആശയവിനിമയം നടത്തുകയും സംരംഭങ്ങൾക്കു വേണ്ട അനുമതികൾ സുഗമമായി ലഭ്യമാക്കുകയും ചെയ്യും. പെട്രോകെമിക്കൽ, ജൈവ ശാസ്ത്രം, ഇലക്ട്രോണിക്‌സ്, ഭക്ഷ്യ സംസ്‌കരണം, പ്രതിരോധം എന്നീ വ്യവസായങ്ങൾക്കായിരിക്കും ഭാവിയിൽ സർക്കാർ മുൻതൂക്കം നൽകുക. രാജ്യത്തിനകത്തും പുറത്തും നിന്ന് വ്യവസായങ്ങൾ ആകർഷിക്കാൻ  സാധിക്കുന്ന മികച്ച കേന്ദ്രമായി കേരളത്തെ മാറ്റന്നതിനുള്ള സുപ്രധാന നാഴികക്കല്ലായി അസെൻഡ് 2020 നെ മാറ്റാനുള്ള നടപടികളാണ് സ്വീകരിക്കുന്നത്. നിക്ഷേപം ആകർഷിക്കുന്നതിന് ഏറ്റവും അനുയോജ്യമായ സംസ്ഥാനമാണ് കേരളം എന്ന് തെളിയിക്കുന്നതിനുള്ള വിശദവും കൃത്യവുമായ പദ്ധതികൾ മാത്രമല്ല,  വ്യവസായ സംരംഭങ്ങൾക്ക്  അനുമതി നൽകുന്നതിൽ സമീപ കാലത്ത് വരുത്തിയ ഇളവുകളും  അസെൻഡ് 2020 ൽ അവതരിപ്പിക്കും.


അമ്പലമുകളിൽ ഫാക്ട് പരിസരത്ത് പെട്രോകെമിക്കൽ വ്യവസായങ്ങൾക്കു മാത്രമായി പെട്രോകെമിക്കൽ പാർക്ക്,  ഇലക്ട്രോണിക് ഹാർഡ്വെയർ ഉൽപാദനവും സംയോജനവും ആമ്പല്ലൂരിലെ നൂറേക്കറിൽ ഇലക്ട്രോണിക് പാർക്ക്, പ്രതിരോധ മേഖലക്കാവശ്യമായ യന്ത്രഭാഗങ്ങൾ നിർമിക്കുകയും അറ്റകുറ്റപ്പണി നടത്തുകയും  ചെയ്യുന്ന  പാലക്കാട്  കിൻഫ്ര ഡിഫൻസ് പാർക്ക്, തിരുവനന്തപുരത്ത് 75 ഏക്കറിൽ ബയോ 360 ജൈവശാസ്ത്ര പാർക്ക്, പാലക്കാട്ടും ആലപ്പുഴയിലും മെഗാ ഫുഡ് പാർക്കുകൾ തുടങ്ങിയവയാണ് സംസ്ഥാന സർക്കാർ മുൻഗണന നൽകി നടപ്പാക്കുന്ന പദ്ധതികൾ. സംസ്ഥാനത്തെ വിവിധ വകുപ്പുകളിലും ഏജൻസികളിലും സമർപ്പിക്കുന്ന അപേക്ഷകളിൽ ദ്രുതഗതിയിൽ തീരുമാനമെടുക്കുന്നതിനും നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനുമുള്ള ഏകജാലക ക്ലിയറൻസ് സംവിധാനമായ കെസ്വിഫ്റ്റിൽ വകുപ്പുകളും ഏജൻസികളും  ബന്ധിപ്പിച്ച് കഴിഞ്ഞു. കേരളത്തിൽ  ദേശീയ അന്തർദേശീയ നിക്ഷേപത്തിനുള്ള സാധ്യതകൾ വർധിപ്പിക്കാനും സുപ്രധാന മേഖലകളിൽ കേരളത്തിന്റെ സാധ്യതകൾ പങ്കാളികളെ ബോധ്യപ്പെടുത്താനുമാണ് അസെൻഡ് 2020 ലൂടെ  സർക്കാർ ലക്ഷ്യമിടുന്നതെന്ന് മന്ത്രി ജയരാജൻ അറിയിച്ചു.

 

Latest News