വരാണസിയിൽ എട്ടുവയസുകാരൻ കൊല്ലപ്പെട്ടു
ചന്ദ്രശേഖർ ആസാദിനെ റിമാന്റ് ചെയ്തു
കോൺഗ്രസ് പ്രതിഷേധം തിങ്കളാഴ്ച , രാഹുലെത്തും
മംഗളൂരുവിൽ കർഫ്യൂവിൽ ഇളവ്
ന്യൂദൽഹി- സംയമനം പാലിക്കാൻ ആവശ്യപ്പെട്ടും പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തും സർക്കാർ കളം നിറഞ്ഞിട്ടും പൗരത്വഭേദഗതി നിയമത്തിനെതിരെ ഇന്ത്യൻ ജനത നടത്തുന്ന പ്രതിഷേധം തണുപ്പിക്കാനായില്ല. ജീവൻ കൊടുത്തും ലക്ഷകണക്കിന് ആളുകൾ നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്നലെയും തെരുവിൽ നിലയുറപ്പിച്ചു. യു.പിയിൽ മാത്രം രണ്ടുദിവസത്തിനിടെ പതിനേഴ് പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. എട്ടു വയസുകാരനും കൊല്ലപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മണ്ഡലമായ വരാണസിയിലാണ് എട്ടുവയസുകാരന് ജീവൻ നഷ്ടമായത്. പ്രതിഷേധത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് കുട്ടിക്ക് ജീവൻ നഷ്ടമായത്.
ഇന്നലെ ലഖ്‌നൗവിൽ ഒന്നും സാംബലിൽ ഒരാളും പോലീസ് വെടിവെയ്പ്പിൽ കൊല്ലപ്പെട്ടു. മീററ്റിൽ നാലും ഫൈസാബാദ്, ബിജ്‌നോർ എന്നിവടങ്ങളിൽ രണ്ടു വീതവും ആളുകൾ കൊല്ലപ്പെട്ടു. വരാണസി, കാംപുർ എന്നിവടങ്ങളിലും പ്രതിഷേധക്കാരെ പോലീസ് വെടിവെച്ചുകൊന്നു. യു.പിയിലെ പതിമൂന്ന് ജില്ലകളിലാണ് വൻ പ്രക്ഷോഭം നടക്കുന്നത്. ഷഹറാൻപുർ, ദിയൂബന്ദ്, ഷംലി, മുസഫർ നഗർ, മീറത്ത്, ഗാസിയാബാദ്, ഹാപുർ, സാംബൽ, അലീഗഢ്, ബഹ്‌റൈച്, ഫിറോസാബാദ്, കാൻപുർ, ബഡോഹി, ഗോരഖ്പുർ എന്നിവടങ്ങളിലെല്ലാം പ്രക്ഷോഭകർ തെരുവിലാണ്.
അതേസമയം, ഉത്തർപ്രദേശിൽ പ്രതിഷേധക്കാർക്ക് നേരെ പോലീസ് വെടിയുതിർട്ടില്ലെന്നാണ് ഡി.ജി.പി ഒ.പി സിംഗ് പറഞ്ഞത്. എന്നാൽ, മീററ്റിൽ കൊല്ലപ്പെട്ട അഞ്ചു പേർക്കും വെടിയേറ്റിരുന്നു എന്ന് ഡോക്ടർമാർ പറഞ്ഞു. തൃണമൂൽ കോൺഗ്രസ് പ്രതിനിധി സംഘം ലഖ്‌നൗവിൽ സന്ദർശനം നടത്തി. ബിഹാറിൽ പൗരത്വനിയമത്തിനെതിരെ ആർ.ജെ.ഡിയുടെ നേതൃത്വത്തിൽ ബന്ദ് നടക്കുകയാണ്. തമിഴ്‌നാട്ടിൽ ഇരുന്നൂറോളം വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിന് പുറമെ, അസം, മധ്യപ്രദേശ്, ഗുജറാത്ത്, ആന്ധ്രപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും പ്രതിഷേധം തുടരുകയാണ്. ഇന്ത്യാ ഗേറ്റിന് മുന്നിൽ ഇന്നലെയും വിദ്യാർത്ഥികളും അധ്യാപകരും പൗരത്വനിയമത്തിനെതിരെ പ്രതിഷേധവുമായി ഒത്തുകൂടി.
പൗരത്വ ഭേദഗതി നിയമത്തിനും പൗരത്വ രജിസ്റ്ററിനുമെതിരെ കോൺഗ്രസ് തിങ്കളാഴ്ച രണ്ടു മണി മുതൽ എട്ടു വരെ രാജ്ഘട്ടിൽ ധർണ നടത്തും. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ധർണയിൽ പങ്കെടുക്കും. രാജ്യത്തൊട്ടാകെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ പ്രതിഷേധം നടക്കുമ്പോളും കോൺഗ്രസും രാഹുൽ ഗാന്ധിയും സജീവമല്ലെന്ന വിമർശനം ഉയർന്നിരുന്നു. ദക്ഷിണ കൊറിയയിൽ സന്ദർശത്തിലായിരുന്നു രാഹുൽ. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ ഇന്ത്യാഗേറ്റിന് മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തിയിരുന്നു.
ദൽഹിയിൽ ഇന്നലെയും വിവിധ ഇടങ്ങളിൽ പ്രതിഷേധം തുടരുകയാണ്. ജാമിഅ മില്ലിയ സർവകലാശാലയിലെ വിദ്യാർഥികൾ കാമ്പസിനു പുറത്തു പ്രതിഷേധിച്ചു. ചാണക്യപുരിയിൽ പ്രതിഷേധത്തിനിറങ്ങിയ നാലു വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു. ജാമിഅയിൽ വിദ്യാർഥികൾ കാമ്പസിനു പുറത്തു നടത്തിയ പ്രതിഷേധത്തിൽ ദൽഹിയിലെ അഭിഭാഷകരും ചേർന്നു.
ഒരു പകൽ മുഴുവനും ദൽഹി പോലീസിനെ വട്ടം കറക്കി ഒടുവിൽ കീഴടങ്ങിയ ചന്ദ്രശേഖർ ആസാദിനെ പതിനാലു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ജുമ മസ്ജിദിന്റെ കൽപടവുകളിൽ സമരക്കാർക്ക് നടുവിൽ ഒരു പകലും രാത്രിയും ഒപ്പമിരുന്നു പ്രതിഷേധിച്ച ശേഷമാണ് ആസാദ് കീഴടങ്ങിയത്. ഇതൊരു വലിയ പോരാട്ടമാണ്. ഈ പോരാട്ടം മുസ്‌ലിംകൾക്ക് വേണ്ടി മാത്രമല്ല. എല്ലാവർക്കും വേണ്ടിയുള്ളതാണ്. ഈ പോരാട്ടം തളർന്നു പോകാൻ അനുവദിക്കില്ലെന്നും കീഴടങ്ങുന്നതിന് മുമ്പായി ചന്ദ്രശേഖർ പറഞ്ഞു. ഒരു തരത്തിലുള്ള അക്രമങ്ങളെയും പ്രോത്സാഹിപ്പിക്കുന്നില്ല. സമാധാനത്തോടെയുള്ള സമരം തുടരാനും ആസാദ് ആഹ്വാനം ചെയ്തു.
അറസ്റ്റിന് ശേഷം ഇന്നലെ വൈകുന്നേരം ഏഴു മണിയായിട്ടും ചന്ദ്രശേഖറെ പോലീസ് കോടതിയിൽ ഹാജരാക്കിയിരുന്നില്ല. ആസാദ് ജീവനോടെ ഉണ്ടോ എന്നു പോലും ഉറപ്പില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ ചൂണ്ടിക്കാട്ടിയപ്പോൾ 24 മണിക്കൂറിനുള്ളിൽ ഹാജരാക്കുമെന്നായിരുന്നു പോലീസിന്റെ മറുപടി. തുടർന്ന് ചന്ദ്രശേഖറിന്റെ ജാമ്യാപേക്ഷ നിരസിച്ച കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയായിരുന്നു. ജാമ്യാപേക്ഷയിൽ വാദം കേൾക്കവേ കോടതിക്കുള്ളിൽ മാധ്യമപ്രവ്രർത്തകർക്കു പ്രവേശനം നിഷേധിച്ചിരുന്നു.
ദൽഹി ഗേറ്റിൽ നടന്ന പ്രതിഷേധത്തിനിടെ പ്രകോപനപരമായി പ്രസംഗിച്ചു എന്നാണ് ചന്ദ്രശേഖറിനെതിരെയുള്ള എഫ്.ഐ.ആറിൽ പറയുന്നത്. എന്നാൽ, ആ സമയത്ത് ചന്ദ്രശേഖർ അവിടെ ഇല്ലായിരുന്നു. എഫ്.ഐ.ആറിൽ പറയുന്ന കാര്യങ്ങളിൽ തനിക്ക് ഒരു പങ്കുമില്ല. വമ്പൻ പ്രതിഷേധം നടത്തും എന്നു പറഞ്ഞ് പോലീസിനെ ഭീഷണിപ്പെടുത്തിയെന്ന് പോലീസ് ആരോപിക്കുന്നുവെന്നും ചന്ദ്രശേഖർ പ്രതികരിച്ചു. ഞാൻ ഭരണഘടന കൈയിലേന്തിനിന്നാണ് പ്രതിഷേധിച്ചത്. ഭരണഘടനയെ സംരക്ഷിക്കാൻ ശ്രമിക്കുന്നത് അക്രമത്തിന് ആഹ്വാനം നൽകുന്നതാണോ. അങ്ങനെയെങ്കിൽ ഭരണഘടനയെ സംരക്ഷിക്കുക എന്നത് ഭരണഘടനാപരമായ കടമയായി കാണുന്ന ഈ രാജ്യം മുഴുവൻ കുറ്റക്കാരായിരിക്കുമല്ലോ എന്നും ചന്ദ്രശേഖർ ആസാദ് ചോദിച്ചു.
പ്രകോപനപരമായി പ്രസംഗം നടത്തുന്ന വീഡിയോ ദൃശ്യമോ മറ്റു തെളിവുകളോ പോലീസിന് ഹാജരാക്കാനായിട്ടില്ല. ജുമ മസ്ജിദിനും ദൽഹി ഗേറ്റിനും ഇടയിൽ രണ്ടു കിലോമീറ്റർ ദൂരമുണ്ട്. വെള്ളിയാഴ്ച ദരിയ ഗഞ്ചിലോ ദൽഹി ഗേറ്റിലോ പോയിട്ടില്ല. പോലീസ് ബാരിക്കേഡ് തകർത്തതിലോ തുടർന്നുണ്ടായ പ്രതിഷേധത്തിലോ ഒരു പങ്കുമില്ല. പോലീസ് പറയുന്നതെല്ലാം ആരോപണമാണ്. നിയമ വിരുദ്ധമായാണ് തന്നെ തടവിൽ വെച്ചിരിക്കുന്നതെന്നും ആസാദ് പറഞ്ഞു.
ദൽഹി സീമാപുരിയിലും ദരിയഗഞ്ചിലുമായി നടന്ന പ്രതിഷേധത്തിനിടെ പോലീസ് അറസ്റ്റ് ചെയ്തവരെ ഇന്നലെ കോടതിയിൽ ഹാജരാക്കി. കുട്ടികളെ അറസ്റ്റ് ചെയ്തത് കടുത്ത നിയമലംഘനമാണെന്ന് മെട്രോപോളിറ്റൻ മജിസ്‌ട്രേറ്റ് വിമർശിച്ചതിനെ തുടർന്ന് കുട്ടികളെ വിട്ടയച്ചു. ദരിയാഗഞ്ചിൽ നടന്ന പ്രതിഷേധം അക്രമത്തിലേക്ക് വഴിമാറിയപ്പോൾ ഡി.സി.പി രോഹിത് രാജ്ബീർ സിംഗ് ഉൾപ്പടെ ഉദ്യോഗസ്ഥർക്കും പരിക്കേറ്റു എന്നാണ് പോലീസ് പറയുന്നത്. സീമാപുരിയിൽനിന്ന് അറസ്റ്റിലായ പതിനൊന്നു പേരെ കോടതി 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ദരിയാഗഞ്ചിൽ നിന്ന് 15 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവരെയും 14 ദിവസത്തെ കസ്റ്റഡിയിൽ വിട്ടു കിട്ടണമെന്നാണ് പോലീസ് ആവശ്യപ്പെട്ടത്.
പോലീസ് സ്‌റ്റേഷന് പുറത്ത് കാറിന് തീയിട്ടു എന്നതാണ് ഇവർക്കെതിരേയുള്ള ആരോപണം. പൊതു മുതൽ നശിപ്പിച്ചു, സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചു എന്നിവയാണ് ഇവർക്ക് മേൽ ചുമത്തിയിരിക്കുന്ന കുറ്റം. മൂന്നു മുതൽ അഞ്ചു വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. എന്നാൽ, അറസ്റ്റിലായവർ എല്ലാം കൂലിപ്പണിക്കാരാണെന്നും ഇവർ ജുമ മസ്ജിദിൽ നമസ്‌കരിക്കാനായി എത്തിയതാണെന്നും ഇവർക്ക് വേണ്ടി ഹാജരായ അഭിഭാഷക റബേക്ക ജോൺ വാദിച്ചു. പ്രതിഷേധക്കാരെ ജയിലിൽ ഇടുക എന്ന് മാത്രമാണ് പോലീസിന്റെ ഉദ്ദേശം. ജനാധിപത്യത്തിൽ പ്രതിഷേധിക്കാനുള്ള അവകാശമാണ് നിഷേധിക്കപ്പെടുന്നത്. അറസ്റ്റിലായ 15 പേർക്ക് പരസ്പരം അറിയുക പോലുമില്ലെന്നും അഭിഭാഷക ചൂണ്ടിക്കാട്ടി. എന്നാൽ, കോടതി ഇവരെ രണ്ടു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയാണ് ചെയ്തത്.
സംഘർഷവും രണ്ടു പേരുടെ മരണത്തിന് ഇടയാക്കിയ വെടിവെപ്പും ഉണ്ടായ മംഗളൂരുവിൽ കർഫ്യൂവിൽ ഇളവ് വരുത്തി. മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ മംഗളൂരുവിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് ശേഷമാണ് കർഫ്യൂവിൽ മൂന്നുമണിക്കൂർ ഇളവുവരുത്താൻ തീരുമാനിച്ചത്. വെടിവെപ്പുണ്ടായ മംഗളൂരു ബന്തറിലെ സംഭവ സ്ഥലം സന്ദർശിച്ച ശേഷം ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലും മുഖ്യമന്ത്രി പങ്കെടുത്തു. വൈകുന്നേരം മൂന്നു മണി മുതൽ ആറുവരെയാണ് കർഫ്യൂവിൽ ഇളവ് വരുത്തിത്. ഇന്ന് രാവിലെയും ഇളവ് നൽകും. വെടിവെപ്പിൽ രണ്ടു പേർ കൊല്ലപ്പെട്ട അ രണ്ടു പേർ കൊല്ലപ്പെട്ടതിനെക്കുറിച്ചും മംഗളൂരുവിൽ മലയാളി മാധ്യമ പ്രവർത്തകരെ തടഞ്ഞു വെച്ചതിനെ കുറിച്ചും അന്വേഷണം നടത്തും. സംഭവത്തെക്കുറിച്ച് ജുഡീഷ്യൽ അന്വേഷണം വേണമെന്നും യോഗത്തിൽ ആവശ്യമുയർന്നിരുന്നു. പ്രതിപക്ഷ കക്ഷി നേതാക്കളും ഈ ആവശ്യം മുഖ്യമന്ത്രിയോട് ഉന്നയിച്ചു. അതിനിടെ മംഗളൂരുവിൽ പൗരത്വ ബില്ലിനെതിരെയും പോലീസ് നടപടിക്കെതിരേയും പരസ്യമായി പ്രതിഷേധം പ്രകടിപ്പിച്ച സി.പി.ഐ ദേശീയ കൗൺസിൽ അംഗം ബിനോയ് വിശ്വം എം.പിയെയും പ്രവർത്തകരെയും പോലീസ് കസ്റ്റഡിയിലെടുത്തു. മംഗളൂരു പമ്പ് വെൽ സർക്കിളിന് അടുത്താണ് ബിനോയ് വിശ്വം കൊടികളും പ്ലക്കാർഡുകളുമേന്തി പ്രതിഷേധം പ്രകടിപ്പിച്ചത്. കർഫ്യൂ ലംഘിച്ചതിനാണ് ബിനോയ് വിശ്വത്തെ കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് വെളിപ്പെടുത്തി. മണിക്കൂറുകൾക്ക് ശേഷം വിട്ടയച്ച ബിനോയ് വിശ്വത്തെ കർണാടക പോലീസ് ഇന്നലെ വൈകുന്നേരത്തോടെ മഞ്ചേശ്വരം പോലീസ് സ്റ്റേഷനിലെത്തിച്ചു. രണ്ട് പോലീസ് വാഹനങ്ങളിലാണ് സി.പി.ഐ നേതാക്കളെ മഞ്ചേശ്വരത്ത് എത്തിച്ചത്.