മുസാഫർനഗർ- കേന്ദ്ര സർക്കാർ കൊണ്ടുവന്ന പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് ഉത്തർപ്രദേശിലെ മുസാഫർനഗറിൽ വ്യാപക അക്രമം. നിരവധി വാഹനങ്ങളും പള്ളികളും തകർത്തതായാണ് റിപ്പോർട്ട്. പ്രമുഖ മാധ്യമപ്രവർത്തക റാണ അയ്യൂബ് ഇക്കാര്യം ചൂണ്ടിക്കാട്ടി ട്വീറ്റ് ചെയ്തു. ഇവിടെ രണ്ടു പള്ളികള്‍ പൂര്‍ണ്ണമായും തകര്‍ത്തു. പോലീസും ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരും ഒരുമിച്ചാണ് പ്രതിഷേധക്കാരെ നേരിടുന്നത്. കഴിഞ്ഞദിവസം ഇവിടെ നടന്ന വെടിവെപ്പിൽ പ്രായപൂർത്തിയാകാത്ത രണ്ടു കുട്ടികൾ കൊല്ലപ്പെട്ടിരുന്നു. 2013-ൽ മുസാഫർ നഗറിലുണ്ടായ കലാപത്തിന് പിന്നിൽ പ്രവർത്തിച്ച സഞ്ജീവ് ബലിയാൻ എം.പിയാണ് ഈ അക്രമത്തിന് പിന്നിലെന്നും ആരോപണമുണ്ട്.
സഞ്ജീവ് ബലിയാൻ എം.പി
ഇവിടെ അക്രമണം നടത്തുന്നവരെ പിടികൂടാതെ പ്രതിഷേധക്കാരെയാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. കോൺഗ്രസ് നേതാവും മുൻ എം.പിയുമായ സൈദുസ്സാമാന്റെ നാലു കാറുകളും അക്രമിസംഘം കത്തിച്ചു. അക്രമത്തിനു പിന്നിൽ ആർ.എസ്.എസുകാരാണെന്ന് അദ്ദേഹത്തിന്റെ മകൻ സൽമാൻ സയ്യിദ് ആരോപിച്ചു. പോലീസും ആർ.എസ്.എസും നടത്തുന്ന അക്രമങ്ങൾക്കിടയിലും കനത്ത പ്രതിഷേധമാണ് യു.പിയിൽ നടക്കുന്നത്. പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്നും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിഷേധം അരങ്ങേറുകയാണ്.