ക്രിസ്മസ്, പുതുവത്സരം എന്നിവ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് പുതിയ ഓഫറുമായി ബി.എസ്.എൻ.എൽ. 1999 രൂപ പ്ലാനിന്റെ കാലാവധി ബി.എസ്.എൻ.എൽ 60 ദിവസത്തേക്ക് കൂടി വർദ്ധിപ്പിച്ചു. ഈ പ്ലാൻ ജനുവരി 31 വരെ ലഭ്യമാകും. 1,999 രൂപ പ്ലാനിലൂടെ ദിവസേന മൂന്ന് ജി.ബി ഡാറ്റയും 100 എസ്.എം.എസും ഉപയോക്താക്കൾക്ക് ലഭിക്കും. 425 ദിവസമാണ് പ്ലാനിന്റെ കാലാവധി. ബി.എസ്.എൻ.എൽ ട്യൂൺസ്, ബി.എസ്.എൻ.എൽ ടി.വി സബ്‌സ്‌ക്രിപ്ഷൻ എന്നിവ പോലുള്ള ആനുകൂല്യങ്ങളും ലഭിക്കും.
450 രൂപ, 250 പ്ലാനുകൾക്കൊപ്പം അഡീഷണൽ ടോക്ക് ടൈം നൽകുമെന്നും കമ്പനി അറിയിച്ചു. പൊതുമേഖലാ ടെലികോം ഓപ്പറേറ്ററായ ബി.എസ്.എൻ.എൽ 450 രൂപ പ്ലാനിലൂടെ 500 രൂപ അധിക ടോക്ക് ടൈം നൽകും. 250 രൂപ പ്ലാനിലൂടെ 275 രൂപ ടോക്ക് ടൈമും വാഗ്ദാനം ചെയ്യുന്നു. ഈ ഓഫർ ജനുവരി 2 വരെ മാത്രമാണ് ലഭ്യമാവുക. ഇതിന് പുറമെ, കമ്പനി 365 രൂപയുടെയും 97 രൂപയുടെയും പ്ലാനുകൾ കൂടി അവതരിപ്പിച്ചിട്ടുണ്ട്. 365 രൂപ പ്ലാൻ ദിവസേന രണ്ട് ജി.ബി ഡാറ്റയും 100 എസ്.എം.എസുകളും വാഗ്ദാനം ചെയ്യുന്നു. ഇത് കൂടാതെ അൺലിമിറ്റഡ് ലോക്കൽ, എസ്.ടി.ഡി, റോമിംഗ് കോളുകളും പ്ലാൻ നൽകുന്നുണ്ട്.
ഈ പ്ലാനിനൊപ്പം ഉപയോക്താക്കൾക്ക് പേഴ്‌സണൈസ്ഡ് റിംഗ് ബാക്ക് ടോൺ (പി.ആർ.ബി.ടി) ആക്‌സസും ലഭിക്കും. ഇതിനൊപ്പം അവതരിപ്പിച്ച 97 രൂപയുടെ പ്ലാൻ പ്രതിദിനം രണ്ട് ജി.ബി ഡാറ്റയും 100 എസ്.എം.എസും നൽകുന്ന പ്ലാനാണ്. ഈ പ്ലാനിന് പതിനെട്ട് ദിവസമാണ് കാലാവധി. മറ്റ് ടെലികോം കമ്പനികൾ നൽകുന്ന പ്ലാനുകളോട് മത്സരിക്കുന്ന പ്ലാനുകൾ തന്നെയാണ് ഇവ. ഫോർജി സർവീസുകൾ കേരളത്തിൽ ആരംഭിക്കാൻ കമ്പനി ഒരുങ്ങുന്നതായി കഴിഞ്ഞ ദിവസം റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. സർക്കിളിൽ കമ്പനി 3700 ടവറുകൾ സ്ഥാപിക്കാനാണ് പദ്ധതിയിടുന്നത്. 2020ൽ തന്നെ കമ്പനി 4 ജി സേവനങ്ങൾ ആരംഭിക്കും.
എം.ടി.എൻ.എല്ലും ബി.എസ്.എൻ.എല്ലും തമ്മിലുള്ള ലയനത്തിന് അംഗീകാരം നൽകിയ സർക്കാർ ബി.എസ്.എൻ.എല്ലിനെ പുനരുജ്ജീവിപ്പിക്കാനുള്ള പദ്ധതികളിലാണ്. 69,000 കോടി രൂപ ഇതിനായി സർക്കാർ അനുവദിച്ചിരുന്നു. ഇത്തരത്തിൽ കമ്പനി ശക്തിപ്പെട്ടാൽ വിപണിയിലെ മുൻനിരക്കാരായ റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളുമായി മത്സരിക്കാനും ശക്തമായി പിടിച്ച് നിൽക്കാനും സാധിക്കും. റെസ്‌ക്യൂ പാക്കേജിൽ സന്നദ്ധ വിരമിക്കൽ പദ്ധതിക്ക് 17,160 കോടി രൂപയും വിരമിക്കലിന് 12, 768 കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്. എം.ടി.എൻ.എല്ലും ബി.എസ്.എൻ.എല്ലും 10 വർഷമായി കനത്ത നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഇപ്പോൾ കമ്പനിയുടെ മൊത്തം കടം 40,000 കോടി രൂപയാണ്.