പുതുവർഷം ജനങ്ങൾക്ക് ജീവിത ഭാരം കൂടും. വർധിച്ചുവരുന്ന ജീവിതച്ചെലവിന് ഒന്നു കൂടി ആക്കം കൂട്ടുന്നതായിരിക്കും പുതുവർഷം. പാക്ക് ചെയ്ത ഭക്ഷണ സാധനങ്ങൾക്കും എണ്ണക്കും തുടങ്ങി ഇലക്‌ട്രോണിക്‌സ്, ഇലക്ട്രിക്കൽ സാധനങ്ങൾക്കും വില വർധനയുണ്ടാവുമെന്നാണ് സൂചന. പാലിനും നിത്യോപയോഗ സാധനങ്ങൾക്കും ഉണ്ടായ വില വർധനയിൽ ജനം പൊറുതിമുട്ടി കഴിയുന്നതിനിടെയാണിത്. വിലയിൽ കുറവുണ്ടാവാൻ പോകുന്നില്ലെന്നു മാത്രമല്ല, പലതിനും വില കയറുമെന്നാണ് മാർക്കറ്റ് നൽകുന്ന സൂചന. ടി.വിയും റഫ്രിജറേറ്ററും ഉൾപ്പെടെയുള്ള ഇലക്ട്രിക്, ഇലക്‌ട്രോണിക്‌സ് സാധനങ്ങൾക്കും വില വർധനയുണ്ടാകും.
ധാന്യങ്ങൾ മുതൽ സ്റ്റീൽ വരെയുള്ള പ്രാഥമിക ഉൽപന്നങ്ങളുടെ വിലക്കയറ്റമാണ് വില കൂട്ടാൻ കാരണമായി കമ്പനികൾ പറയുന്നത്. ഗോതമ്പ്, ഭക്ഷ്യഎണ്ണ തുടങ്ങിയവക്ക് 12 മുതൽ 20 വരെ ശതമാനം വില വർധിച്ചു. പാലിനു കഴിഞ്ഞയാഴ്ച വില കൂടിയിരുന്നു. പാലിനും പാലുൽപന്നങ്ങൾക്കും 35 ശതമാനം വരെയാണ് വില വർധനയുണ്ടായത്. ഗോതമ്പു പൊടിക്ക് 20 ശതമാനം വില വർധനയുണ്ടായി. പഞ്ചസാര വില 14 ശതമാനം വർധിച്ചു. ഭക്ഷ്യ എണ്ണ വില 15 ശതമാനം കൂടി. ഇത് ബേക്കറി ഉൽപന്നങ്ങൾക്കും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കൾക്കും വില കൂട്ടും.
ഉള്ളിക്കും സവാളക്കുമുണ്ടായ വൻ വിലക്കയറ്റത്തിൽ കാര്യമായ മാറ്റം ഉണ്ടായിട്ടില്ല. അതു തുടരുന്നതിടെയാണ് പാചക എണ്ണയുടെ വിലയും കുത്തനെ ഉയരുന്നത്. കഴിഞ്ഞ രണ്ട് മാസത്തിനിടെ പാം ഓയിൽ വില 20 രൂപയാണ് വർധിച്ചത്. ഇതോടെ മറ്റു പാചക എണ്ണകളുടെ വിലയും ഉയർന്നു. മലേഷ്യയിൽ നിന്നും ഇന്തോനേഷ്യയിൽ നിന്നും ഉയർന്ന വിലക്കാണ് ഇന്ത്യയിലേക്ക് എണ്ണ എത്തിച്ചത്. അതിനാൽ വരും ദിവസങ്ങളിലും വില ഉയരാൻ തന്നെയാണ് സാധ്യത. വലിയ തോതിൽ എണ്ണ ഇറക്കുമതിയെ ആശ്രയിക്കേണ്ടി വരുന്നതുകൊണ്ടാണ് ഇന്ത്യക്ക് ഉയർന്ന വില സഹിക്കേണ്ടി വരുന്നതെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അർജന്റീനയിൽ നിന്ന് കയറ്റുമതി ചെയ്യുന്ന സോയ എണ്ണക്ക് അവിടെ കയറ്റുമതി തീരുവ ഉയർത്തിയത് ഇന്ത്യൻ വിപണിയിൽ വില വർധനക്കിടയാക്കിയിട്ടുണ്ട്. 25 ശതമാനത്തിൽ നിന്ന് 30 ശതമാനമായാണ് കയറ്റുമതി തീരുവ ഉയർത്തിയത്. എല്ലാ വിഭാഗങ്ങളിലുമായി നവംബർ മാസത്തിൽ 11,27,220 ടണ്ണോളം എണ്ണയാണ് ഇറക്കുമതി ചെയ്തത്. കഴിഞ്ഞ വർഷം നവംബറിൽ 11,33,893 ടണ്ണായിരുന്നു ആകെ ഉൽപാദനം. നെസ്‌ലെ, ഐ.ടി.സി, ബ്രിട്ടാനിയ, പാർലെ തുടങ്ങിയ കമ്പനികൾ പാക്കറ്റുകൾക്കു വില കൂട്ടുകയോ പാക്കറ്റിന്റെ ഭാരം കുറക്കുകയോ ചെയ്യും. വില വർധിപ്പിച്ചുവെന്ന പ്രതീതി ഇല്ലാതാക്കാനാണ് ഭാരം കുറക്കാനുള്ള തന്ത്രം പല കമ്പനികളും പ്രയോഗിക്കുന്നത്.
പുതിയ ഊർജ ക്ഷമതാ വ്യവസ്ഥകളും ഘടക പദാർഥങ്ങളുടെ വില വർധനയും കൺസ്യൂമർ ഇലക്‌ട്രോണിക്‌സ്, ഗൃഹോപകരണ നിർമാതാക്കളെ വില കൂട്ടാൻ നിർബന്ധിതമാക്കുന്നുവെന്നാണ് പറയുന്നത്. പുതിയ ഊർജ ക്ഷമതാ ചട്ടങ്ങൾ റഫ്രിജറേറ്റർ വില 800 മുതൽ ആയിരം രൂപ വരെ വർധിക്കാൻ കാരണമാകും. എയർ കണ്ടീഷണറുകളുടെ ഊർജ ക്ഷമതാ നിയമം 2021 ലേക്കു നീട്ടിയതിനാൽ അവക്ക് ഇപ്പോൾ വില കൂടില്ല. ടെലിവിഷൻ പാനലുകളുടെ വില രാജ്യാന്തര തലത്തിൽ 15 മുതൽ 17 വരെ ശതമാനം കൂടിയിട്ടുണ്ട്. ടി.വി വില അഞ്ചു മുതൽ 10 വരെ ശതമാനം വർധിക്കാൻ അതിടയാക്കും.