പട്ന- ദേശവ്യാപകമായി ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍ആര്‍സി) നടപ്പിലാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നീക്കം ചര്‍ച്ച ചെയ്യുന്നതിന് ദേശീയ ജനാധിപത്യ സഖ്യത്തിന്റെ (എന്‍ഡിഎ) യോഗം വിളിക്കണമെന്ന് ജനതാദള്‍ യുണൈറ്റഡ് (ജെഡിയു) ബിജെപിയോട് ആവശ്യപ്പെട്ടു. കേന്ദ്ര സര്‍ക്കാരിന് നേതൃത്വം നല്കുന്ന എന്‍ഡിഎയിലെ സഖ്യകക്ഷികള്‍ തന്നെ എന്‍ആര്‍സിക്കെതിരെ ശബ്ദം ഉയര്‍ത്തിയിട്ടുണ്ടെന്ന് പാര്‍ട്ടി വക്താവ് കെ സി ത്യാഗി പറഞ്ഞു.
ജെഡിയു-ബിജെപി സഖ്യം ഭരിക്കുന്ന ബീഹാറില്‍ ദേശീയ പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കില്ലെന്ന് നേരത്തെ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വ്യക്തമാക്കിയിരുന്നു. ഞങ്ങള്‍ എന്‍ ആര് സിയ്ക്ക് എതിരാണെന്നും ്ത്യാഗി കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ നിലവിലെ അവസ്ഥയില്‍ എന്‍ഡിഎ യോഗം വിളിക്കേണ്ടത് പ്രധാനമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്‍ ആര് സി വിഷയത്തില്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാന്‍ സര്‍ക്കാരിനോട് ബിഹാറിലെ മറ്റൊരു സഖ്യകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി ആവശ്യപ്പെട്ടു. എന്‍ ആര് സിയ്ക്കെതിരായി സമരം ചെയ്യുന്നവരെ വിശ്വാസത്തിലെടുക്കുന്നത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്ന് പാര്‍ട്ടി നേതാവ് ചിരാഗ് പസ്വാന് ട്വീറ്റ് ചെയ്തു. സമരക്കാരുടെ ആശങ്കകള്‍ കേള്‍ക്കുന്നതിന് അവരുമായി ആശയവിനിമയം നടത്തണമെന്നും എല്‍ജെപി ആവശ്യപ്പെട്ടു.