ജനപ്രിയ ഓൺലൈൻ ക്യാബ് ബുക്കിങ് സേവനമായ ഒല ഉപയോക്താക്കളുടെ സുരക്ഷ ഉറപ്പാക്കാൻ പുതിയ സംവിധാനം ഒരുക്കുന്നു. ഗാർഡിയൻ എന്ന പേരിലറിയപ്പെടുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സുരക്ഷാ സവിശേഷതയാണ് ഒല അവതരിപ്പിച്ചത്. നിലവിൽ ഇന്ത്യയിലെ നിരവധി നഗരങ്ങളിൽ ഇത് ലഭ്യമാകുന്നുണ്ടെന്നു കമ്പനി വ്യക്തമാക്കി. ഗാർഡിയൻ ഫീച്ചറിന്റെ പ്രാരംഭ ട്രയൽ റണിനെ കുറിച്ച് നേരത്ത തന്നെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ 16 ഇന്ത്യൻ നഗരങ്ങളിലാണ് സേവനം ലഭ്യമാകുന്നത്. ഓല ഗാർഡിയൻ സവിശേഷതകൾ ഗാർഡിയൻ സവിശേഷത റൈഡുകളിൽ നിന്നുള്ള റിയൽ ടൈം ഡാറ്റ ഉപയോഗിച്ചാണ് പ്രവർത്തിക്കുന്നത്. യാത്രയിൽ എന്തെങ്കിലും അസാധാരണത്വം കണ്ടെത്തിയാൽ അക സവിശേഷത ഒരു അലേർട്ട് നൽകും.
യാത്രയിലെ അസാധാരണത്വം എന്നതിൽ നീണ്ടുനിൽക്കുന്ന സ്‌റ്റോപ്പുകൾ, അപ്രതീക്ഷിതമായുള്ള റൂട്ടിലെ മാറ്റം, റൂട്ട് വ്യതിയാനങ്ങൾ എന്നിവയെല്ലാം അടങ്ങുന്നതാണ്. മറ്റെല്ലാറ്റിനുമുപരിയായി റൈഡറുടെ സുരക്ഷ വർദ്ധിപ്പിക്കുക എന്നതാണ് ഈ ഫീച്ചറിന്റെ ലക്ഷ്യമെന്ന് കമ്പനി വ്യക്തമാക്കി. പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നവരുടെ സുരക്ഷ ഉറപ്പാക്കുന്ന ഫീച്ചറുകൾ വികസിപ്പിക്കുന്നതിലാണ് തങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ഒലയിലെ ചീഫ് സെയിൽസ് ആന്റ് മാർക്കറ്റിംഗ് ഓഫീസർ അരുൺ ശ്രീനിവാസ് പറഞ്ഞു. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മെഷീൻ ലേണിങ് എന്നിവയ്‌ക്കൊപ്പം ആവശ്യത്തിന് മനുഷ്യരുടെ ഇടപെടലും ഈ സംവിധാനം ഉറപ്പാക്കുമെന്ന് കമ്പനി അവകാശപ്പെടുന്നു.
ഒല റെസ്‌പോൺസ് ടീം പ്രവർത്തിക്കുന്ന വിപണികളിലുടനീളം ആകർഷകവും സുരക്ഷിതവുമായ മൊബിലിറ്റി അനുഭവം ലഭ്യമാക്കാനാണ് ഗാർഡിയൻ ഫീച്ചർ ലക്ഷ്യമിടുന്നതെന്ന് ശ്രീനിവാസ് പറഞ്ഞു. ഗാർഡിയൻ സവിശേഷതയുമായി ബന്ധപ്പെട്ട് ഒല ഇ റെസ്‌പോൺസ് ടീമും തയാറാക്കിയിട്ടുണ്ട്. ഒരു റൈഡിനിടെ അലേർട്ട് അല്ലെങ്കിൽ ക്രമക്കേട് കണ്ടെത്തിയിട്ടുണ്ടെങ്കിൽ അടുത്തുള്ള റെസ്‌പോൺസ് ടീമിന് ഉടനെ ഇത് സംബന്ധിച്ച വിവരം ലഭിക്കുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. അപകട സന്ദേശം ലഭിച്ചാൽ ഉപയോക്താക്കളും ഡ്രൈവർമാരും സുരക്ഷിതരാണോ അല്ലയോ എന്ന് സ്ഥിരീകരിക്കുന്നതിനായി ടീം അവരെ സമീപിക്കും. കൂടാതെ റൈഡ് പൂർത്തിയാകുന്നതുവരെ ഓൺദികോൾ സഹായം നൽകും. ഓരോ ദിവസവും ശേഖരിക്കപ്പെടുന്ന ഡാറ്റാ പോയന്റുകളിൽ നിന്ന് പഠിക്കാനും മാറ്റങ്ങൾ വരുത്താനും ഗാർഡിയൻ സവിശേഷതയെ മെഷീൻ ലേണിംഗ് സഹായിക്കുമെന്ന് ഒല അറിയിച്ചു. എംഎല്ലിനൊപ്പം റിസ്‌ക് സിഗ്‌നലിംഗും സവിശേഷതയുടെ ഇൻസ്റ്റൻറ് റെസല്യൂഷനും മെച്ചപ്പെടുമെന്നാണ് കമ്പനി കരുതുന്നത്. 2018 ൽ ബംഗളൂരു, മുംബൈ, പൂനെ എന്നിവിടങ്ങളിൽ ഒരു പൈലറ്റ് പ്രൊജക്റ്റായി ഒല ഗാർഡിയൻ സവിശേഷത പുറത്തിറക്കിയിരുന്നു.
2020 ന്റെ ആദ്യ പാദത്തിൽ ഈ സവിശേഷത കൂടുതൽ നഗരങ്ങളിൽ എത്തിക്കാനാകുമെന്നാണ് കമ്പനി പറയുന്നത്. ഓൺലൈൻ ടാക്‌സി സേവനങ്ങൾ ഉപയോഗിക്കുമ്പോൾ ഏറ്റവും വലിയ പ്രശ്‌നമായി വരുന്നത് സുരക്ഷയാണ്.
ലൈംഗികാതിക്രമങ്ങൾ ഉൾപ്പെടെ ഓൺലൈൻ ടാക്‌സികളുടെ സേവനത്തിനിടെ സംഭവിക്കുന്നുണ്ട്. യാത്രക്കാർ മാത്രമല്ല, ഡ്രൈവർമാരും പലപ്പോഴും അപകടങ്ങളിൽ അകപ്പെടാറുണ്ട്. ഇത്തരമൊരു സാഹചര്യത്തെ ഇല്ലാതാക്കാൻ പുതിയ സംവിധാനം സഹായിക്കും.