റാഞ്ചി- രാജ്യത്തെ പ്രതിപക്ഷ കൂട്ടായ്മയുടെ പുതിയ വിജയത്തിന്റെ പ്രതീകമായി ജാർഖണ്ഡിൽ ഹേമന്ദ് സോറന്റെ കീഴിൽ പുതിയ മന്ത്രിസഭ അധികാരമേറ്റു. ജാർഖണ്ഡിന്റെ പതിനൊന്നാമത്തെ മുഖ്യമന്ത്രിയായാണ് ഹേമന്ദ് സോറൻ അധികാരത്തിലെത്തിയത്. ജാർഖണ്ഡ് മുക്തി മോർച്ച, കോൺഗ്രസ്, ആർ.ജെ.ഡി എന്നീ മുന്നണികൾ ഉൾക്കൊള്ളുന്ന മഹാസഖ്യമാണ് ജാർഖണ്ഡ് തെരഞ്ഞെടുപ്പിൽ വിജയിച്ചത്. ഇത് രണ്ടാം തവണയാണ് സോറൻ മുഖ്യമന്ത്രി പദവിയിൽ എത്തുന്നത്. റാഞ്ചിയിലെ മൊറാബാദി ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ഗവർണർ ദ്രൗപദി മുറുമു സത്യവാചകം ചൊല്ലിക്കൊടുത്തു. കോൺഗ്രസ്, ആർ.ജെ.ഡി എന്നീ പാർട്ടികളുടെ ഓരോ പ്രതിനിധികളും മന്ത്രിമാരായി അധികാരമേറ്റു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഡി.എം.കെ നേതാവ് എം.കെ സ്്റ്റാലിൻ, സി.പി.എം നേതാവ് സീതാറാം യെച്ചൂരി, ആർ.ജെ.ഡി നേതാവ് തേജസ്വി യാദവ്, എന്നിവരടക്കം പ്രതിപക്ഷ നേതാക്കൾ ചടങ്ങിനെത്തി. ഇത് വിപ്ലവ ദിവസമാണെന്നും പുതിയ യുഗത്തിന്റെ തുടക്കമാണെന്നും ഹേമന്ദ് സോറൻ രാവിലെ ട്വീറ്റ് ചെയ്തിരുന്നു.
81 അംഗ ജാർഖണ്ഡ് നിയമസഭയിൽ 47 സീറ്റുകളുമായാണ് മഹാസഖ്യം അധികാരത്തിലെത്തിയത്. ബി.ജെ.പിയിൽനിന്നാണ് മഹാസഖ്യം അധികാരം പിടിച്ചെടുത്തത്.