കൊച്ചി-മുന്‍ ഭാര്യ മഞ്ജു വാര്യരുമായി തനിക്ക് ഒരു ശസ്ത്രുതയും ഇല്ലെന്നും സിനിമ ആവശ്യപ്പെട്ടാല്‍ അവരുമായി ഒന്നിച്ച് അഭിനയിക്കുമെന്നും ദീലിപ്. ഡബ്ല്യൂസിസിയില്‍ ഉള്ളവരെല്ലാം തന്റെ സഹപ്രവര്‍ത്തകര്‍ ആണെന്നും അവര്‍ക്കെല്ലാം നല്ലത് വരാന്‍ ആഗ്രഹിക്കുന്നുവെന്നും ദിലീപ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. നടിയെ അക്രമിച്ച കേസില്‍ തനിക്ക് അറിയാവുന്നത് എല്ലാം ഒരിക്കല്‍ തുറന്ന് പറയുമെന്നും ഇപ്പോള്‍ കേസ് കോടതിയില്‍ ആയതിനാല്‍ പറയനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സിനിമയില്‍ ലഹരി വസ്തുക്കളുടെ ഉപയോഗത്തെ കുറിച്ച് തനിക്ക് അറിയില്ലെന്നും ദിലീപ് പറഞ്ഞു.
നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നാലെ രൂപീകൃതമായ സംഘടനയാണ് ഡബ്ലിയുസിസി. മഞ്ജു വാര്യര്‍ ഉള്‍പ്പെടെയുള്ളവരാണ് ഇതിനു തുടക്കമിട്ടത്.
നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ ദിലീപ് വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം വിടുതല്‍ ഹര്‍ജി നല്‍കിയിരുന്നു. നടി ആക്രമിക്കപ്പെടുന്ന ദൃശ്യങ്ങളുടെ ആധികാരികതയില്‍ സംശയം പ്രകടിപ്പിച്ച് ആണ് ദിലീപിന്റെ നീക്കം. കോടതിയുടെ പ്രത്യേക അനുമതിയോടെ കഴിഞ്ഞദിവസം അഭിഭാഷകനും വിദഗ്ധനുമൊപ്പം ദൃശ്യങ്ങള്‍ കണ്ടശേഷം ലഭിച്ച വിദഗ്ധാഭിപ്രായം കണക്കിലെടുത്താണ്
പ്രതിപ്പട്ടികയില്‍നിന്നൊഴിവാക്കാന്‍ ദിലീപിന്റെ ഹര്‍ജി. ഈ മാസം 31ന് ഹര്‍ജിയില്‍ വാദം കേള്‍ക്കും. തെളിവായി ലഭിച്ചിട്ടുള്ള ദൃശ്യങ്ങളില്‍ എഡിറ്റിങ് നടന്നിട്ടുണ്ടെന്ന സംശയം ദിലീപ് ഉന്നയിക്കുന്നു. അതിനാല്‍ ഇതിന്റെ സ്വീകാര്യത തന്നെ സംശയാസ്പദമാണ്. പ്രഥമദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്നും ദിലീപ് വാദം ഉയര്‍ത്തുന്നു. വാദം കോടതി തള്ളിയാല്‍ ഇക്കാര്യമുന്നയിച്ച് ഹൈക്കോടതിയേയും സുപ്രീം കോടതിയേയും സമീപിക്കാന്‍ പ്രതികള്‍ക്ക് അവസരമുണ്ടാകും.