ന്യൂയോര്‍ക്ക്- വിമാനയാത്രക്കിടെ തൊട്ടടുത്ത സീറ്റില്‍ ഉറങ്ങുകയായിരുന്ന കൗമാരക്കാരിയെ കടന്നു പിടിച്ച ഇന്ത്യന്‍ ഡോക്ടര്‍ യുഎസില്‍ പിടിയിലായി. ന്യൂയോര്‍ക്കില്‍ നിന്നും ന്യൂജഴ്സിയിലേക്ക് പറക്കുകയായിരുന്ന യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തില്‍ വച്ചാണ് 28 കാരനായ ഡോക്ടര്‍ വിജയകുമാര്‍ കൃഷ്ണപ്പയാണ് ഒറ്റയ്ക്കു യാത്ര ചെയ്യുകയായിരുന്ന 16-കാരിയായ പെണ്‍കുട്ടിയെ കടന്നു പിടിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ആദ്യം പെണ്‍കുട്ടിയുടെ തുടയില്‍ കൈവച്ച വിജകുമാര്‍ പെണ്‍കുട്ടി ഉണര്‍ന്നതിനെ തുടര്‍ന്ന് ഉടന്‍ കൈ പിന്‍വലിച്ചു. വീണ്ടും ഉറക്കത്തിലായ പെണ്‍കുട്ടിയെ പിന്നീട് വിജയകുമാര്‍ കടന്നു പിടിക്കുകയായിരുന്നെന്ന് ഒരു ഫെഡറല്‍ കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. ഉടന്‍ തന്നെ വിമാന ജീവനക്കാരോട് പരാതിപ്പെട്ടു. അവര്‍ പെണ്‍കുട്ടിക്ക് മറ്റൊരു സീറ്റ് നല്‍കുകയായിരുന്നു. പിന്നീട് വിമാനം നെവാര്‍ക്ക് ലിബര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍്ട്ടില്‍ ഇറങ്ങിയപ്പോള്‍ പെണ്‍കുട്ടി രക്ഷിതാക്കളെ വിളിച്ചു സംഭവം അറിയിച്ചു. ഇതു കണ്ട വിജയകുമാര്‍ വിമാനത്താവളത്തില്‍ നിന്നും രക്ഷപ്പെടുകയായിരുന്നെന്ന് പെണ്‍കുട്ടിയുടെ അഭിഭാഷകന് പറഞ്ഞു.
വിജയകുമാറിനെ പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുന്നതില്‍ വീഴ്ച വരുത്തിയ വിമാന കമ്പനിക്കെതിരെ പെണ്‍കുട്ടിയുടെ കുടുംബം പരാതി നല്കി. തുടര്‍ന്ന് കേസന്വേഷണം എഫ് ബി ഐയെ ഏല്‍പ്പിക്കുകയായിരുന്നു. വിമാനത്തിലെ യാത്രക്കാരുടെ പട്ടിക പരിശോധിച്ച് വിജയകുമാറിനെ എഫ് ബി ഐ കണ്ടെത്തി. പെണ്‍കുട്ടി കൂടി പ്രതിയെ തിരിച്ചറിഞ്ഞതോടെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രായൂപര്ത്തിയാകാത്ത പെണ്‍കുട്ടിയുമായി ലൈംഗിക ബന്ധം നടത്തിയെന്നാണ് ഇയാള്‍ക്കെതിരെ ചുമത്തിയ കുറ്റം. ഫെലോഷിപ്പോടെ യു എസില്‍ മെഡിസിന് പഠിക്കാനെത്തിയതാണ് വിജയകുമാര്‍.