മുംബൈ- പ്രതിഷേധങ്ങളെ നേരിടാന്‍ സര്‍ക്കാര്‍ ഇന്റര്‍നെറ്റ് നിരോധിക്കുന്നത് ഇന്ത്യയിലിപ്പോള്‍ ഒരു സാധാരണ സംഭവമായി മാറിക്കഴിഞ്ഞു. നിരവധി സേവനങ്ങളേയും ജനങ്ങളുടെ സാധാരണ ജീവിതത്തേയും നേരിട്ടു ബാധിക്കുന്ന ഈ നടപടിക്കെതിരെ പൗരാവകാശ സംഘടനകളും മറ്റും രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോള്‍ ഇതാ ഇന്റര്‍നെറ്റ് സേവന ദാതാക്കലും രംഗത്തു വന്നിരിക്കുന്നു. സമരങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുമ്പോള്‍ ഇന്റര്‍നെറ്റിന് നിരോദനമേര്‍പ്പെടുത്തുന്നത് ഇന്ത്യയിലെ ടെലികോം കമ്പനികള്‍ക്ക് വന്‍ നഷ്ടം വരുത്തിവയ്ക്കുന്നതായാണ് പുതിയ റിപോര്‍ട്ട്. മണിക്കൂറില്‍ രണ്ടര കോടി രൂപയോളമാണ് വരുമാന നഷ്ടം.
മൂന്നാഴ്ച മുമ്പ് പൗരത്വ ഭേദഗതി നിയമം പാര്‍ലമെന്റ് പാസാക്കിയശേഷം രാജ്യമെമ്പാടും ശക്തമായ പ്രതിഷേധ സമരങ്ങളാണ് നടക്കുന്നത്. പ്രതിഷേധക്കാര്‍ സോഷ്യല്‍ മീഡിയയെ സമര പ്രചാരണത്തിനായി ഉപയോഗിക്കുന്നുണ്ട്. ഇതിന് തടയിടുന്നതിനായി സര്‍ക്കാര്‍ പതിവായി ഇടവിട്ട് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തി വരുന്നു. ഇന്റര്‍നെറ്റ് സ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ ഈ നിരോധത്തിനെതിരെ ശക്തമായി രംഗത്തുണ്ട്. ഉത്തര്‍പ്രദേശില്‍ ഇന്നലെ 18 ജില്ലകളിലാണ് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയത്.
ഒരു മാസം ഇന്ത്യാക്കാര്‍ ശരാശരി 9.8 ഗിഗാബൈറ്റ് ഡേറ്റയാണ് ഉപയോഗിക്കുന്നത്. ഇത് ലോകത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണെന്ന് സ്വീഡിഷ് മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ എറിക്സണ്‍ പറയുന്നു. ഫേസ്ബുക്ക്, വാട്സ്ആപ്പ് എന്നിവ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും ഇന്ത്യാക്കാരാണ്.
പ്രതിഷേധം തടയുന്നതിനുള്ള ആദ്യ നടപടി ഇന്റനെറ്റ് നിരോധനം ആകരുതെന്ന് സെല്ലുലാര്‍ ഓപ്പറേറ്റേഴ്സ് ഓഫ് ഇന്ത്യ (സിഒഎഐ) പറയുന്നു. ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ, ജിയോ ഇന്‍ഫോ കോം എന്നീ കമ്പനികളാണ് സിഒഎഐയിലെ അംഗങ്ങള്‍. ഇന്ത്യയിലെ ടെലികോം മേഖലയ്ക്ക് കൂനിന്‍മേല്‍ കുരു പോലെയാണ് ഈ വരുമാന നഷ്ടമെന്ന് അസോസിയേഷന്‍ പറയുന്നു. ഒക്ടോബറിലെ ഒരു സുപ്രീംകോടതി വിധി പ്രകാരം 13 ബില്ല്യണ്‍ ഡോളര്‍ കമ്പനികള്‍ സര്‍ക്കാരിന് നല്‍കാനുമുണ്ട്.
370-ാം ഭരണഘടനാ വകുപ്പ് റദ്ദാക്കി ജമ്മു കശ്മീരിനെ വിഭജിച്ചപ്പോള്‍ പ്രതിഷേധങ്ങളെ നേരിടാന്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് വിലക്ക് കശ്മീരില്‍ 140 ദിവസത്തിലധികമായി തുടരുന്നു. ഇത് കൂടാതെയാണ് ഇപ്പോള്‍ പൗരത്വ നിയമത്തിനെതിരായ പ്രതിഷേധങ്ങളെ തടയാനും സര്‍ക്കാര്‍ ഈ മുറ പ്രയോഗിക്കുന്നത്.