യുപി പോലീസ് നരനായാട്ട് നടത്തിയ അലിഗഢില്‍ 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്! 

അലിഗഢ്- ഡിസംബര്‍ 15ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ അലിഗഢ് മുസ്ലിം സര്‍വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധ സമരവുമായി ബന്ധപ്പെട്ട് ഉത്തര്‍ പ്രദേശ് പോലീസ് 10,000 വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസെടുത്തു. തിരിച്ചറിയാത്ത വിദ്യാര്‍ത്ഥികളാണ് പ്രതികളെന്ന് പോലീസ് പറയുന്നു. അലിഗഢ് ക്യാമ്പസില്‍ പ്രകോപനമില്ലാതെ പൊലീസ് വ്യാപക ആക്രമണം അഴിച്ചുവിട്ടെന്ന്  വസ്തുതാന്വേഷണ സംഘം കണ്ടെത്തിയതിന് പിന്നാലെയാണ് വിദ്യാര്‍ത്ഥികളെ പ്രതിക്കൂട്ടിലാക്കി കേസെടുത്തിരിക്കുന്നത്. ദല്‍ഹി ജാമിയ മിലിയ ഇസ്ലാമിയയിലെ പ്രതിഷേധത്തേക്കാള്‍ ക്രൂരമായിരുന്നു ഇവിടുത്തെ പോലീസ് നരനായാട്ട്. മുന്‍ പോലീസ് ഓഫീസറായ അലിഗഢ് രജിസ്ട്രാര്‍ അബ്ദുല്‍ ഹാമിദ് ഐപിഎസ് ആണ് ക്യാമ്പസിലേക്ക് പോലീസിന് പ്രവേശനം ്അനുവദിച്ചത്. ശേഷമുണ്ടായ ക്രൂരമായ പോലീസ് അതിക്രമങ്ങള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉണ്ടായി. 

ദല്‍ഹിയിലെ ജാമിയ മിലിയ ഇസ്ലാമിയയിലെ പൊലീസ് നടപടിക്കിരയായ വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അലിഗഢിലെ വിദ്യാര്‍ത്ഥികള്‍ മെഴുകുതിരി കത്തിച്ച് പ്രകടനം നടത്തിയതിന് പൊലീസ് 1500 പേര്‍ക്കെതിരെ നേരത്തേ കേസെടുത്തിരുന്നു. സമാധാനപരമായി പ്രതിഷേധ സമരം സംഘടിപ്പിച്ച വിദ്യാര്‍ത്ഥികളെ ബോംബെറിഞ്ഞും കണ്ണീര്‍ വാതകം പ്രയോഗിച്ചും പോലീസ് അടിച്ചൊതുക്കുകയായിരുന്നു. 

അക്രമങ്ങളെ കുറിച്ച് ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് അലിഗഢ് അധ്യാപക സംഘടന ആവശ്യപ്പെട്ടിരുന്നു. കൂടാതെ വിദ്യാര്‍ത്ഥികള്‍ക്കെതി ചുമത്തിയ തെറ്റായ കേസുകളും പിന്‍വലിക്കണമെന്നും കുറ്റക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടിരുന്നു. അക്രമങ്ങളെ തുടര്‍ന്ന് അലിഗഢ് ജനുവരി അഞ്ച് വരെ അടച്ചിട്ടിരിക്കുകയാണ്.
 

Latest News