ചെന്നൈ- പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ കൂറ്റന്‍ റാലിയുമായി ഡിഎംകെ തലവന്‍ എംകെ സ്റ്റാലിന്‍. പൊലീസ് അനുമതി നിഷേധിച്ച പ്രതിഷേധ പ്രകടനത്തില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ പി ചിദംബരവും പങ്കെടുത്തു.
യുപിഎ ഘടകക്ഷിയായ ഡിഎംകെ നടത്തിയ പ്രതിഷേധം മൂലം ചെന്നൈ നഗരത്തില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. ഭരണഘടനയ്ക്ക് എതിരാണ് പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ രജിസ്റ്ററുമെന്ന് ഡിഎംകെ എംപി കെ കനിമൊഴി പറഞ്ഞു. അവ ന്യൂനപക്ഷങ്ങള്‍ക്കെതിരാണ്. പ്രത്യേകിച്ച് മുസ്ലിങ്ങള്‍ക്ക്. പൗരത്വം ലഭിക്കുമെന്ന പ്രതീക്ഷയില്‍ ശ്രീലങ്കന്‍ തമിഴര്‍ ഇന്ത്യയില്‍ താമസിക്കുകയാണെന്ന് അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രകടനം അക്രമാസക്തമായി പൊതുമുതലിന് നഷ്ടം വരുത്തിയാല്‍ കാരണക്കാരില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കുന്നതിനുവേണ്ടി പ്രതിഷേധം വീഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ മദ്രാസ് ഹൈക്കോടതി പൊലീസിന് നിര്‍ദ്ദേശം നല്‍കി.
സ്റ്റാലിനും ചിദംബരവും കൂടാതെ എംഡിഎംകെ തലവന്‍ വൈക്കോയും ഇടത് പാര്‍ട്ടികളുടെ നേതാക്കളും എഗ്മൂറില്‍ നിന്നും രാജരതിനം സ്റ്റേഡിയത്തിലേക്ക് നടന്ന പ്രകടനത്തില്‍ പങ്കെടുത്തു. കേന്ദ്രത്തെ സമ്മര്‍ദ്ദത്തിലാഴ്ത്തി നിയമം പിന്‍വലിപ്പിക്കുന്നതിനുവേണ്ടി രാഷ്ട്രീയഭേദമെന്യേ എല്ലാവരും പ്രകടനത്തില്‍ പങ്കെടുക്കണമെന്ന് സ്റ്റാലിന്‍ ആഹ്വാനം ചെയ്തിരുന്നു.