ന്യൂദൽഹി- പൗരത്വഭേദഗതി ബിൽ ഇന്ത്യയിലെ മുസ്ലിംകളെ ബാധിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി. ദൽഹിയിൽ തെരഞ്ഞെടുപ്പ് റാലി ഉദ്ഘാടനം ചെയ്യുകയായിരുന്നു മോഡി. ഇന്ത്യയിലെ മുസ്ലിംകളെ ഒരു നിലക്കും പൗരത്വഭേദഗതി നിയമം ബാധിക്കില്ലെന്നും മോഡി വ്യക്തമാക്കി. ഇന്ത്യയിലെ മുസ്ലിം കൾക്കിടയിൽ ഭീതി വളർത്തുന്നത് അർബൻ നക്സലുകളാണ്. മുസ്ലിംകൾ തെറ്റിദ്ധരിക്കപ്പെടുന്നു. എൻ.ആർ.സിയുടെ കരട് രേഖയുണ്ടാക്കിയത് കോൺഗ്രസാണ്. അഭയാർഥികളെ രക്ഷിക്കാനാണ് ഗാന്ധിജി അടക്കമുള്ളവർ ശ്രമിച്ചത്. ഗാന്ധിജിയുടെ പേര് ദുരുപയോഗിക്കുന്നവർ ഇത് മനസിലാക്കണമെന്നും മോഡി ആവശ്യപ്പെട്ടു.
പൗരത്വഭേദഗതി നിയമം ഇന്ത്യൻ പൗരൻമാർക്ക് വേണ്ടിയുള്ളതാണ്. ഇന്ത്യയെ ലോകത്തിന് മുന്നിൽ നാണം കെടുത്തുകയാണ് പ്രതിഷേധക്കാർ ചെയ്യുന്നത്. എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുതെന്നും മോഡി വ്യക്തമാക്കി. രാജ്യത്തിന്റെ പൊതുമുതലുകള് നശിപ്പിക്കരുത്. എന്റെ കോലം കത്തിച്ചോളൂ. ഗാന്ധിയൻ ആശയത്തിൽനിന്നാണ് സി.എ.എ പിറന്നത്. മൻമോഹൻ സിംഗ് പോലും പാക്കിസ്ഥാൻ,ബംഗ്ലദേശ്, അഫ്ഘാനിസ്ഥാൻ എന്നീ രാജ്യങ്ങളിൽനിന്നുള്ള ന്യൂനപക്ഷക്കാർക്ക് പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. അസമിലെ കോൺഗ്രസ് നേതൃത്വവും പൗരത്വം നൽകണമെന്ന് ആവശ്യപ്പെട്ടിരുന്നു. എല്ലാവർക്കും അവകാശം നൽകുകയാണെന്നും ആരുടെയും അവകാശം കവരുന്നില്ലെന്നും മോഡി വ്യക്തമാക്കി. ഒരു ഇന്ത്യൻ പൗരനിൽനിന്നും രേഖ ആവശ്യപ്പെട്ടിട്ടില്ല. ജനങ്ങൾക്ക് വേണ്ടി പോലീസുകാർ ജീവൻ വെടിയുകയാണ്. എൻ.ആർ.സി ഇതു വരെ ചർച്ച ചെയ്തിട്ടില്ല. മുസ്ലിംകൾക്ക് ഇക്കാര്യത്തിൽ ഭയത്തിന്റെ ആവശ്യമില്ല. പാർലമെന്റിന്റെ തീരുമാനത്തെ ബഹുമാനിക്കുക. നാനാത്വത്തിൽ ഏകത്വമാണ് ഇന്ത്യയുടെ അതുല്യത. അത് തകർക്കാൻ ആരെയുംഅനുവദിക്കില്ല. വികസനം നടത്താതെ ദൽഹി സർക്കാർ വാഗ്ദാനങ്ങൾ മാത്രമാണ് നൽകുന്നതെന്നും മോഡി ആരോപിച്ചു.