ന്യുദല്‍ഹി- മദ്യപിച്ച് വിമാനം പറത്താനത്തെിയ സ്പൈസ് ജെറ്റ് പൈലറ്റിന്റെ ലൈസന്‍സ് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡി.ജി.സി.എ) റദ്ദാക്കി. പൈലറ്റുമാര്‍ വിമാനം പറത്താനെത്തുമ്പോള്‍ മദ്യപിച്ചിട്ടുണ്ടോ എന്നറിയാല്‍ ഡിജിസിഎ നടത്തുന്ന മിന്നല്‍ പരിശോധനയിലാണ് ഈ പൈലറ്റ് കുടുങ്ങിയത്. നേരത്തെ രണ്ടു തവണ ഇദ്ദേഹം മദ്യപിച്ചെത്തിയത് പിടികൂടിയിരുന്നു. മൂന്നാം തവണയും പിടിയിലായതിനെ തുടര്‍ന്നാണ് ഇദ്ദേഹത്തിന്റെ എയര്‍ലൈന്‍ ട്രാന്‍സ്പോര്‍ട്ട് പൈലറ്റ് ലൈസന്‍സ് റദ്ദാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു. ദല്‍ഹി വിമാനത്താവളത്തില്‍ വച്ച് ജൂലൈ 11-ന് അവസാനമായി പിടിയിലാകുമ്പോള്‍ ഇദ്ദേഹം ബോയിങ് 737 വിമാനം പറത്താനെത്തിയതായിരുന്നു.
വ്യോമയാന ചട്ടം 24 അനുസരിച്ച് പൈലറ്റുമാര്‍ വിമാനം പറത്തുന്നതിനു മുമ്പുള്ള 12 മണിക്കൂറിനിടെ മദ്യപിക്കാന്‍ പാടില്ല. വിമാനം പറത്തുന്നതിനു മുമ്പും തിരിച്ചിറക്കിയ ശേഷവും മദ്യപാന പരിശോധനയ്ക്ക് വിധേയരാകുകയും വേണം. വിമാനം പറത്തുന്നതിനു മുമ്പുള്ള വൈദ്യ പരിശോധനയില്‍ നിന്നും മദ്യപാന പരിശോധനയില്‍ നിന്നും വിട്ടു നില്‍ക്കുന്നവരെ വിമാനം പറത്തുന്നതില്‍ നിന്നും നാലാഴ്ചത്തേക്ക് വിലക്കുകയും ചെയ്യും. കൂടാതെ വിമാന കമ്പനിയുടെ അച്ചടക്ക നടപടിയും നേരിടേണ്ടി വരും.
ആദ്യമായി പിടിയിലാകുന്നവര്‍ക്ക് മൂന്ന് മാസത്തെ സസ്പെന്‍ഷനാണ് ശിക്ഷ. എന്നാല്‍ നിലവിലുള്ള ചട്ടങ്ങള്‍ പ്രകാരം മൂന്ന് തവണ മദ്യപിച്ച് പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കപ്പെടും.