ന്യൂദൽഹി- പൗരത്വ ഭേദഗതി നിയമത്തിനെതിരെ തുടരുന്ന സമരം ദിവസങ്ങൾ പിന്നിട്ടിട്ടും ആവേശം ചോരാതെ വിവിധിയിടങ്ങളിലേക്ക് പടരുന്നു. പ്രതികൂല കാലാവസ്ഥയും ബി.ജെ.പി ഭരണകൂടത്തിന്റെ അടിച്ചമർത്തലും നേരിട്ടിട്ടും സമരം ദിനംപ്രതി കരുത്താർജ്ജിക്കുകയാണ്. ഉത്തർപ്രദേശിലെ പോലീസ് അതിക്രമത്തിനെതിരേ ദൽഹിയിലെ ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിക്കാനെത്തിയ വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അതിനിടെ, ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ടു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. ഈ പ്രദേശത്തെ ലോക് കല്യാൺ മാർഗ് മെട്രോസ്റ്റഷനും അടച്ചിട്ടു.
ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിക്കാൻ എത്തിയ അമ്പതോളം പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ നേതാവ് മുഹമ്മദ് റിയാസ് ഉൾപ്പടെയുള്ളവരെയാണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. കോൺഗ്രസ് നേതാവ് ഉദിത് രാജും അറസ്റ്റിലായിട്ടുണ്ട്. മൂന്നു മണിക്ക് ആഹ്വാനം ചെയ്തിരുന്ന ഉപരോധം ആരംഭിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേയായിരുന്നു പോലീസ് പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തു നീക്കിയത്.
ഉത്തർപ്രദേശ് ഭവനു മുന്നിൽ പ്രതിഷേധിക്കാനെത്തിയവരെ പോലീസ് അറസ്റ്റ് ചെയ്തു മന്ദിർമാർഗ് പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി. ചന്ദ്രശേഖർ ആസാദിനെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് നൂറു കണക്കിന് പ്രതിഷേധക്കാരാണ് മോഡിയുടെ വസതിയിലേക്ക് മാർച്ച് ചെയ്തത്. പ്രതിഷേധത്തിനിടെ അക്രമങ്ങൾ നടത്തുന്നവർ അല്ലെന്ന് ഉറപ്പു വരുത്താൻ കൈകൾ കൂട്ടിക്കെട്ടിയായിരുന്നു പ്രതിഷേധം. ജോർബാഗിലെ ജോർ ഷാഹെ മർദാൻ കർബലയിൽ നിന്നാരംഭിച്ച പ്രതിഷേധം ലോക് കല്യാൺ മാർഗിൽ പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് കിലോമീറ്ററുകൾക്ക് മുമ്പ് തന്നെ പോലീസ് ബാരിക്കേഡുകൾ തീർത്ത് തടഞ്ഞു.
ജുമുഅ നമസ്‌കാരത്തിന് പിന്നാലെ ദൽഹി ജുമ മസ്ജിദിന് മുന്നിൽ പൗരത്വ നിയമത്തിനും പൗരത്വ രജിസ്‌ട്രേഷനുമെതിരെ നൂറുകണക്കിന് ആളുകളാണ് പ്രതിഷേധിച്ചത്. കോൺഗ്രസ് നേതാവ് അൽക്ക ലംബയും മുൻ കോൺഗ്രസ് എം.എൽ.എ ഷുഐബ് ഇഖ്ബാലും പ്രതിഷേധത്തിൽ പങ്കെടുത്തു. രാജ്യത്ത് തൊഴിലില്ലായ് രൂക്ഷമായി വർധിക്കുന്നതിനിടെ നോട്ടു നിരോധന കാലത്ത് ചെയ്തതു പോലെ മോഡി സർക്കാർ ജനങ്ങളെ പൗരത്വ രജിസ്‌ട്രേഷന്റെ പേരിൽ നീണ്ട വരികളിൽ നിർത്താൻ ഒരുങ്ങുകയാണെന്ന് അൽക്ക ലംബ കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസങ്ങളിൽ അക്രമത്തിലേക്ക് നീങ്ങിയ സീലംപൂർ മേഖലയിൽ പ്രതിഷേധ യോഗങ്ങൾ സംഘടിപ്പിക്കരുതെന്ന് ചൂണ്ടിക്കാട്ടി പോലീസ് ബാനറുകൾ സ്ഥാപിച്ചിരുന്നു. ദൽഹിയിൽ ഇന്നലെ പലയിടങ്ങളിലായി വലിയ പ്രക്ഷോഭങ്ങൾ നടക്കുമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ദൽഹി പോലീസ് വലിയ സുരക്ഷാ സന്നാഹമാണ് ഏർപ്പെടുത്തിയിരുന്നത്. വടക്കു കിഴക്കൻ ദൽഹിയുടെ പല ഭാഗത്തും സുരക്ഷാ സേന ഫഌഗ് മാർച്ച് നടത്തി. വിവിധ ജില്ലകളിൽ നിന്നെത്തിയ അധിക പോലീസ് സേനയ്ക്കു പുറമേ പതിനഞ്ചു കമ്പനി അർധ സൈനിക വിഭാഗത്തെയും വിന്യസിച്ചിരുന്നു. ജാമിയ നഗർ, ജുമ മസ്ജിദ്, ചാണക്യപുരി ഭാഗങ്ങളിൽ വൻ പോലീസ് സുരക്ഷാ സന്നാഹത്തെയാണ് വിന്യസിച്ചിരുന്നത്.
ഉത്തർപ്രദേശിലെ 21 ജില്ലകളിൽ മൊബൈൽ, ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിരുന്നു. ഉത്തർപ്രദേശിൽ ഇതുവരെ നടന്ന പ്രതിഷേധങ്ങളിൽ 1,100 പോലീസ് അറസ്്റ്റ് ചെയ്യുകയും 5,558 പേരെ കരുതൽ തടങ്കലിൽ വെക്കുകയും ചെയ്തിട്ടുണ്ട്. പൊതുമുതൽ നശിപ്പിക്കൽ, കൊലപാതകശ്രമം, കലാപമുണ്ടാക്കാനുള്ള ശ്രമം, പൊലീസിനെ ആക്രമിക്കാൻ, തീവെപ്പ്,
നിരോധനാജ്ഞ ലംഘിക്കൽ തുടങ്ങിയ കുറ്റങ്ങൾ കാണിച്ചാണ് കൂടുതൽ അറസ്റ്റുകൾ. 2013ൽ നടന്ന മുസാഫർനഗർ കലാപത്തിന് ശേഷം ഇത്രയും പേരെ അറസ്റ്റ് ചെയ്യുന്നത് ഇതാദ്യമായാണ്. 567 കേസുകളിൽ നിന്നായി 1,480 പേരെയാണ് അന്ന് അറസ്റ്റ് ചെയ്തത്. അതേസമയം കുട്ടികളെയടക്കം അറസ്റ്റ് ചെയ്യുന്നതായും പ്രായപൂർത്തിയാവാത്തവർക്ക് നേരെ പോലീസ് വെടിവെച്ചതായും റിപ്പോർട്ടുകളുണ്ട്. പൗരത്വ നിയമഭേദഗതിക്കും എൻ.ആർ.സിക്കും എതിരെ രാജസ്ഥാനിലെ അജ്മീരിലും മുബൈയിലും ബംഗളൂരുവിലും ചെന്നൈയിലും ഇന്നലെ വലിയ പ്രതിഷേധം നടന്നു.
യു.പിയിൽ അക്രമത്തിനിടെ പൊതുമുതല് നശിപ്പിച്ചുവെന്ന് ആരോപിച്ച് നിരവധി പേരിൽ നിന്ന് പോലീസ് പണം ഈടാക്കാൻ തുടങ്ങി. ഇതേവരെ 6.3 ലക്ഷം രൂപ ഈടാക്കിയെന്നാണ് ബുലന്ദ്ഷഹർ ജില്ലാ മജിസ്‌ട്രേറ്റ് രവീന്ദ്രർ കുമാർ അറിയിച്ചത്. യു.പിയിൽ പ്രതിഷേധക്കാരുടെ പേരിൽ കള്ളക്കേസ് എടുക്കുകയാണെന്ന് ചൂണ്ടിക്കാട്ടി യു.പി മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവ് ഗവർണർക്ക് നിവേദനം നൽകി.
കൊൽക്കത്തയിൽ ഇടതുമുന്നണിയും കോൺഗ്രസും സംയുക്ത പ്രതിഷേധ റാലി നടത്തി. മുംബൈയിൽ നിയമത്തെ അനകൂലിച്ചും പ്രതികൂലിച്ചും റാലികൾ നടന്നു. അനുകൂലിച്ചുള്ള റാലിയിൽ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പങ്കെടുത്തു.