Sorry, you need to enable JavaScript to visit this website.

ഊബര്‍ ഡ്രൈവര്‍മാര്‍ ഇനി വീട്ടുജോലിയും ചെയ്യും

ഷിക്കാഗോ-ഓണ്‍ലൈന്‍ ടാക്‌സി ശൃംഖലയില്‍ പടര്‍ന്നുപന്തലിച്ച ഊബര്‍ ടെക്‌നോളജീസി ഐഎന്‍സിയോട് ലാഭം മുഴുവന്‍ ഒറ്റയ്ക്ക് വിഴുങ്ങാതെ ഡ്രൈവര്‍മാര്‍ക്ക് നേട്ടം കൈമാറണമെന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള സര്‍ക്കാരുകള്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇതൊന്നും ശ്രദ്ധിക്കാതെ ഊബര്‍ തങ്ങളുടെ സാമ്പത്തിക മോഡല്‍ മറ്റ് ജോലികളിലേക്കും വ്യാപിപ്പിക്കുകയാണ്.
ഷിക്കാഗോയില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഊബര്‍ പദ്ധതി നടപ്പാക്കാന്‍ ഒരുങ്ങുകയാണെന്ന് പ്രഖ്യാപനം വന്നുകഴിഞ്ഞു. ഊബര്‍ വര്‍ക്‌സ് എന്നുപേരിട്ട പദ്ധതിയില്‍ ഇടത്തരം ജോലികള്‍ക്ക് ആവശ്യമുള്ളവരെ എത്തിക്കുകയാണ് ലക്ഷ്യം. ഹോസ്പിറ്റാലിറ്റി, ഈവന്റുകള്‍, ചെറുകിട മേഖലകള്‍, വീടുകള്‍ എന്നിവയ്ക്കാണ് ഉബര്‍ വര്‍ക്‌സ് ജോലിക്കാരെ എത്തിക്കുക. മയാമിയിലും ഊബര്‍ വര്‍ക്‌സ് ലഭ്യമാക്കും.
ഇതിന്റെ ഭാഗമായി കൂടുതല്‍ ഡ്രൈവര്‍മാരെ ക്ഷണിക്കുന്നതായി ഊബര്‍ വര്‍ക്‌സ് സിഇഒ ആന്‍ഡ്രെ ലിസ്‌കോവിച്ച് വ്യക്തമാക്കി. പുസ്തകം വിറ്റുടുങ്ങിയ ആമസോണ്‍ ഇന്ന് ലോകത്തില്‍ ലഭ്യമായ എല്ലാ വസ്തുക്കളും വില്‍ക്കുന്ന അതേ മോഡലാണ് ഊബര്‍ പിന്തുടരുന്നത്. കാര്‍ ബുക്കിംഗ് സര്‍വ്വീസ് പലയിടങ്ങളിലും സുരക്ഷാ പ്രശ്‌നങ്ങളായി മാറുന്നത് മൂലം ഉബര്‍ ഓഹരികള്‍ തകര്‍ച്ച നേരിടുകയാണ്.ഇതോടെയാണ് ഊബര്‍ ഈറ്റ്‌സ് മാതൃകയില്‍ സേവനങ്ങള്‍ വ്യാപിപ്പിക്കുന്നത്. വീട്ടില്‍ തുണി അലക്കാനും, ഭക്ഷണം പാകം ചെയ്യാനും, വൃത്തിയാക്കാനും വരെ ഊബര്‍ ആളെ എത്തിക്കുമെന്നാണ് വ്യക്തമാകുന്നത്.

Latest News