ബംഗളൂരു- പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് വെടിവെപ്പില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ട മംഗളൂരുവിലെ കുഴപ്പങ്ങള്‍ക്കു കാരണം കേരളത്തില്‍ നിന്നുള്ളവരാണെന്ന് കുറ്റപ്പെടുത്തി കര്‍ണാടക ആഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മയ്യ. അയല്‍ സംസ്ഥാനമായ കേരളത്തില്‍ നിന്നുള്ളവരാണ് മംഗളൂരുവില്‍ അക്രമങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ബസവരാജ് ആരോപിച്ചു.
പ്രതിഷേധ പരിപാടികളില്‍ പങ്കെടുക്കാന്‍ കേരളത്തില്‍ നിന്നു വന്നവര്‍ പോലീസ് സ്റ്റേഷന് തീയിടാനും പൊതുമുതല്‍ നശിപ്പിക്കാനും ശ്രമിച്ചു. ജനക്കൂട്ടത്തെ നിയന്ത്രിക്കാന്‍ പോലീസിന് ഇടപെടേണ്ടി വന്നു. കേരളത്തില്‍ നിന്നുവന്ന ചിലര്‍ മംഗളൂരുവില്‍ പ്രതിഷേധിച്ചിരുന്ന വിദ്യാര്‍ഥികളെ തെറ്റിദ്ധരിപ്പിക്കുകയും അക്രമം സൃഷ്ടിക്കുകയും ചെയ്തു. ഇവര്‍ക്കെതിരെ കര്‍ണാടക സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിക്കും- ആഭ്യന്തര മന്ത്രി പറഞ്ഞു.
ദക്ഷിണ കര്‍ണാടകയിലും മംഗളൂരുവിലും അതീവ ജാഗ്രതാ നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. 48 മണിക്കൂര്‍ നേരത്തെക്ക് ഇന്റര്‍നെറ്റ് സൗകര്യം റദ്ദാക്കിയിട്ടുണ്ട്. മംഗളൂരു കമ്മീഷണറേറ്റ് പരിധിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുമുണ്ട്.